
അഗ്രഹാരങ്ങള്‍ ഓടുമേഞ്ഞ കഥ
Posted on: 30 Jan 2013
അഡ്വ. ടി.ബി. സെലുരാജ്

ഇത് ഫ്ലക്സ് ബോര്‍ഡുകളുടെയും കട്ടൗട്ടുകളുടെയും കാലം. നഗരത്തില്‍ കൊതുകുകള്‍ കഴിഞ്ഞാല്‍ ഏറെയുള്ളത് ഫ്ലസ് ബോര്‍ഡുകളാണെന്ന് ഒരു സഹൃദയന്. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുക എന്നതാണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വിപരീതമാണ് ഫലം. എബ്രഹാം ലങ്കണും ഗാന്ധിജിയും എ.കെ.ജി.യുമൊക്കെ നമ്മുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നു. ഇവരാരും ഫ്ലക്സ് ബേ ആര്ഡില്ക്കൂടിയോ കട്ടൗട്ടില്ക്കൂടിയോ അല്ല നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ചത്. മറിച്ച് ജനന്മയ്ക്കായി എന്തെങ്കിലുമൊക്കെ സംഭാവനകള്‍ ചെയ്തതുകൊണ്ടാണ്. തമിഴരും ആന്ധ്രക്കാരുമൊക്കെയാണ് ഈ ഫ്ലക്സ് ബോര്‍ഡ് സംസ്കാരത്തിന് തുടക്കം കുറിച്ചത്. നമ്മളവരെ അല്പന്മാരെന്നും വിവരമില്ലാത്തവരെന്നും വിളിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ നമ്മളാ പാത പിന്തുടരുന്നു. മലബാര്‍ കളക്ടര്‍മാരായിരുന്ന വില്യം ലോഗനും കനോലി സായിപ്പുമൊക്കെ ജനനന്മയ്ക്കായി കുറേയേറെ സംഭാവനകള്‍ ചെയ്തവരാണ്. അതുകൊണ്ടാണ് മലബാര്‍ ജനതയുടെ മനസ്സില്‍ അവരിപ്പോഴും ജീവിക്കുന്നത്. ബ്രിട്ടീഷ് കളക്ടര്‍മാരുടെ കൂട്ടത്തില്‍ കനോലിയാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍. കനോലി കനാലും മലബാര്‍ ടീക് പ്ലാന്റേഷനും അദ്ദേഹത്തിന്റെ സംഭാവനയാണ്. തീര്‍ന്നില്ല, അവര്‍ണര്‍ക്ക് പൊതുനിരത്തില്‍ക്കൂടി സഞ്ചരിക്കാമെന്ന ഉദാത്തമായ നിയമം കൊണ്ടുവന്നതും കനോലി തന്നെ. കോഴിക്കോട്ടും പരിസരത്തുമുള്ള അങ്ങാടികള്‍ ഓടിടണമെന്ന നിയമം കൊണ്ടുവന്നതും കനോലിയായിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന തീപ്പിടിത്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ നടപടി. അതല്ലാതെ ആഡംബരത്തിനുവേണ്ടിയായിരുന്നില്ല. ഇക്കാലത്ത് ഓടിടലും ഒരു ഫാഷനായി മാറിയിരിക്കുകയാണല്ലോ. അഗ്രഹാരങ്ങള്‍ ഓടിട്ടതിന്റെ ചരിത്രമാണ് ഇത്തവണ നാമന്വേഷിക്കുന്നത്.
നമ്മുടെയൊക്കെ മുതുമുത്തച്ഛന്മാര് ഓലവീടുകളിലായിരുന്നു താമസിച്ചിരുന്നത്. എന്റെ വീട് '2000 സ്ക്വയര്‍ ഫീറ്റാണ്, 3000 സ്ക്വയര്‍ ഫീറ്റാണ്' എന്ന് വീമ്പിളക്കുന്നവരുടെ മുതുമുത്തച്ഛന്മാരും ഓലവീടുകളില്ത്തന്നെയാണ് താമസിച്ചിരുന്നത്. എന്തിനേറേ, നമ്മുടെ സാമൂതിരി രാജാവുപോലും. ഓലവീടുകള്ക്കൊരു കുഴപ്പമുണ്ട്. അവ എപ്പോഴും തീപടിക്കാം. ഓലവീടുകള്‍ അടുത്തടുത്താണെങ്കിലോ, ഒരു പ്രദേശം തന്നെ അഗ്നിക്കിരയാകും. അതുകൊണ്ടാണ് മലബാര്‍ കളക്ടറായിരുന്ന കനോലി അഗ്രഹാരങ്ങളും അങ്ങാടികളും ഓടിടണമെന്ന് നിഷ്കര്‍ഷിച്ചത്. അഗ്രഹാരങ്ങള്‍ ഏറെയുണ്ടായിരുന്നത് പാലക്കാടാണല്ലോ. പാലക്കാട്ടെ അഗ്രഹാരങ്ങള്‍ ഓടിട്ടതിന്റെ കഥ റോബിന്‍സണ്‍ മലബാര്‍ കളക്ടറായിരുന്ന കനോലിക്കെഴുതിയ ഒരെഴുത്തിലൂടെ മനസ്സിലാക്കാം.
1852 ഏപ്രില്‍ 13ന് ഹെഡ് അസിസ്റ്റന്റ് കളക്ടറായ റോബിന്‍സണ്‍, മലബാര്‍ കളക്ടറായ കനോലിക്കെഴുതിയ എഴുത്തിങ്ങനെ: 'സര്, ഈ വര്‍ഷം ബ്രാഹ്മണന്മാരുടെ അഗ്രഹാരങ്ങള്‍ ഓടിടുവാന്‍ നാം കൈക്കൊണ്ട മാര്‍ഗങ്ങള്‍ ഏറെക്കുറേ വിജയം കണ്ടിരിക്കുന്നു. ബഹുമാന്യരായ ഭൂരിഭാഗം ബ്രാഹ്മണരും എളുപ്പം തീപിടിക്കുവാന്‍ സാധ്യതയുള്ള അഗ്രഹാരത്തിലെ ഓലവീടുകള്‍ ഓടിടുവാന്‍ തയ്യാറായിരിക്കുന്നു. ഇക്കാര്യത്തിലിവര് തികച്ചും ബോധവാന്മാരാണ്. ഈ വര്‍ഷം തന്നെ അഗ്രഹാരങ്ങളിലെ ഓല മാറ്റി ഓടാക്കാമെന്ന് ഇക്കൂട്ടര്‍ സമ്മതിക്കുകയും അതിനായി ഒരു കച്ചീട്ടുതന്നെ അവര്‍ എഴുതിത്തരികയും ചെയ്തിരിക്കുന്നു.
എന്നാല്‍ ചില പിന്തിരിപ്പന്മാരുണ്ടെന്ന് സമ്മതിക്കാതെവയ്യ. വ്യവഹാരം ലഹരിയായി എടുത്തിട്ടുള്ള തറയ്ക്കല്‍ ഗ്രാമത്തിലെ ചില ബ്രാഹ്മണര്‍ താങ്കളുടെ മുമ്പില്‍ പരാതി തന്നതായി ഞാനറിഞ്ഞു. ആ പരാതികളില്‍ താങ്കള്‍ കൈക്കൊണ്ട ശക്തമായ തീരുമാനം അവരെ വളരെയേറെ ചൊടിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് അവര്‍ കോടതിയെ ശരണം പ്രാപിച്ചിരിക്കുന്നു. കോടതി കൂടി നമ്മളെടുക്കുന്ന പ്രവൃത്തിയെക്കുറിച്ച് ബോധവാന്മാരായാല് മാത്രമേ നമുക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ അഗ്രഹാരങ്ങള്‍ മുഴുവന്‍ ഓടിടുവാന്‍ കഴിയുകയുള്ളൂ. ജഡ്ജിയില്‍നിന്നും രണ്ടു നല്ല വാക്ക് നമ്മുടെ ഈ പ്രയത്നത്തെക്കുറിച്ച് വന്നാല്‍ നമുക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ അഗ്രഹാരങ്ങളെല്ലാംതന്നെ ഓടമേയുവാന് കഴിയും. കേസിന് പിറകേ പോകുന്ന ഈ പട്ടന്മാര് സ്വന്തം ഗ്രാമത്തില്‍ മാത്രമല്ല, അടുത്ത ഗ്രാമത്തിലും നമ്മുടെ പ്രയത്നങ്ങള്‍ക്കെതിരെ കിംവദന്തികള്‍ പരത്തുന്നു.
പാലക്കാട്, തേമല്പുരം താലൂക്കുകളില്‍ 20 മുതല്‍ 30 വരെ അഗ്രഹാരങ്ങള്‍ കാണപ്പെടുന്നു. ഓരോ അഗ്രഹാരത്തിലും 30 മുതല്‍ 150 വരെ വീടുകള്‍ കാണാം. 200 വീടുകളുള്ള അഗ്രഹാരങ്ങളും ഇവിടെയുണ്ട്. ഇവയിലെല്ലാംതന്നെ ഓരോ വീടും മറ്റൊന്നിനോട് ചേര്ന്നുനില്ക്കുന്നു. എല്ലാം എളുപ്പത്തില്‍ തീപിടിക്കുന്ന പനയോലകള്കൊണ്ടോ പുല്ലുകള്കൊണ്ടോ മേഞ്ഞതാണ്. കല്പാത്തിയിലെ അഗ്രഹാരങ്ങള്‍ കുറേക്കൂടി വലുതാണെന്നറിയിക്കട്ടെ. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമായി ഒട്ടനവധി ജീവിതങ്ങള്‍ ഇവയിലോരോന്നിലുമുണ്ട്. വീടുകളെല്ലാംതന്നെ നിര്‍മിച്ചിട്ടുള്ളത് മുളകള്‍കൊണ്ടും മേഞ്ഞിട്ടുള്ളത് പനയോലകള്കൊണ്ടോ വൈക്കോലുകള്കൊണ്ടോ ആണ്. എപ്പോഴും തീ പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ.
പാലക്കാട് ചുരത്തിലെ കാലാവസ്ഥ കുപ്രസിദ്ധിയാര്ജിച്ചതാണെന്നറിയാമല്ലോ. വര്‍ഷത്തില്‍ ആറേഴുമാസം അതിശക്തമായ വേനലാണിവിടത്തുകാര്ക്കുള്ളത്. വരണ്ട ഒരു വൃത്തികെട്ട കാറ്റ് എപ്പോഴും വീശിയടിക്കുന്നുണ്ടാകും. അതിനാല്‍ ഇവിടങ്ങളില്‍ വസ്തുവഹകള്‍ക്ക് നാശംവിതച്ചുകൊണ്ടും ജീവഹാനി വരുത്തിക്കൊണ്ടും എപ്പോഴും തീപിടിത്തം സംഭവിക്കുന്നു. പലപ്പോഴും സ്ത്രീജനങ്ങളും പിഞ്ചുകുട്ടികളുമാണ് മരിച്ചുപോകാറ് പതിവ്. ഒരു വര്‍ഷത്തില്‍ എട്ടു മുതല്‍ പത്തുവരെ അഗ്രഹാരങ്ങള്‍ തീപിടിത്തത്തിന് ഇരയാകുന്നു. തീ പിടിച്ചാല്‍ അഗ്രഹാരങ്ങള്‍ ഒന്നടങ്കം കത്തിച്ചാമ്പലാവുകയാണ് പതിവ്. യാദൃച്ഛികമായോ ആഘോഷങ്ങളിലെ പടക്കംപൊട്ടിക്കലിനെത്തുടര്ന്നോ ഇതു സംഭവിക്കുന്നു. ഈ വര്‍ഷം ചന്ദ്രശേഖരപുരം ഗ്രാമവും വേട്ടക്കൊരുഗ്രാമവും പൂര്‍ണമായും കത്തിനശിച്ചു. കൂട്ടത്തില്‍ വേട്ടക്കൊരുക്ഷേത്രവും. തറക്കാട് അഗ്രഹാരത്തില്‍ ഇരുപത് വീടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
അഗ്രഹാരങ്ങള്‍ ഓടിടാന് ഞാന്‍ ശ്രമിക്കുമ്പോഴൊക്കെ നേരിടേണ്ടിവരുന്നതായ പ്രശ്നം ഞാന്‍ പറയട്ടെ. അഗ്രഹാരങ്ങള്‍ ഓടിടുമ്പോള്‍ മുഴുവനായുംതന്നെ ഓടിടണം. അതല്ലാതെ കുറച്ചുപേര്‍ ഓടിട്ടതുകൊണ്ട് കാര്യമില്ല. അഗ്നിസംഹാരം തുടങ്ങിയാല്‍ ഇടയില്‍ ഓടിട്ട വീടുകളെ ഒഴിവാക്കുകയൊന്നുമില്ലല്ലോ. അഗ്രഹാരത്തിലെ എല്ലാവരും ഒരുപോലെ സമ്പന്നരായിരിക്കില്ല. അതിനാല്‍ അഗ്രഹാരങ്ങള്‍ ഒരേസമയത്ത് ഓടിടേണ്ടതിലേക്ക് നാം പാവങ്ങളെ സഹായിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കായി ഞാന്‍ അധികാരികളോട് 'ഗ്രാമഫണ്ടില്'നിന്ന് പാവങ്ങള്‍ക്ക് ഓടിടാനുള്ള പണം കൊടുക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷംതന്നെ അഗ്രഹാരങ്ങള്‍ ഓടുമേയുവാന് കഴിയും. ബ്രാഹ്മണര്‍ പലപ്പോഴും സ്വാര്‍ഥമതികളും സമൂഹത്തില്‍നിന്ന് വിട്ടുനില്ക്കുന്നവരുമാണെങ്കിലും ഇത്തരം സ്വാര്ഥതകള് ഈ വിഷയത്തില്‍ ഉയര്‍ന്നുകാണുന്നില്ല.
കല്പാത്തി അഗ്രഹാരത്തെക്കുറിച്ച് രണ്ടുവാക്ക് ഞാന്‍ പറഞ്ഞോട്ടെ. ശക്തനായ ഒരു ഓഫീസറുടെ കീഴില്‍ ഇവര്‍ രണ്ടു വര്‍ഷം മുമ്പുതന്നെ എല്ലാ വീടുകളും ഓടിട്ടു കഴിഞ്ഞിരിക്കുന്നു. ഇവിടെയുണ്ടായ ഒരു വന്‍ തീപിടിത്തത്തെത്തുടര്‍ന്നാണ് ബ്രാഹ്മണര്‍ ഓടിടുന്നതിന് തയ്യാറായത്. നൂറിലധികം വീടുകളുള്ള വലിയൊരു അഗ്രഹാരമാണിത്. എന്നാല്‍, ഇപ്പോഴിവിടെ ഒരൊറ്റ വീടുപോലും ഓലമേഞ്ഞതായിട്ടില്ല. എല്ലാം ഓടുമേഞ്ഞുതന്നെ. ഈ അഗ്രഹാരത്തിലെ പ്രബുദ്ധരായ ബ്രാഹ്മണര്‍ ഓലയടുപ്പിക്കില്ലെന്ന് ശപഥംചെയ്തിരിക്കുന്നു''.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഉയര്‍ത്തുന്നവരോട് ഒരു വാക്ക്: ''ജനന്മയ്ക്കായി എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യൂ. നിങ്ങളെക്കാലത്തും ജനതയുടെ മനസ്സിലുണ്ടാകും''.
seluraj@yahoo.com
Stories in this Section