ഹോം ഓട്ടോമേഷന്‍ നിങ്ങളുടെ വീട്ടിലും

Posted on: 19 Dec 2013



സാങ്കേതിക വിദ്യയും ഉപയോഗ ലാളിത്യവും സുരക്ഷിതത്വവും കൂടി ഇണങ്ങിയതാണ് ഹോം ഓട്ടോമേഷന്‍. വീട്ടിലെ ഉപകരണങ്ങള്‍ അകലെ നിന്ന് നിയന്ത്രിക്കാനും, ഗൃഹനാഥന്റെയും മറ്റും താല്പര്യമനുസരിച്ച് ലൈറ്റ്, ശബ്ദം, വിഷ്വല്‍സും മറ്റും ക്രമീകരിക്കുവാന്‍ ഹോം ഓട്ടോമേഷനില്‍ സാധിക്കും.

പണ്ട് കഥകളില്‍ മാത്രം കേട്ടിരുന്ന പല സംഗതികള്‍ ഇന്ന് ഹോം ഓട്ടേമേഷനിലൂടെ സാധ്യമാണ്. വീടുകളിലെ വൈദ്യുതീകരണവും വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും, ആധുനികവല്‍ക്കരണവും ഹോം ഓട്ടോമേഷനെ ഇന്നത്തെ നിലക്ക് സാധ്യമാക്കി. മൈക്രോ കണ്‍ട്രോളിന്റെയും റിമോര്‍ട്ട്, ഇന്റലിജന്റ് കണ്‍ട്രോളിന്റെയും സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തതിന്റെ ഗുണങ്ങള്‍ ഗൃഹോപകരണങ്ങളിലൂടെ കമ്പനികള്‍ നമ്മളിലേക്ക് എത്തിക്കുന്നു. അങ്ങനെ നമ്മള്‍ക്ക് ഉപകരണങ്ങള്‍ എളുപ്പം ഉപയോഗിക്കാനും നിയന്ത്രിക്കാനും സാധ്യമാക്കുന്നു.

90കളില്‍ (DOMOTICS) (അതായത് റോബൊട്ടിക് സാങ്കേതികത ഗൃഹോപകരണങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന വിദ്യ) ധനവാന്മാരും ടെക്‌നോളജി പ്രേമികളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. വളരെ അടുത്ത കാലം വരെ സാധാരണക്കാരന് ഇത് സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍, ഇന്ന് നമ്മുടെ കേരളത്തില്‍ തന്നെ ലളിതമായി ഉപയോഗിക്കാവുന്ന ഹോം ഓട്ടേമേഷന്‍ സാമഗ്രികള്‍ വളരെ ന്യായമായ വിലയക്ക് ലഭ്യമാണ്. ഇതില്‍ ചില ഓട്ടേമേഷന്‍ പ്രൊഡക്ടുകളെ പരിചയപ്പെടുത്താം.

ടച്ച് ഗ്ലാസ് സ്വീച്ചസ്


നമ്മുടെ മൊഡുലാര്‍ സ്വീച്ചുകള്‍ക്ക് പകരം അതേ പാനലില്‍ ഘടിപ്പിക്കാവുന്ന ഗ്ലാസ് സ്വീച്ചുകളാണ് ഇത്. ഇതു കൊണ്ട് ലൈറ്റ്, ഫാന്‍, എയര്‍കണ്ടീഷനര്‍, ഗീസര്‍, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ വിരല്‍ കൊണ്ടോ റിമോര്‍ട്ട് കൊണ്ടോ അനയാസം ഉപയോഗിക്കാം. കൂടുതല്‍ ഭംഗിയും, ഈടും സുരക്ഷിതവുമാണ് ഈ സ്വിച്ചുകള്‍.

റിമോര്‍ട്ട് അക്‌സസസ് സൊല്യൂഷന്‍സ്


മേല്‍ പറഞ്ഞ സ്വിച്ചിനെ ഒരു സര്‍വറില്‍ ബന്ധപ്പെടുത്തി ലോകത്ത് എവിടെ ഇരുന്നും നമ്മുടെ സ്മാര്‍ട്ട് ഫോണിലൂടെ ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.

ഇതിനോട് ക്യാമറകള്‍ ഘടിപ്പിച്ച് അകലെ ഇരുന്ന് വീട്ടില്‍ എന്തു നടക്കുന്നു എന്ന് കാണാം. അതിലുപരി മൂവ്‌മെന്റ് സെന്‍സര്‍സ്, ഗ്ലാസ് ബ്രേക്ക് സെന്‍സര്‍സ്, സ്‌മോക്ക്/ഗ്യാസ് ലീക്കേജ് സെന്‍സര്‍സ് മറ്റും ഇതിനോട് ഘടിപ്പിച്ചാല്‍ വീട്ടിലെ സുരക്ഷിതത്വം ഉറപ്പിക്കാം.

കള്ളന്‍മാരോ മറ്റോ ഗ്ലാസ് ഉടച്ച് വീട്ടില്‍ കയറാന്‍ ശ്രമിച്ചാല്‍ ഉടനെ അലറാം മുഴങ്ങുകയും നമ്മുടെ ഫോണ്ടിലേക്ക് കോള്‍/മെസ്സേജ് വരുകയും ചെയ്യുന്നു. അപ്പോള്‍ വീട്ടിലെ ക്യാമറകള്‍ ഫോണിലൂടെ ഓണ്‍ ചെയ്യാനും രാത്രിയാണെങ്കില്‍ ലൈറ്റ് ഇടുവാനും നമുക്ക് സാധിക്കും.

ഇതിനു പുറമെ ഇതിനൊരു ഷെഡ്യൂളര്‍ ഉപയോഗിച്ച് സമയാനുപാതം ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് പുറത്തുള്ള ലൈറ്റ് എല്ലാം വൈകുന്നേരം ആറരയ്ക്ക് ഓണ്‍ ചെയ്യുവാനും രാവിലെ ആറുമണിക്ക് ഓഫ് ചെയ്യുവാനും സെറ്റ് ചെയ്താല്‍ സാധിക്കും. ഇതു പോലെ മറ്റു ഉപകരണങ്ങളും ഷെഡ്യൂള്‍ ചെയ്യാം.

ചുരുക്കി പറഞ്ഞാല്‍ ദൈനംദിനത്തില്‍ ആവര്‍ത്തനമായി ചെയ്യുന്ന പല കാര്യങ്ങളും ഹോം ഓട്ടോമേഷനിലൂടെ കാര്യക്ഷമതമായി ലളിതമാകാം.

ഹോം ഓട്ടോമേഷന്റെ ഗുണങ്ങള്‍ എന്തെല്ലാം?

ഹോം ഓട്ടോമേഷന്‍ ഗൃഹനിര്‍മ്മാണത്തിന്റെ ഏതു ഘട്ടത്തിലുമാവാം. വീട് മോടി പിടിപ്പിക്കുമ്പോഴൊ, വീടിന്റെ നിര്‍മ്മാണ ഘട്ടത്തിലോ താമസയോഗ്യമായ അപാര്‍ട്ട്‌മെന്റിലും വിലയിലും മറ്റും ഇന്ന് വളരെ എളുപ്പം ഘടിപ്പിക്കാം.

ഏത് ബഡ്ജറ്റിലും ഒതുക്കാം - വേണമെങ്കില്‍ ഒരു മുറി മാത്രം ഓട്ടോമെഷന്‍ ചെയ്യാം.

കേബിള്‍സ് ഒഴിവാക്കി വയര്‍ലെസായി ചെയ്യാം, എളുപ്പത്തില്‍ ഘടിപ്പിക്കാം.

ഹോം തീയ്യറ്റര്‍


വീടിന്റെ സ്വകാര്യതയില്‍ ഒരു തിയ്യറ്ററില്‍ സിനിമ കാണുന്നതിലധികം സുഖം അതാണ് ഹോം തിയ്യറ്റര്‍. ലേസര്‍ ഡിസ്‌ക്, ബ്ലൂറേ തുടങ്ങിയ സാങ്കേതികതയും ഹൈഡെഫനിഷനും പ്രദാനം ചെയ്യുന്ന മിഴിവുറ്റ ദൃശ്യങ്ങളും മികച്ച ശബ്ദ വിന്യാസതയും കൂടിയ ഏറ്റവും നവീനമായ അനുഭവമാണ് ഹോം തിയ്യറ്റര്‍.

എന്നാല്‍, പലയിടത്തും നമ്മള്‍ കണ്ടു വരുന്നത് വലിയ എല്‍.സി.ഡി.യും അഞ്ചോ ആറൊ സ്പീക്കര്‍ ഉപയോഗിച്ച് ശബ്ദ കോലാഹലം ഉണ്ടാക്കുന്ന ഒരു സെറ്റപ്പാണ്. എന്നാല്‍, അതെല്ല ഹോം തിയ്യറ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഗൃഹനാഥന്റെ ഓഡിയോ വീഡിയോ താല്പര്യങ്ങള്‍ അറിഞ്ഞ് ഡിസൈന്‍ ചെയ്ത്, സാങ്കേതിക സൗകര്യം ഭംഗി ഇവ ഒത്തു ഇണങ്ങി ഒരുക്കിയെടുക്കുന്നതാണ് Home Theatre. ആ മുറിയുടെ Interior, ഇരിപ്പിടസ്ഥാനം, ശബ്ദക്രമീകരണം, ലൈറ്റിംഗ് വിഷ്വല്‍സ്, Equipments, Sound Proofing ഇവയെല്ലാം ഇതില്‍പ്പെടും. നല്ല ഒരു ഹേംതിയ്യറ്റര്‍ സെറ്റ് ചെയ്യുന്നതിന് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സഹായം അത്യാവശ്യമാണ്.

ലൈറ്റിംങ്

ഗൃഹനാഥന്റെ താല്പര്യമനുസരിച്ച് ഇന്റലിജന്റ് ലൈറ്റിംഗ് സെറ്റ് ചെയ്യാവുന്നതാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം കണ്ടുവരുന്ന ഇന്റലിജെന്റ് ലൈറ്റിംഗ് ഹോം ഓട്ടോമേഷനിലൂടെ നമ്മുടെ വീടുകളില്‍ സാധ്യമായി തുടങ്ങി.

അച്ഛനമ്മമാര്‍ രണ്ടുപേരും ജോലിക്കു പോകുന്ന ഈ കാലഘട്ടത്തില്‍ സുരക്ഷിതത്തിന് വളരെ പ്രാധാന്യം ഏറിയിരിക്കുന്നു. ഈയിടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഗള്‍ഫിലെ ഒരു വീട്ടുജോലിക്കാരന്‍ വീട്ടുകാരുടെ അഭാവത്തില്‍ കുട്ടിയോടു കാണിച്ച ക്രൂരത ക്യാമറയില്‍ പതിഞ്ഞതിനാല്‍ അയാള്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത നമ്മള്‍ കണ്ടുവല്ലോ? ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഹോം ഓട്ടോമെഷനിലൂടെ തടയുവാന്‍ സാധിക്കും.

ഹോം ഓട്ടോമെഷന്‍ ചെയ്താല്‍ അകലെ നിന്ന് ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നതിനാല്‍ ഗൃഹനാഥന് ഓഫീസില്‍ ഇരുന്ന് വീട്ടിലെ ഗൃഹോപകരണങ്ങള്‍ നിയന്ത്രിക്കാം. സെക്യൂരിറ്റി അലര്‍ട്ട് ഉള്ളതിനാല്‍ അടച്ചിട്ട വീട്ടില്‍ കള്ളന്‍ കയറുമെന്ന ഭയം വേണ്ട. വീട്ടിലെ കുട്ടികളെ അകലെ നിന്ന് കാണുവാനും അവര്‍ എന്തു ചെയ്യുന്നു എന്ന് അറിയുവാനും സാധിക്കുന്നു. എല്ലാം ഒരു വിരല്‍ തുമ്പിലെന്ന പോലെ.

ഹോം ഓട്ടോമെഷന്‍ സൊല്യുഷന്‍ മേഖലയില്‍ ഇന്ത്യയില്‍ പല കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂരിലെ പ്രമുഖ ഓട്ടോമെഷന്‍ സ്ഥാപനമായ സ്മാര്‍ട്ട് ഹോം സൊല്യൂഷന്‍സിന്റെ ഷോറൂം ശൃംഖലയായ 'സ്മാര്‍ട്ട് സോണ്‍' കേരളത്തില്‍ ഉടനീളം 2014ല്‍ തുടങ്ങുന്നതാണ്.

മറ്റു പല വമ്പന്‍ സ്ഥാപനങ്ങളും കേരളത്തിലെ ഹോം ഓട്ടോമെഷന്‍ വിപണിയെ നോട്ടമിട്ടിിക്കുന്നു. പല കമ്പനികളും അവരുടെ സര്‍വീസ് സെന്ററുകള്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ തുടങ്ങി കഴിഞ്ഞു.

അവനവന്റെ വീട്ടില്‍ അംഗങ്ങളുടെ സ്വകാര്യതയെ മാനിച്ച് കൊണ്ട് ക്യാമറകള്‍ ഘടിപ്പിക്കുകയും നല്ല ഒരു ഓട്ടോമെഷന്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ കമ്പനിയുടെ സഹായത്താല്‍ വീട് ഓട്ടോമെഷന്‍ നടത്തുകയും ചെയ്താല്‍ വീടിനെ ലോകത്തിന്റെ എവിടെയിരുന്നു അടുത്തറിയുവാന്‍ സാധിക്കും.

പി.സന്ദീപ് മേനോന്‍ , ചീഫ് കണ്‍സള്‍ട്ടന്റ്,
ബിസിനസ്സ് മാനേജ്‌മെന്റ് ഫോറം




Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.