റൊമാന്റിക് റൂം

Posted on: 15 Feb 2014



പ്രണയം പൂത്ത് നില്‍ക്കുന്ന ഒരു ദിനം. ഒരിക്കലെങ്കിലും പ്രണയത്തിനായി മനസ്സും ശരീരവും പണയം വയ്ക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയത്തിന് മാത്രമായെത്തുന്ന ഒരു ദിവസത്തില്‍ അടിമുടി വാലന്റൈന്‍ തീമില്‍ വീടുകള്‍ തുടിച്ചിരുന്നെങ്കിലോ......'മെഴുകുതിരിയായി ഉരുകാനിനിയും പ്രണയം മനസ്സിലൂണ്ടോ'യെന്ന 'വിണ്ണൈതാണ്ടി വരുവായ' ചിത്രത്തിലെ വരികള്‍ കടമെടുത്തുകൊണ്ട് കാന്‍ഡിലുകളില്‍ തന്നെ തുടങ്ങാം. വാലന്റൈന്‍സ് ഡെ സ്‌പെഷല്‍ മെഴുകുതിരിയാണ് ഹോം ഡെക്കര്‍ ഷോപ്പുകളിലെ പുത്തന്‍ ട്രെന്‍ഡ്. കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ പ്രണയം തുറന്നുപറയുന്ന സീനുകള്‍ സിനിമകളില്‍ മാത്രമല്ല യഥാര്‍ത്ത ജീവിതത്തിലും പരീക്ഷിക്കാത്തവരുണ്ടാകില്ല. പൂക്കള്‍ക്കും മെഴുകുതിരികള്‍ക്കും പ്രണയത്തിന്റെ തുടിപ്പ് വല്ലാതെ നല്‍കാനാകും. വിവിധ നിറങ്ങളില്‍ സുഗന്ധമുള്ള മെഴുകുതിരികള്‍ വിപണിയിലുണ്ട്.

കൂടാതെ സോളാ വുഡ്ഡിലും മറ്റും മെനഞ്ഞ ഡ്രൈ ഫ്ലവര്‍ സറ്റിക്കുകളും ഇപ്പോള്‍ പ്രിയമുള്ളവരുണ്ട്. ഇവയിട്ട് വയ്ക്കാന്‍ പലതരം ഫ്ലവര്‍ വേസുകളും പുതുമയാണ്. ഇവയ്ക്കു പുറമെ ഹൃദയാകൃതിയുള്ള അലങ്കാരവസ്തുക്കള്‍ ചുവരില്‍ തൂക്കിയിടുന്നതും ഷോകേസില്‍ സ്ഥാനമുറപ്പിക്കുന്നതും ലൗ മൂഡ് വരുത്തും. ചുവപ്പും പിങ്ക് നിറമുള്ളതുമാണ് ഏറെ ഇതിനായി ഉപയോഗിക്കുക. പ്രണയനിമിഷങ്ങളെ ചിത്രീകിരിക്കുന്ന ഫോട്ടോ ഫ്രെയിമുകളില്‍ പങ്കാളികള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ തിരുകിയാല്‍ ഡബിള്‍ ഓകെ.

ബെഡ്‌റൂം മനോഹരമായി അലങ്കരിക്കാന്‍ ലൈറ്റുകളില്‍ തന്നെയാകാം ആദ്യം ശ്രദ്ധ. അരണ്ടവെട്ടമാണ് റൊമാന്റിക് മൂഡിന് നല്ലത്. പലനിറമുള്ളതും ചെറിയ പ്രകാശം പരത്തുന്നതുമായ എല്‍.ഇ.ഡി ലൈറ്റുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കിടക്കക്കും തലയിണയ്ക്കും പ്രണയം സൂചിപ്പിക്കുന്ന തരത്തിലുള്ള വിരികളും കവറുകളും നല്‍കിയാല്‍ റൊമാന്റിക് റൂം സ്‌കേപ് തന്നെയാക്കാം. നിറയെ ചുവപ്പ് പിങ്ക് പൂക്കളുള്ളവിരികള്‍, കാറ്റില്‍ പറക്കുന്ന കനം കുറഞ്ഞ ജനല്‍വിരികള്‍ ഇവയൊക്കെയായാല്‍ രാവിലെ ഉണരുന്ന പങ്കാളിക്ക് നല്ലൊരു സര്‍പ്രൈസ് സമ്മാനം തന്നെയായി വീടിനെ മാറ്റിയെടുക്കാം.



Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.