ഹാസ്യത്തിന്റെ മേലങ്കിയിട്ട വേഷങ്ങള്‍
Posted on: 25 Oct 2009

'ഒരു സി.ബി.ഐ ഡയറിക്കുറുപ്പി'ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ ചെവി കേള്‍ക്കില്ലെന്ന് ഭാവിക്കുന്ന വേലക്കാരിയെ ആരെങ്കിലും മറക്കുമെന്ന് തോന്നുന്നില്ല. അതുപോലെത്തന്നെ 'ഹിറ്റ്‌ലറി'ലെ മാധവന്‍കുട്ടിയുടെ ഇരട്ടപ്പേര് മറന്നുപോവുകയും സംശയനിവാരണത്തിനായി മാധവന്‍കുട്ടിയെത്തന്നെ സമീപിക്കുകയും ചെയ്യുമ്പോള്‍ പ്രക്ഷകരെ ആരും ഇക്കിളികൂട്ടി ചിരിപ്പിക്കേണ്ടിവന്നിട്ടില്ല. 'വാര്‍ധക്യപുരാണ'ത്തിലെ നാടകനടിയുടെ മുത്തശ്ശിയായ 'കടാപ്രംകാരി തള്ള'യും പ്രക്ഷകരെ ആയാസരഹിതമായി ചരിപ്പിച്ച കഥാപാത്രമാണ്. ഇങ്ങിനെ ചിരിയുടെ മേലാപ്പുകളെ വാരിപ്പുണരുമ്പോഴും ആ കഥാപാത്രങ്ങളുടെ നിസ്സഹായതയും ശുണ്ഠിയുമെല്ലാം സ്വാഭാവികമായ അഭിനയത്തിലൂടെ ഫലിപ്പിക്കാന്‍ അടൂര്‍ ഭവാനിയ്ക്ക് കഴിഞ്ഞിരുന്നു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിലെ നായകകഥാപാത്രത്തിന്റെ അമ്മ സ്വന്തം ഭര്‍ത്താവിന്റെ പാത പിന്തുടരുന്ന മകന്‍ 'ഒന്നിനുംകൊള്ളാത്ത' രാഷ്ട്രീയത്തില്‍ പയറ്റുന്നത് അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കുമ്പോഴും ആദര്‍ശങ്ങളും കുടുംബബന്ധങ്ങളും കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. 'ഭാഗ്യവാന്‍' എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ അമ്മ നിരുത്തരവാദിയായ മകനെയോര്‍ത്ത് ഏറെ അസ്വസ്ഥതകളനുഭവിക്കുന്നുണ്ട്.
അടൂര്‍ ഭവാനിയെ തലമുറകള്‍ ഓര്‍ക്കുക തന്നെ നാട്ടിന്‍പുറത്തെ സാധാരണക്കാരിയായ ഒരു കാരണവത്തിയായാണ്. അവരുടെ ജീവിത പരിസരങ്ങളില്‍ നിന്ന് എളുപ്പം അവര്‍ക്ക് ഭവാനിയുടെ കഥാപാത്രങ്ങളെ കണ്ടെത്താന്‍ കഴിയുമ്പോള്‍ അഭിനയം ജീവതിമായിത്തന്നെ മാറുകയാണ് ചെയ്തത്. സിനിമയില്‍ അവരുടെ കഥാപാത്രം രംഗത്ത് വരുമ്പോള്‍ ഇവര്‍ ഏറെ ദൂരെയൊന്നുമല്ല, അടുത്ത്, നാട്ടിലെ നാണിയോ, പാറുവോ, മാധവിയോ, കൊച്ചുത്രേസ്യയോ ഒക്കെയായി പ്രേക്ഷകര്‍ അവരിലേയ്ക്ക് ലയിക്കുകയാണ് പതിവ്.
ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ സ്വാംശീകരിച്ചവയായിരുന്നു അടൂര്‍ ഭവാനിയുടെ കഥാപാത്രങ്ങള്‍. അതില്‍ മിക്കപ്പോഴും ഹാസ്യത്തിന്റെ ഒരു കൈവഴി അവര്‍ വിളക്കിച്ചേര്‍ത്തിരുന്നു. അനുഭവങ്ങളുടെ തീഷ്ണത ആ കഥാപാത്രങ്ങളെ പലപ്പോഴും ക്ഷീണിതയാക്കിയിരുന്നെങ്കിലും ജീവിതത്തിന്റെ ചൈതന്യം നഷ്ടപ്പെടുത്തിയിരുന്നില്ല. ഒരുപക്ഷേ ജീവിതം തനിക്ക് സമ്മാനിച്ച വേദനകളെ മറികടക്കാന്‍ ഭവാനി മന:പ്പൂര്‍വം കണ്ടെത്തിയതായിരിക്കാം ഹാസ്യത്തിന്റെ ഈ മേലാപ്പ്.