Mathrubhumi Logo
  adoor bhavani

മലയാളത്തിന്റെ ചക്കി

Posted on: 26 Oct 2009

ഷൂട്ടിംഗ് കാണാന്‍ പോയി, സിനിമയിലെത്തിയ നടിയാണ് അടൂര്‍ ഭവാനി. പിന്നീട് കേരളക്കര അവരെ വെള്ളിത്തിരയിലും നാടകത്തട്ടിലും നിറഞ്ഞുകണ്ടു. രാമുകാര്യാട്ടിന്റെ പ്രശസ്തചിത്രമായ 'ചെമ്മീനി'ലെ 'ചക്കി' അടക്കം ഒട്ടേറെ കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കി. എങ്കിലും 'ചെമ്മീനി'ന്റെ ഓര്‍മ്മയില്‍ മലയാളം ഭവാനിയെ 'ചക്കീ...'യെന്ന് നീട്ടിവിളിച്ചു.
1940 കളുടെ അവസാനം. അനുജത്തി പങ്കജം അന്നേ സിനിമയില്‍ പ്രശസ്തയായിക്കഴിഞ്ഞിരുന്നു. ഒരുനാള്‍, പങ്കജത്തോടൊപ്പം അവര്‍ പാപ്പാസ്വാമിയുടെ 'പ്രേമലേഖ'യുടെ സെറ്റില്‍പോയി. പങ്കജം അഭിനയിക്കുമ്പോള്‍, ഭവാനി കണ്ടുനിന്നു. അവിടെവച്ച് ഭവാനി, തിക്കുറിശ്ശിയുടെ കണ്ണില്‍പ്പെട്ടു.

തിക്കുറിശ്ശി സംവിധാനം ചെയ്ത 'ശരിയോ തെറ്റോ' എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു ജീവിതത്തിലെ അടുത്തരംഗം. അന്നും പങ്കജത്തിന് ഭവാനി കൂട്ടുപോയി. ഷൂട്ടിംഗ് നടക്കുന്നതിനിടെ പെട്ടെന്ന് തിക്കുറിശ്ശി വന്ന് ഭവാനിയെ മേക്കപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച്, മേക്കപ്പ്മാന്‍ തന്റെ മുഖത്ത് ചായം തേച്ചപ്പോള്‍ ഭവാനി അമ്പരന്നു. ഒട്ടും പ്രതീക്ഷിക്കാതെ അവര്‍ സിനിമയിലെത്തുകയായിരുന്നു.

പിന്നീട് മനക്കര ഗോപാലപിള്ളയാശാന്റെ 'വേലുത്തമ്പിദളവ'യെന്ന നാടകത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കൊപ്പം അമ്മവേഷത്തില്‍ എത്തി. തുടര്‍ന്നാണ് കെ.പി.എ.സി.യില്‍ ചേരാന്‍ അവസരം ലഭിക്കുന്നത്. അന്നവര്‍ക്ക് വയസ്സ് ഇരുപത്തൊന്ന്. കെ.പി.എ.സി.യുടെ മൂലധനം, അശ്വമേധം, തുലാഭാരം, മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം എന്നീ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.
മൂലധനം കെ.പി.എ.സി. അവതരിപ്പിച്ചപ്പോള്‍ നായികയായ ശാരദയായി ഭവാനിയും നായകനായ രവിയായി സി.ജി. ഗോപിനാഥും വേഷമിട്ടു. പ്രശസ്തരായ സുലോചനയും ലീലയും സമിതിയിലുണ്ടായിരിക്കെയാണ് ഭവാനിക്ക് ഈ ഭാഗ്യം സിദ്ധിച്ചത്. 'മുടിയനായ പുത്രനി'ലെയും 'യുദ്ധകാണ്ഡ'ത്തിലെയും അമ്മ വേഷങ്ങള്‍, 'കൂട്ടുകുടുംബ'ത്തിലെ കാര്‍ത്ത്യായനിയമ്മ എന്നിവ ഭവാനിയുടെ പ്രധാന വേഷങ്ങളാണ്. മുടിയനായ പുത്രന്‍, കൂട്ടുകുടുംബം എന്നിവ സിനിമയാക്കിയപ്പോള്‍ ആ വേഷങ്ങള്‍ ഭവാനി കൈകാര്യം ചെയ്തു. 'തുലാഭാരം' സിനിമയാക്കിയപ്പോള്‍ രാമുവിന്റെ അമ്മയായി ഭവാനി അഭിനയിച്ചു.
കെ.പി.എ.സി.യില്‍ അഭിനയിച്ചുകൊണ്ടിരിക്കെ 'ചന്ദ്രതാര പ്രൊഡക്ഷന്‍സി'ന്റെ 'മൂടുപടം' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഭവാനിക്ക് അവസരം കിട്ടി.

പിന്നീട് തിരക്കിന്റെ നാളുകള്‍. 'കള്ളിച്ചെല്ലമ്മ', 'കടല്‍പ്പാലം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1969ല്‍ സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി.
'ചെമ്മീനില്‍' അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഭവാനി ഗര്‍ഭിണിയായിരുന്നു. അവര്‍ക്കുവേണ്ടിമാത്രം ഷൂട്ടിങ് നീട്ടിവച്ചു.പ്രസവംകഴിഞ്ഞ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.
ആറു പതിറ്റാണ്ടുകള്‍. നാനൂറിലേറെ സിനിമകള്‍.... 'മാര്‍ക്ക് ആന്റണി', 'കണ്ണാടിക്കടവത്ത്', 'ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്', കോട്ടയം കുഞ്ഞച്ചന്‍... പില്‍ക്കാലചിത്രങ്ങള്‍ അങ്ങനെ നീണ്ടു.
അടൂര്‍ പങ്കജവുമായി ചേര്‍ന്ന് 'ജയാ തീയേറ്റേഴ്‌സ്' തുടങ്ങാന്‍ ഭവാനി മുന്‍കൈയെടുത്തെങ്കിലും 'പരിത്രാണായാം', 'പാംസുല', 'രംഗപൂജ', 'പാശുപതാസ്ത്രം' എന്നീ നാടകങ്ങളില്‍ അഭിനയിച്ചശേഷം അവര്‍ പിരിഞ്ഞു. പിന്നീട്, 1980ല്‍ ഭവാനി 'അടൂര്‍ മാതാ തീയേറ്റേഴ്‌സ്' തുടങ്ങി. മൂന്നുവര്‍ഷത്തോളം മാത്രം നിലനിന്ന ആ സമിതി 'പീനല്‍ കോഡ്', ചക്രവര്‍ത്തിനി', 'പാഠം ഒന്ന്, അന്യായം' എന്നീ നാടകങ്ങള്‍ കളിച്ചു. ഇവയില്‍ 'ചക്രവര്‍ത്തിനി' മാത്രമേ അധികം വേദികളിലെത്തിയുള്ളൂ. നാടകസമിതി ഭവാനിക്ക് വന്‍ നഷ്ടമുണ്ടാക്കി. കിട്ടാനുള്ള പണം പലരില്‍ നിന്നും തിരിച്ചുകിട്ടിയില്ല. കൂടെനിന്ന പലരും പറ്റിച്ചു. അങ്ങനെ 'മാതാ തീയേറ്റേഴ്‌സ്' അല്പായുസ്സായി. നാടകസമിതി നിര്‍ത്തിയശേഷം മറ്റു സമിതിക്കാര്‍ അഭിനയിക്കാനായി ഭവാനിയെ ക്ഷണിച്ചെങ്കിലും പോയില്ല. പിന്നെ, സിനിമയില്‍ കിട്ടിയ റോളുകള്‍ കൊണ്ടാണ് ജീവിതം മുന്നോട്ടു നീക്കിയത്.





adoorbhavbi ganangal
adoor_bhavani_photos
adoor_bhavani_photos

ഓര്‍മയില്‍ ഇവര്‍

Discuss