മോടികൂട്ടാം പെബിളുകളില്‍

Posted on: 15 Feb 2014


കെ.ജി.കാര്‍ത്തിക



വീടിന്റെ അകത്തളങ്ങളുടെ മോടി കൂട്ടാന്‍ പെബിളുകള്‍ തരംഗമാവുകയാണ്.

പല നിറങ്ങളില്‍ മനോഹരമായ പെബിളുകള്‍ വീടിന്റെ നടുമുറ്റങ്ങളിലും, മറ്റും വിതറുമ്പോള്‍ അതിന്റെ ചന്തം വേറൊന്നു തന്നെയാണ്. കല്ലുകളെ ആകര്‍ഷണീയമാക്കി വീടിന്റെ അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് പെബിളുകള്‍ എന്ന് പറയുന്നത്. അക്വേറിയത്തിന്റെ ഉള്ളിലെ മത്സ്യങ്ങള്‍ നീങ്ങുമ്പോള്‍ അതിനിടയില്‍ തിളങ്ങുന്ന വെള്ളാരംകല്ലുകളും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇതു തന്നെയാണ് പെബിളുകളുടെ പ്രത്യേകത. കാലത്തിനൊപ്പം വീടു നിര്‍മ്മാണത്തിലേക്ക് കടന്നുവന്ന അലങ്കാര വസ്തുവാണ് പെബിളുകള്‍.

വെള്ളാരംകല്ലുകള്‍ക്കാണ് ഡിമാന്‍ഡ്. സിലിക്ക കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. പല ആകൃതിയിലും ടെക്സ്റ്റിലുമുള്ള പെബിളുകള്‍ വിപണിയില്‍ ലഭ്യമാണ്. വീടിന്റെ നടുമുറ്റം, ഭിത്തികള്‍, പൂന്തോട്ടം , പാര്‍ക്കിങ് ഏരിയ, ചെടിച്ചട്ടികള്‍, അക്വേറിയം എന്നിവിടങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്.

പ്രകൃതിദത്തമായ പെബിളുകളും കൃത്രിമ പെബിളുകളും ഉണ്ട്. പുഴയുടെ ഒഴുക്കില്‍ പെട്ട് രൂപപ്പെടുന്നവയാണ് പ്രകൃതിദത്തമായവ. കൃത്രിമമായി ആകൃതി രൂപപ്പെടുത്തുന്നവ എന്‍ജിനീയര്‍ പെബിളുകള്‍ എന്നാണ് അറിയപ്പെടുന്നത്. എന്‍ജിനീയര്‍ പെബിളുകളില്‍ തന്നെ പോളിഷ്ഡും ഉണ്ട്. പ്രകൃതിദത്തമായവയ്ക്ക് കിലോയ്ക്ക് പത്ത് രൂപ മുതലാണ് വില. എന്‍ജിനീയര്‍ പെബിളുകള്‍ക്ക് 20 രൂപ മുതലും പോളിഷ്ഡിന് 100 രൂപ മുതലും വിലയുണ്ട്. കറുപ്പ്, പിങ്ക്, ചോക്ലേറ്റ്, ഐവറി എന്നീ നിറങ്ങളില്‍ പ്രകൃതിദത്തമായവ ലഭ്യമാണ്. വെള്ള, കറുപ്പ്, പിങ്ക്, ഗ്രേ എന്നീ നിറങ്ങളില്‍ എന്‍ജിനീയര്‍ പെബിളുകളും കിട്ടും.

പോളിഷ്ഡ് ഇനങ്ങള്‍ കറുപ്പ്, വെള്ള, നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളില്‍ കിട്ടും. എന്നാല്‍ വെള്ളയോടാണ് എല്ലാവര്‍ക്കും പ്രിയമെന്ന് പെബിള്‍ ഗാലറി ഉടമ സുധീര്‍കുമാര്‍ പറഞ്ഞു. വീട്ടിലെ ഏത് ഡിസൈനോടും ചേര്‍ന്നു പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈറ്റ് ക്വാര്‍ട്‌സിന് 30 രൂപ മുതലാണ് വില വരുന്നത് ഇതു കൂടാതെ ഫ്ലാറ്റുകളില്‍ വാട്ടര്‍ പ്യൂരിഫയറായും പെബിളുകള്‍ ഉപയോഗിക്കുന്നുണ്ട്. പൂന്തോട്ടത്തിലെ നടപ്പാതയിലും ഇവ പാകുന്നുണ്ട്. ഇവ വിതറിയ പൂന്തോട്ടത്തിലൂടെ നടക്കുമ്പോള്‍ രക്തയോട്ടം കൂടൂമെന്ന മെച്ചവും ഉണ്ട്. നാച്വറല്‍ പെബിളുകളാണ് ഇതിന് ഉപയോഗിക്കുന്നത്. പെബിളുകളുടെ നിറങ്ങള്‍ക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരുന്നുണ്ട്. ബോക്‌സുകള്‍ നിര്‍മ്മിച്ച് അതില്‍ പെബിളുകള്‍ നിറച്ചു വയ്ക്കുന്നത് ഡൈനിങ് ടേബിളുകള്‍ ആകര്‍ഷമാക്കാന്‍ സഹായിക്കും.

വീടുകളിലെ ഭിത്തികളില്‍ ചെറിയ ബോക്‌സുകള്‍ കൊടുത്ത് അതില്‍ പെബിളുകള്‍ നിറയ്ക്കുന്നതും കണ്ടു വരുന്നുണ്ട്. ഇതിനെല്ലാം പോളിഷ്ഡ് പെബിളുകള്‍ ആണ് ഉപയോഗിക്കുന്നത്. അകത്തളങ്ങളില്‍ വയ്ക്കുന്ന പ്ലാസ്റ്റിക് ചെടിച്ചട്ടികളിലും പെബിളുകള്‍ ഇട്ട് മനോഹരമാക്കാം. ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ സാധാരണയായി പോളിഷ്ഡ് പെബിളുകളാണ് ഉപയോഗിച്ചു കാണുന്നത്. വീടിന്റെ അലങ്കാരത്തിനും ഭംഗി കൂട്ടുന്നതിനുമാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ പെബിളുകള്‍ ഉപയോഗിക്കുന്നത്.





Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.