
കുറഞ്ഞ സ്ഥലത്ത് വലിയ വീട്
Posted on: 28 Feb 2014
കിരണ്‍ ഗംഗാധരന്‍

മെട്രോ നഗരത്തില്‍ വീട് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുക കുറച്ച് ദുര്‍ഘടമാണ്. വളരെ ഇടുങ്ങിയ സ്ഥലത്ത് ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വീട് നിര്‍മിക്കണമെങ്കില്‍ സ്ഥലത്തിന്റെ സൗകര്യം കൃത്യമായി ഉപയോഗപ്പെടുത്തണം. വീട് നിര്‍മിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രയാസങ്ങളൊന്നും എച്ച്.ഡി. എഫ്.സി. ജീവനക്കാരായ സജീവ് ജോയ്ക്കും ഉമ്മന്‍ ജേക്കബിനും അനുഭവിക്കേണ്ടി വന്നില്ല. ഇരുവരും ചേര്‍ന്ന് വാങ്ങിയ ചളിക്കവട്ടത്തെ 11 സെന്റ് ഭൂമിയില്‍ ആവശ്യങ്ങളെ കൃത്യമായി മനസ്സിലാക്കിയാണ് ജോബി ആന്‍ഡ് തോമസ് വീട് നിര്‍മിച്ച് നല്‍കിയത്.
ഒരുമിച്ചാണ് വാങ്ങിയതെങ്കിലും സ്ഥലം കൃത്യമായി വീതിച്ച് സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച വീടുകള്‍ വയ്ക്കാനായിരുന്നു സജീവിന്റെയും ജോബിയുടെയും ആഗ്രഹം. എന്നാല്‍, ഇരുവരുടെയും ആഗ്രഹങ്ങള്‍ ചോദിച്ചറിഞ്ഞ ആര്‍ക്കിടെക്ട് കാഴ്ചയ്ക്ക് ഒരേ പോലിരിക്കുന്ന രണ്ട് വീടുകള്‍ നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി. കുറഞ്ഞ സ്ഥലത്ത് അസൗകര്യങ്ങളെ ആര്‍ഭാടമാക്കി ജോബി വാക്ക് പാലിച്ചു. 11 സെന്റില്‍ 9 സെന്റ് സ്ഥലമാണ് രണ്ട് വീടുകള്‍ക്കും വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

സജീവിന്റെ വീടിനകത്ത് മുറികളില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കും വിധത്തിലാണ് ജാലകങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്വീകരണ മുറിയെ ടി.വി. കാണാനും ഭക്ഷണം കഴിക്കാനുമുള്ള ഇടങ്ങളില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ട്. സ്വീകരണ മുറിയുടെ തറ അല്പം താഴ്ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. സ്ഥലപരിമിതിയെ വസ്തുക്കളുടെ വലിപ്പം കുറച്ച് മറികടക്കാനുള്ള ആര്‍ക്കിടെക്ടിന്റെ ശ്രമങ്ങള്‍ ഇവിടെ വിജയം കണ്ടു.
ചോയ്‌സ് സ്‌കൂള്‍ അധ്യാപികയായ ഭാര്യ ഗീതാഞ്ജലിക്കും വീട്ടിലെത്തുന്ന അതിഥികള്‍ക്കുമിടയില്‍ മറയില്ലാതെ സംസാരിക്കാനുള്ള ഇടം അടുക്കളയുടെ കാര്യത്തില്‍ സജീവ് ഉറപ്പാക്കിയിട്ടുണ്ട്. ഡൈനിങ് ടേബിളില്‍ നിന്ന് അടുക്കളയുടെ മുഴുവന്‍ കാഴ്ചയും സാധ്യമാകുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിഥിക്കും ആതിഥേയര്‍ക്കും തമ്മില്‍ മറയില്ലാതെ സംസാരിക്കുന്നതിന് ഇത് സഹായകരമാണ്. അടുക്കളയില്‍ പാത്രങ്ങളൊന്നും പുറമേയ്ക്ക് കാണാതെ ഒതുക്കി വയ്ക്കാവുന്ന തരത്തില്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗേറ്റിലേക്കും മുറ്റത്തേക്കും പൂര്‍ണമായും കാഴ്ച സാധ്യമാകുന്ന തരത്തില്‍ ജാലകങ്ങളുമുണ്ട്.

താഴത്തെ നിലയില്‍ മാസ്റ്റര്‍ ബെഡ്‌റൂമിനകത്ത്, സൗകര്യങ്ങള്‍ക്കൊത്ത് ഷെല്‍ഫ് നിര്‍മിച്ചിട്ടുണ്ട്. മുറിയുടെ മൂലയില്‍ ചുമരില്‍ ഘടിപ്പിച്ച മേശയില്‍ ലാപ്‌ടോപ് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. മകന്‍ സേവ്യറിന്റെ ബെഡ്‌റൂമും ഗ്രൗണ്ട് ഫ്ലോറില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
വീടിന്റെ സ്റ്റെയര്‍കേസാണ് ഏറ്റവും ആകര്‍ഷണീയമായ മറ്റൊരു കാഴ്ച. കുറഞ്ഞ സ്ഥലത്ത് സൗകര്യത്തോടെ കയറാവുന്ന സ്റ്റെയര്‍കേസ് വേണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ആര്‍ക്കിടെക്ട് ആശ്രയിച്ചത് ഇരുമ്പിനെയാണ്. ഇരുമ്പ് തകിടുപയോഗിച്ച് നിര്‍മിച്ച പടികള്‍ക്ക് മുകളില്‍ ലെതര്‍ പൂശിയ ഗ്രാനൈറ്റ്‌വച്ചു.

രണ്ടാം നിലയില്‍ രണ്ട് മുറികളാണ് ഉള്ളത്. ഒന്ന് അതിഥികള്‍ക്കുള്ള ബെഡ്‌റൂമാണ്. രണ്ടാം നിലയിലെ ഹാളില്‍ ഒരു ചെറിയ ബാര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഓടുപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. രണ്ടാം നിലയില്‍ നിന്ന് മൂന്നാം നിലയിലേക്കുള്ള സ്റ്റെയര്‍കേസിന്റെ ഭാഗത്ത് ഗ്ലാസ് ഓടുകള്‍ വിരിച്ചിട്ടുണ്ട്. സൂര്യപ്രകാശം വീടിനകത്ത് ലഭ്യമാക്കാന്‍ ഇത് സഹായിക്കും. സ്റ്റെയര്‍കേസുകളെ ചുമരുമായി ബന്ധിപ്പിക്കാതെ, വെളിച്ചം ഏറ്റവും താഴേത്തട്ടില്‍ വരെയെത്തും വിധത്തിലാണ് സ്റ്റെയര്‍കേസുകള്‍ നിര്‍മിച്ചിരിക്കുന്നത്.
Stories in this Section