
വീടൊരുക്കാന്‍ യബീന്‍.കോം
Posted on: 24 Feb 2014
ബിബിന്‍ ബാബു

ഒരായുഷ്‌കാലത്തിന്റെ ലക്ഷ്യവും സ്വപ്നവുമാണ് ഒരു വീടൊരുക്കുകയെന്നത്. സ്ഥലം കണ്ടെത്തിയാല്‍ പ്ലാന്‍ ഒരുക്കാന്‍ ആര്‍ക്കിടെക്ട്മാരെയും പിന്നെ പണിക്കാരെയും മറ്റും കണ്ടെത്താനുള്ള നെട്ടോട്ടമായിരിക്കും. ഇതിനിടയില്‍ മാഗസിനുകള്‍, വെബ്‌സൈറ്റുകള്‍, സുഹൃത്തുക്കളുടെ വീടുകള്‍ തുടങ്ങിയവയിലെല്ലാം ട്രെന്‍ഡി മാതൃകകള്‍ തിരഞ്ഞ് അലയേണ്ടിയും വരും. ഈ പ്രശ്‌നത്തിന് പരിഹാരവുമായി കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ഒരു ഇന്‍ക്വിബേഷന്‍ മൊട്ടിട്ടിട്ടുണ്ട്. വീടൊരുക്കുന്നതിനുള്ള സര്‍വ്വവും ഒരു കുടക്കീഴിലൊരുക്കിയാണ് ഇതിന്റെ അണിയറക്കാര്‍ വ്യത്യസ്തരാകുന്നത്. ഇവരുടെ ഓണ്‍ലൈന്‍ വിലാസത്തിന്റെ പേര് 'യബീന്‍.കോം'. കീ ബോര്‍ഡില്‍ ഈ വിലാസം ടൈപ് ചെയ്താല്‍ സാധ്യതകളുടെ കുട തുറക്കുകയായി.
ഡിസൈന്‍ യുവര്‍ ഡ്രീം
'ഡിസൈന്‍ യുവര്‍ ഡ്രീം ഹോം' സൈറ്റ് തുറക്കുമ്പോള്‍ യബീന്‍.കോമിന്റെ ടാഗ് ലൈന്‍ ഇങ്ങനെയാണ്. ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആര്‍ക്കിടെക്ട്മാരുടേയും പ്രൊഫഷണലുകളുടേയും ഹോം ഡെക്കര്‍ ഷോറൂമുകളുടേയും പേജിലേക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരങ്ങളുടെ വാതിലാണ് അടുത്തത്. ഉപഭോക്താക്കളുടെ മെയിലിലൂടെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയോ ഇത് സാധ്യമാകും.
ഇഷ്ടപ്പെട്ട ഹോം ഡിസൈനുകളെ, ഇതിലെ ആയിരത്തോളം പുത്തന്‍ വെറൈറ്റികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ആര്‍ക്കിടെക്ടുമാരെയും പ്രൊഫഷണലുകളെയും പ്രോജക്ടുകളെയും കണ്ട് വിലയിരുത്താം, താല്പര്യം അറിയിക്കാം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മുന്തിയ ഹോം ഡെക്കര്‍ ഷോറൂമുകളില്‍ നിന്ന് ഓഫര്‍ പ്രൈസില്‍ ഫര്‍ണിച്ചറുകളും മറ്റും ബുക്ക് ചെയ്യാം. ലിവിങ്, ഡൈനിങ്, ബെഡ്‌റൂം, കിച്ചണ്‍, സ്റ്റെയര്‍കെയ്‌സ്, ലാന്‍ഡ്‌സ്‌കേപ്, ഔട്ട്‌ഡോര്‍, സ്വിമ്മിങ്പൂള്‍, കര്‍ട്ടന്‍സ് ആന്‍ഡ് ഫര്‍ണിഷിങ്, ഓഫീസ്, ഫ്ലോറിങ് തുടങ്ങി വീടിന്റെ ഓരോ മുക്കിലും മൂലയിലും വേണ്ട അലങ്കാരങ്ങള്‍ എങ്ങനെ വേണമെന്ന്ചിത്രങ്ങളും പ്ലാനുകളും സഹിതം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.
മൂന്നുമാസം കാല്‍ലക്ഷം ലൈക്കുകള്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോട്ടയം പാലാ സ്വദേശികളായ ഷിബിന്‍ കെ.സെബാസ്റ്റ്യനും ഗോപീകൃഷ്ണനും ചേര്‍ന്ന് യബീന്‍.കോമിന് തുടക്കമിട്ടത്. 2012ല്‍ രൂപവത്കരിച്ച സെവിസിസ് ടെക്‌നോളജി സിംപ്ലിഫൈഡ് എന്ന കമ്പനിക്ക് കീഴിലായിരുന്നു വെബ്‌സൈറ്റ് തുറന്നത്. ഇതിനകം കാല്‍ ലക്ഷത്തോളം ലൈക്കുകള്‍ ഇവരുടെ വെബ്‌സൈറ്റിന് സോഷ്യല്‍മീഡിയയില്‍ ലഭിച്ചുകഴിഞ്ഞു. അരലക്ഷം പേര്‍ കാണുകയും ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആര്‍ക്കിടെക്ട്മാരും ഹോം ഡെക്കര്‍ പ്രൊഫഷണലുകളും ഷോറൂമുകളും ഇതിനകം ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സൈറ്റ് വഴി ഷോറൂമുകളില്‍ ഹോം ഡെക്കര്‍ പ്രോഡക്ട്‌സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കോഡുനമ്പറും ഇവര്‍ നല്‍കുന്നുണ്ട്. വിവരങ്ങള്‍ക്ക് www.yabeen.com+ 9847749070.
Stories in this Section