
പൈതൃകങ്ങളുടെ പുനര്‍ജനി
Posted on: 30 Jan 2013
nabacker@gmail.com

ദക്ഷിണേന്ത്യന്‍ ജീവിതത്തെയും അതു പുലര്‍ത്തിയ പാരമ്പര്യ മഹിമകളെയും അടയാളപ്പെടുത്തുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് 'ദക്ഷിണ്‍ചിത്ര'. മഹാബലിപുരം റോഡില്‍ മുട്ടുകാട് റോഡില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ഓരോ ദേശമാതൃകകള്ക്കും പുനര്ജന്മം നല്കി സൂക്ഷിച്ചിരിക്കുന്നു
നഗരജീവിതത്തിന്റെ കുതിപ്പുകള്‍ കവര്‍ന്നെടുക്കുന്നത് ഏറെയാണ്. ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും നേരം തരാത്ത വേഗമാണതിന്. സ്നേഹവും കലഹവും വിശ്വാസവും എല്ലാം കുതിപ്പുകള്‍ക്കിടയില്‍ വന്നണയുകയും അകലുകയും ചെയ്യുന്നു. അകല്ച്ചയുടെയും അടുപ്പങ്ങളുടെയും കണക്കുപുസ്കകം ഒന്നുമറിക്കാന് പോലും ഇടവേള തരില്ല. ഓര്‍മയില്‍ പോലും കയറിവരാത്ത അഗാധതകളിലേക്ക് ഒരു വേള അവ വേഗം മറഞ്ഞുപോകും. ഈടുവെപ്പ് ജീവിതം മാത്രമായിത്തീരാം. അപ്പോള്‍ വേരറ്റു പോകുന്നത് എന്താണെന്ന ചിന്ത വേദനയുടേതാവും. ഗൃഹാതുരത എന്തിനോടെന്ന തെളിച്ചം പോലും നഷ്ടമാവും.

മഹാബലിപുരം റോഡില്‍ മുട്ടുകാട് റോഡില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ഓരോ ദേശമാതൃകകള്ക്കും പുനര്ജന്മം നല്കി സൂക്ഷിച്ചിരിക്കുന്നു. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന് എന്ന കൂട്ടായ്മയാണ് ഈ വ്യത്യസ്തമായ പാര്‍ക്കിന്റെ ആസൂത്രകര്‍. 1996 ഡിസംബര്‍ 14-ന് ആരംഭിച്ച കേന്ദ്രം ഇപ്പോള്‍ ഓരോ വര്‍ഷവും ലക്ഷത്തിലേറെ സന്ദര്‍ശകര്‍ക്ക് പാരമ്പര്യക്കാഴ്ചകളിലേക്ക് ആതിഥ്യമരുളുന്നു. നഗരജീവിതത്തില്‍ കാണാതെയും അറിയാതെയും പോയ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ ഇവിടെ അതേപടി പരിചയപ്പെടാന്‍ സൗകര്യമുണ്ട്. നാലുകെട്ടും എട്ടു കെട്ടും പരിചയിച്ചവരുണ്ടാവാം. പക്ഷേ, അവര്‍ക്കും ചിലപ്പോള്‍ എന്തായിരുന്നു കേരളത്തിലെ ഒരു കാത്തലിക് സിറിയന്‍ പാരമ്പര്യ ഗൃഹം എന്നുകാണാന്‍ അവസരമുണ്ടായി എന്നുവരില്ല. മുഴുവനും മരത്തില്‍ നിര്‍മിച്ച വീട് അതേപടി അടര്‍ത്തി പുനര്നിര്മിച്ചിരിക്കയാണ്. മുന്തിരി പുളിപ്പിക്കാന്‍ വെക്കുന്ന നിലവറ വരെ ഇറങ്ങിയും ഈ ശില്പകലാ ചാതുരിയുടെ പാരമ്പര്യമഹിമകള്‍ പഠിച്ചറിയാം.
കോഴിക്കോട് മാങ്കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നായര്‍ വീട് കേരള പവലിയനിലെ ആകര്‍ഷണമാണ്. മട്ടുപ്പാവിലെ കിളിവാതില്‍ക്കാഴ്ച ആസ്വദിക്കാന്‍ വരെ അവസരമുണ്ട്. വാളും പരിചയും കളരിപരമ്പര ദൈവങ്ങളുമായി പൂജാമുറിയും ഒരുക്കിയിട്ടുണ്ട്. ഭഗവതീ ശില്പത്തിന് മുന്നില്‍ ഒന്നുതൊഴുകയുമാവാം. പൂതങ്ങളും തെയ്യക്കോലവും എല്ലാം ഇവിടെ കണ്ടറിയാം. കുളവും ഒരുക്കിയിട്ടുണ്ട്. പക്ഷേ കുളിക്കാന്‍ ഇറങ്ങരുത്.
ചെട്ടിനാട് പരമ്പരാഗത വീടും കേരളത്തിലെ എട്ടുകെട്ടും തമ്മില്‍ സാമ്യതകളുണ്ട്. മേല്‍ക്കൂര പരന്നതാണെന്ന വ്യത്യാസവും ഒറ്റനോട്ടത്തില്‍ അറിയാം. പുതുപ്പള്ളിയിലേയും അമ്പൂരിലേയും പരമ്പരാഗത വീടുകളും ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുന്നു. കൂത്താട്ടുകുളത്തെ മാളികവീട്ടിലും താമസക്കാര്‍ ഒഴികെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരത്തില്‍ മാത്രം നിര്‍മിച്ച തിരുവനന്തപുരം വീടും പഴമയുടെ പൂപ്പല്‍ ബാധിച്ച മേല്‍ക്കൂര സഹിതം കാണാം. കര്‍ണാടകയിലെയും ആന്ധ്രയിലെയും വീടുകളും ഇതേ മാതൃകയില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നു. കോവിലുകള്‍ക്ക് മുന്നില്‍ കാവല്‍ നില്ക്കുന്ന ശിലയില്‍ തീര്‍ത്ത ഐരാവതങ്ങള്‍ ചുറ്റിനടക്കുന്ന വിദേശികളെ കണ്ടു.
ഒപ്പം മിക്കദിവസങ്ങളിലും ഫോക് പെര്‍ഫോമന്‍സുകളും ഒരുക്കുന്നുണ്ട്. ക്രിസ്മസ് ദിനത്തില്‍ പഞ്ചാബി നര്‍ത്തകരുടെ ഊര്‍ജ പ്രസാരകമായ നൃത്തമായിരുന്നു. ഒപ്പം കൂടാനും അവസരമുണ്ട്. ക്രാഫ്റ്റ് വില്ലേജ് പ്രദര്‍ശനത്തിനും പഠനത്തിനും ഒപ്പം ഷോപ്പിങ്ങിനും അവസരം നല്‍കുന്നതാണ്. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി ശില്പശാലകളും പഠനക്യാമ്പുകളും ഇവിടെ ഏര്‍പ്പെടുത്താന്‍ സൗകര്യമുണ്ട്.

തമിഴ്നാട് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണ് കടലിന് ചേര്‍ന്നുള്ള വില്ലേജിന്റെ നിലം. ലാറി ബേക്കറാണ് രൂപനിര്ദേശം നല്‍കിയത്. അദ്ദേഹത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ആര്‍കിടെക്റ്റ് ബെന്നി കുര്യാക്കോസ് പൊതുകെട്ടിടങ്ങളുടെ രൂപകല്പനയും നിര്‍വഹിച്ചു. ആര്‍ട്ട് ഗ്യാലറി, ലൈബ്രറി, ലൈസിയം മാതൃകയിലുള്ള ഓപ്പണ്‍ തിയേറ്റര്‍, തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. നാലു ഭാഷാസംസ്കൃതികളിലൂടെ ഒരു മിന്നല്‍ യാത്രയ്ക്കുള്ള അവസരമാണ് ദക്ഷിണ്‍ചിത്ര നല്‍കുന്നത്.
Stories in this Section