തുറന്ന മനസ്സുള്ള വീട്‌

Posted on: 06 Feb 2014


കിരണ്‍ ഗംഗാധരന്‍, ചിത്രങ്ങള്‍: ബി. മുരളീകൃഷ്ണന്‍



വാതില്‍ തുറന്ന് ഉള്ളില്‍ കടന്നാല്‍ ഈ വീട് ഒറ്റമുറി പോലെ തോന്നും. ഇവിടെ ചുമരുകള്‍ക്ക് അത്ര പ്രാധാന്യം ഇല്ല. കാറ്റും വെളിച്ചവും നന്നായി കടക്കുന്ന മഴ നനഞ്ഞിരിക്കാന്‍ കഴിയുന്ന ഒരു വീടാണ് സ്വന്തം ഡിസൈനില്‍ ജിനുവും പ്രസീദയും യാഥാര്‍ത്ഥ്യമാക്കിയത്.

വീടിന്റെ അകം ചുമരുകള്‍ കൊണ്ട് വേര്‍തിരിക്കരുത്... തുറന്ന മനസ്സു പോലെ ആയിരിക്കണം. പുറത്തു നിന്ന് ആര് വന്നാലും അവര്‍ക്ക് തങ്ങള്‍ അതിഥികളാണെന്ന തോന്നലില്ലാതെ പെരുമാറാന്‍ സാധിക്കണം - ഇതൊക്കെയാണ് വീടിനൊപ്പം ജിനുവും പ്രസീദയും കരുതിവെച്ചത്. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഒരുമിച്ചിരുന്ന് സംസാരിക്കാനും ഉള്ള ഇടങ്ങളെ ഒറ്റ മുറിയില്‍ ഇവര്‍ ഒരുക്കി. പുറത്തു നിന്ന് കാറ്റും വെളിച്ചവും ആവശ്യത്തിന് ലഭിക്കുന്ന വിധത്തില്‍ വീടിന്റെ പുറംകാഴ്ചകള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് വീട് നിര്‍മ്മിച്ചത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്താണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ജിനുവും ആര്‍ക്കിടെക്റ്റായ പ്രസീദയും 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള വീട് നിര്‍മ്മിച്ചത്. ആവശ്യക്കാരനും ഡിസൈനറും ഒരേ ആള്‍ ആയതുകൊണ്ട് പൂര്‍ണ സ്വാതന്ത്ര്യത്തോടെയായിരുന്നു ഓരോ കാര്യവും ചെയ്തത്. കാറ്റ് നന്നായി ലഭിക്കുന്ന ഭാഗത്ത് ജനലുകള്‍ കൂടുതലായി ഘടിപ്പിച്ചു. വീടിനകത്ത് സൂര്യപ്രകാശം ലഭിക്കുന്നതിനായി മേല്‍ക്കൂരയില്‍ ഗ്ലാസും ഘടിപ്പിച്ചിട്ടുണ്ട്.

വാതില്‍ കടന്ന് അകത്തു ചെന്നാല്‍ വീട് ഒറ്റ മുറിയായാണ് അനുഭവപ്പെടുക. ഹാളിനും ഡൈനിങ് ഏരിയയ്ക്കും ഇടയില്‍ ചുമരില്ല. തറയില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാനൈറ്റും ഒന്ന് തന്നെ. ഡൈനിങ് ഏരിയയോട് ചേര്‍ന്ന് എക്സ്റ്റന്റഡ് ഡൈനിങ് ഏരിയയുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ചായ കുടിക്കാനും സംസാരിച്ചിരിക്കാനും, മഴ നനഞ്ഞിരിക്കാനും പാകത്തിലാണ് മേല്‍ക്കൂര തയ്യാറാക്കിയിരിക്കുന്നത്. മഴയെ ആസ്വദിച്ചിരിക്കേണ്ടവര്‍ക്ക് വേണ്ടിയും ഇടം ഉണ്ട്. പ്രധാന വാതിലില്‍ നിന്ന് നേരെ എതിര്‍ഭാഗത്തുള്ള ജനല്‍ പുറത്തെ ബുദ്ധ പ്രതിമയിലേക്കുള്ള കാഴ്ച സാധ്യമാക്കുന്നു.

മുകളില്‍ മൂന്ന് ബെഡ്‌റൂമുകളും, താഴെ ഒരു ബെഡ്‌റൂമുമാണ് ഉള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം ഒന്നാം നിലയിലാണ്. വീടിന്റെ ഗേറ്റിലേക്കും വലത് ഭാഗത്തേയ്ക്കും പൂര്‍ണമായി കാഴ്ച കിട്ടുന്ന വിധത്തിലാണ് മുകളിലെ ബെഡ്‌റൂമുകളിലൊന്നില്‍ ജനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള അലമാരകളും മുറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മുകള്‍ നിലയിലെ മൂന്നാമത്തെ ബെഡ്‌റൂമില്‍ നിന്ന് വീടിന്റെ മുന്‍ഭാഗത്തേക്കുള്ള ചുമര്‍ പൂര്‍ണമായും ഗ്ലാസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെളിച്ചം ആവശ്യത്തിന് ലഭിക്കുന്നതോടൊപ്പം പുറംകാഴ്ചകള്‍ കൂടി ഇത് സാധ്യമാക്കുന്നു.

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ബീമുകള്‍ ഒഴിവാക്കിയാണ് നിര്‍മ്മാണം. ഇതിനായി മെല്‍ക്കൂരകളില്‍ കൂടുതല്‍ കമ്പികള്‍ ഉപയോഗിച്ച് വാര്‍ക്കുകയായിരുന്നു. സ്റ്റെയര്‍കേസിലും കമ്പി ഉപയോഗിച്ച് കട്ടിയായി വാര്‍ത്തു. ചുമരിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിധത്തില്‍ തമ്മില്‍ ബന്ധിപ്പിക്കാതെ നിര്‍മ്മിച്ച പടവുകള്‍ വീടിന്റെ അകക്കാഴ്ചയ്ക്ക് കൂടുതല്‍ ഭംഗി പകരുന്നുണ്ട്. ഫര്‍ണിച്ചറുകളെല്ലാം പുറത്ത് നിര്‍മ്മിച്ച് ചുമരുകള്‍ക്ക് ചേരുന്ന നിറം നല്‍കി പിന്നീട് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 75 ലക്ഷമാണ് ഇങ്ങനെയൊരു വീടൊരുക്കാന്‍ ചെലവായത്.




Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.