രണ്ടാഴ്ചകൊണ്ട് ഒരു തടിവീട്‌

Posted on: 06 Feb 2014


കെ.പി. ഷൗക്കത്തലി, ചിത്രങ്ങള്‍ : സിദ്ദിക്കുല്‍ അക്ബര്‍




പുഴയോരത്ത് മരത്തണല്‍ പോലെ ഒരു വീട്... കോണിപ്പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ തന്നെ കാലില്‍ സുഖമുള്ള തണുപ്പ് . പൂമുഖം കടന്ന് ഡൈനിങ് റൂമിലെ കസേരയില്‍ അല്‍പ്പമൊന്നിരുന്നപ്പോള്‍ പുഴ കടന്ന് മരങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റുവന്ന് തലോടി. ആരും അറിയാതെ പറഞ്ഞുപോകും: 'എന്തു സുഖമാണീ വീട്...' ചുട്ടുപൊള്ളുന്ന നഗരത്തില്‍ നിന്ന് ഒരു ഗോവണി മാത്രമേ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും മറ്റെവിടെയോ എത്തിയ പോലെ. അകത്തളത്തിന്റെ ഭംഗിയുള്ള കാഴ്ചകളിലുടെ കണ്ണോടിച്ചപ്പോഴാണ് വീട്ടുകാരനായ ജോര്‍ജ് തോമസ് പറയുന്നത്: 'സുഖമുള്ള കുളിരു മാത്രമല്ല, മലയാളികള്‍ക്ക് അത്രയേറെ പരിചിതമല്ലാത്ത ഒരുപാട് സവിശേഷതകളുണ്ട് പൂര്‍ണമായി മരത്തില്‍ തീര്‍ത്ത ഈ വീടിന് എന്ന്.

രണ്ടാഴ്ച കൊണ്ടാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ പാലാക്കാരന്‍ ജോര്‍ജ് തോമസ് ചളിക്കവട്ടം പുളിയമ്പിള്ളി ക്ഷേത്രത്തിന് അടുത്ത്, കണിയാമ്പുഴയുടെ ഓരത്തായി ഈ വീട് പണിതത്. രണ്ടാഴ്ചയേ സമയമെടുത്തുള്ളൂ എങ്കിലും ഒരു വലിയ വീടിന്റെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. നഗരത്തില്‍ 1200 ചതുരശ്രയടിയില്‍ ഒരു സാധാരണ വീട് പണിയുന്ന തുക പോലും ചെലവായതുമില്ല. 20 ലക്ഷം രൂപയാണ് മുടക്ക്.

വിശാലമായ രണ്ട് കിടപ്പുമുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, പോര്‍ട്ടിക്കോ... ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ബാത്ത് റൂമിന്റെ തറ ഒഴികെ ബാക്കിയെല്ലായിടത്തും മരം മാത്രം. കൊച്ചി ഉപേക്ഷിച്ച് പാലായ്ക്ക് പോവണമെന്ന് തോന്നിയാല്‍ വീട് പൊളിച്ച് ലോറിയിലാക്കി കൊണ്ടുപോയി ഇതുപോലെ തന്നെ സ്ഥാപിക്കുമെന്നാണ് ജോര്‍ജ് പറയുന്നത്. ഈ സൗകര്യമാണ് ഈ വീടിന്റെ പ്രധാന സവിശേഷതയും

തറ മുതല്‍ മേല്‍ക്കൂര വരെ മരം
വീടിന്റെ പൂമുഖം മുതല്‍ മരമാണ്. തറയും ചുമരും മേല്‍ക്കൂരയും ഷെല്‍ഫും വയറിങ്ങിന്റെ പൈപ്പുകള്‍ വരെ എല്ലാം മരം കൊണ്ടുള്ളതാണ്. അടുക്കള മേശയും എപ്പോഴും വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗംയതുകൊണ്ട് ബാത്ത്‌റൂമിന്റെ നിലവും മാത്രമാണ് ടൈലുള്ളത്. ഒരിടത്തും മരുന്നിനു പോലും കോണ്‍ക്രീറ്റ് കാണാന്‍ കഴിയില്ല. ചുമര് സ്ഥിരമായി നനഞ്ഞ് കേടുവരാതിരിക്കാന്‍ ബാത്ത്‌റൂമില്‍ ഗ്ലാസ്സിന്റെ ക്യൂബ് നിര്‍മിച്ചിട്ടുണ്ട്. അതിനകത്താണ് കുളി.

പരിസ്ഥിതി സൗഹൃദ ഭവനമായതിനാല്‍ ഒരിടത്തും പ്ലാസ്റ്റിക് അടുപ്പിച്ചിട്ടില്ല. വീട്ടിലെ വേസ്റ്റ്ബിന്‍ പോലും മരത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചെറിയ പീസുകളായി ലോക്ക് ചെയ്താണ് വീടുണ്ടാക്കിയത്. അതാണ് ബലത്തിന് കാരണവും. ഊരി മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാനും ഈ രീതിയിലുള്ള നിര്‍മാണമാണ് ഗുണം ചെയ്യുന്നതും.

ഒരു മുറിയോ ഏതെങ്കിലും ഒരു ഭാഗമോ ഉണ്ടാക്കാനോ ഇളക്കി മാറ്റാനോ കഴിയില്ല. എല്ലാ ഭാഗവും തറ മുതല്‍ ഒന്നിച്ചാണ് ഫിറ്റ് ചെയ്ത് ഉയര്‍ത്തുന്നത്. അതുകൊണ്ട്, പൊളിക്കുമ്പോഴും മേല്‍ക്കൂരയില്‍ നിന്നുതന്നെ തുടങ്ങണം. സ്ഥിരമായി വെള്ളം കെട്ടിനിന്നാല്‍ ഏത് മരവും കേടാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ ഇദ്ദേഹം ഷീറ്റ് ടാറില്‍ ഒട്ടിച്ച് ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട്, മഴയെ പേടിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

പ്രയോജനങ്ങള്‍

എപ്പോഴും കാറ്റും വെളിച്ചവും ഉണ്ടാവുമെന്നാണ് മരം കൊണ്ടുള്ള വീടിന്റെ മറ്റൊരു പ്രത്യേകത. മരങ്ങള്‍ ചൂട് പുറന്തള്ളുന്നതിനാല്‍ കോണ്‍ക്രീറ്റ് വീടിന്റേതു പോലുള്ള ചുട്ടുപൊള്ളുന്ന അവസഥയില്ല. നല്ല തണുപ്പില്‍ സുഖമായി കിടന്നുറങ്ങാം. ബെഡ്ഡില്‍ കിടക്കുമ്പോള്‍ നടുവേദനയുള്ളവര്‍ക്ക് വേണമെങ്കില്‍ വെറുംനിലത്ത് കിടക്കാം. ടൈല്‍ വിരിച്ച തറയില്‍ കിടക്കുമ്പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.

കോണ്‍ക്രീറ്റ് വീടുകള്‍ പൊളിക്കുമ്പോള്‍ പരിസരത്തുള്ളവര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം പൊടിശല്ല്യം നേരിടേണ്ടിവരും. മാത്രമല്ല, കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ ഒഴിവാക്കുക വലിയ വെല്ലുവിളിയുമാണ് ആ പ്രശ്‌നങ്ങളൊന്നും ഇതിനില്ല.

നിറയെ കായലുകളും മറ്റുമുള്ള സ്ഥലങ്ങളില്‍ തീരദേശ നിയമം കര്‍ശനമാണ്. അതു കൊണ്ട് അത്തരം സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണത്തിനും നിയന്ത്രണമുണ്ട്. പക്ഷേ, മരത്തിന്റെ വീടുകള്‍ ഉണ്ടാക്കുമ്പോള്‍ ഈ പ്രശ്‌നം മറികടക്കാനാവും. അതുകൊണ്ട്, കൊച്ചിക്ക് ഏറ്റവും അനുയോജ്യമാണ് ഈ മാതൃക. തണുപ്പുള്ള പ്രദേശങ്ങളിലും ഇത്തരം വീടുകള്‍ നല്ലതാണ്.

നാലുനില വരെയുള്ള കെട്ടിടങ്ങള്‍ മരം കൊണ്ട് പണിയാം. ഒരു പ്രശ്‌നവുമുണ്ടാവില്ല. നമ്മുടെ വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ നമുക്കൊരു മരത്തിന്റെ വീട് തീര്‍ക്കാം. വേണമെങ്കില്‍ വേനലില്‍ ചൂട് കൂടുമ്പോള്‍ അവിടേക്ക് താമസം മാറ്റാം. ആശയത്തിനനുസരിച്ച് ഏത് രീതിയിലും ഒരുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 1200 ചതുരശ്ര യടിയില്‍ വീട് പണിയാന്‍ പണമില്ലാത്തവര്‍ക്ക് ഒരു കിടപ്പുമുറിയും അടുക്കളും ഡൈനിങ് ഹാളും വരാന്തയുമുള്ള 600 സ്‌ക്വയര്‍ ഫീറ്റ് വീടൊരുക്കാം. ഇതിന് പകുതി ചെലവേ വരികയുള്ളൂ. ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്യാം. മണല് കിട്ടാതിരുന്നാലും സിമന്റിനും കമ്പിക്കും വില കൂടിയാലുമൊന്നും ആധി കൂടുകയും വേണ്ട.

വെയിലത്ത് വാടില്ല മഴയില്‍ തകരില്ല

കാനഡയിലെ പൈന്‍മരത്തില്‍ ജലാംശം കുറവാണ്. ഫാക്ടറിയില്‍ ട്രീറ്റ് ചെയ്യുമ്പോള്‍ ജലാംശം മുഴുവന്‍ വലിച്ചെടുക്കും. അതുകൊണ്ട്, പിന്നീട് എത്ര വെയിലേറ്റാലും മരം ചുരുങ്ങിപ്പോവില്ല. വീടിന്റെ ഭിത്തിക്ക് ചുറ്റും പി.യു. കോട്ടിങ് അടിക്കുന്നതു കൊണ്ട് ചാറ്റല്‍മഴയേറ്റാലും ഈര്‍പ്പം തട്ടിയാലും ഒരു കേടും പറ്റില്ല. കെമിക്കല്‍ ട്രീറ്റ്‌മെന്റ് നടത്തിയതിനാല്‍ കോണ്‍ക്രീറ്റ് വീടുപോലെ തന്നെ ഇതിനും നല്ല ബലമുണ്ടാവും. തള്ളിയാലും കുലുക്കിയാലുമൊന്നും ഇളകില്ല. പൊളിഞ്ഞുവീഴുമെന്ന പേടിയും വേണ്ട. 10 ഇഞ്ച് വരെ കനമുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് വീടുപണിയുന്നത്. മഴ നനഞ്ഞാലും വെയിലേറ്റാലുമൊക്കെ അന്‍പത് വര്‍ഷം വീട് നിലനില്‍ക്കുമെന്നാണ് ജോര്‍ജ് തോമസ് പറയുന്നത്. അല്പം ശ്രദ്ധിക്കണമെന്ന് മാത്രം. മരം ഫയര്‍പ്രൂഫായതു കൊണ്ട് ചെറിയ തീയൊന്നും പ്രശ്‌നമല്ല. കത്തിക്കാന്‍ വേണ്ടി തീയിട്ടാല്‍ മാത്രമേ പ്രശ്‌നമുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

സ്വപ്നത്തില്‍ നിന്ന് ബിസിനസിലേക്ക്

കഴിഞ്ഞ സപ്തംബറിലാണ് ജോര്‍ജ് വീട് പൂര്‍ത്തിയാക്കിയത്. ഇതെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞവരെല്ലാം സമീപിക്കുന്നുണ്ട്.

അതുകൊണ്ട്, ചൈനയില്‍ നിന്ന് മരം ഇറക്കുമതി ചെയ്ത് വീടുണ്ടാക്കുന്ന സംരംഭം ഇദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. ഊട്ടിയില്‍ തന്റെ നേതൃത്വത്തില്‍ ഒരു വീട് പണിതതായി ജോര്‍ജ് പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക്: 9847151847, 9249572343.

കാനഡയുടെ പൈന്‍ സുഹൃത്തിന്റെ ഡിസൈന്‍

ജോര്‍ജ് തോമസ് അടുക്കള ഉപകരണങ്ങളുടെ മൊത്ത വിതരണക്കാരനാണ്. ബിസിനസ് ആവശ്യത്തിന് നടത്തിയ വിദേശയാത്രകള്‍ക്കിടയില്‍ ഇന്‍ഡൊനീഷ്യയില്‍ വെച്ചാണ് പൂര്‍ണമായും മരം കൊണ്ട് നിര്‍മിച്ച വീട് കാണുന്നത്. അന്ന് മനസ്സില്‍ നട്ട സ്വപ്നമാണ് അത്തരമൊരു വീട്. പിന്നീട്, ചൈനയില്‍ പോയപ്പോള്‍ വീടുകള്‍ പണിയാന്‍ മരങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഫാക്ടറി കണ്ടെത്തി.മനസ്സിലെ ആശയം സ്ട്രക്ച്ചറല്‍ എന്‍ജിനീയറായ സുഹൃത്തുമായി പങ്കുവെച്ചപ്പോള്‍ അദ്ദേഹം ഡിസൈന്‍ തയാറാക്കി. അതനുസരിച്ച് ആശാരി, വീടിന്റെ ചെറിയ മാതൃക (മിനിയേച്ചര്‍) ഉണ്ടാക്കി. അതുമായി ചൈനയിലെ ഫാക്ടറിയില്‍ പോയി. അവര്‍ വീടിന്റെ ഓരോ ഭാഗത്തിനും അനുസരിച്ചുള്ള മരക്കഷണങ്ങള്‍ ഡിസൈന്‍ ചെയ്ത് തയാറാക്കി.

ഫാക്ടറിയില്‍ വെച്ചുതന്നെ വീടുണ്ടാക്കി കാണിച്ചു കൊടുത്തു. ചെറിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ അവര്‍ അതിനനുസരിച്ച് തയാറാക്കിത്തന്നു. കൊള്ളാമെന്ന് തോന്നിയതു കൊണ്ട് അത് പൊളിച്ചടുക്കി കൊച്ചിയില്‍ കൊണ്ടുവന്നു. നാല് ആശാരിമാരെ വിളിച്ച് ഡിസൈന്‍ പറഞ്ഞുകൊടുത്തു. അവര്‍ രണ്ടാഴ്ചകൊണ്ട് അനായാസം ഒരു വീട് പൂര്‍ത്തിയാക്കി.ഓരോ ഭാഗത്തേക്കും തയാറാക്കിയ മരക്കഷണങ്ങളില്‍ ഫാക്ടറിയില്‍ നിന്ന് നമ്പറിട്ടിരുന്നതിനാല്‍ ഒരാശയക്കുഴപ്പവും വന്നില്ല. ഓരോ മരക്കഷണവും കൃത്യമായ അളവില്‍ ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് അവര്‍ ഡിസൈന്‍ ചെയ്തതും. അതുകൊണ്ട് എടുത്തുവെച്ച് മുറുക്കുക മാത്രമേ ഇവിടത്തെ ജോലിക്കാര്‍ക്ക് ചെയ്യേണ്ടി വന്നുള്ളൂ.

ചളിക്കവട്ടം ചുങ്കത്താണ് ഇദ്ദേഹമിപ്പോള്‍ താമസിക്കുന്നത്. ഇവിടെ കണിയാമ്പുഴയുടെ തീരത്ത് അല്പം ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. അതുകൊണ്ട് പുഴയോരത്ത് സ്വപ്നവീടൊരുക്കി. പുഴയില്‍ നിന്ന് വെള്ളം കയറാതിരിക്കാന്‍ കോണ്‍ക്രീറ്റ് തൂണിലാണ് മരത്തിന്റെ വീടുയര്‍ത്തിയത്.

കാനഡയിലെ പ്രത്യേകതരം പൈന്‍ മരമാണ് ഇതിന് ഉപയോഗിച്ചത്. വ്യവസായികള്‍ മരം ചൈനയിലെ ഫാക്ടറിയില്‍ കൊണ്ടുവന്ന്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്ത്, ഓരോ വീടിനുമനുസരിച്ച് കഷണങ്ങള്‍ ഡിസൈന്‍ ചെയ്യുകയാണ്. അതുകൊണ്ട്, ഫാക്ടറിക്കാര്‍ക്ക് പ്ലാന്‍ ആദ്യം കൊടുക്കണം. എന്നാല്‍, നമ്മുടെ മനസ്സിലെ വീടിനനുസരിച്ച് ഓരോ കഷണവും തയാറാക്കിത്തരും.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.