കെട്ടുപൊട്ടി ചാടുന്ന ഹൂഡിനി പന്ത് !

തല്‍ക്കാലം ഈ പന്തിനെ നമുക്ക് 'ഹൂഡിനി' എന്നു പേരിടാം. മാജിക്

ഇങ്ങനെയാണ്: പരിശോധിച്ച് ഉറപ്പുവരുത്തിയ തുണിസഞ്ചിയിലേക്ക് ഹൂഡിനി പന്തിനെ നിക്ഷേപിക്കുക. കാണികള്‍ സഞ്ചിയുടെ വായ്ഭാഗം ഒരു കട്ടിയുള്ള ചരടുപയോഗിച്ച് മുറുക്കി കെട്ടണം. ഇനി ഒരാളെക്കൂടി വേദിയിലേക്കു വിളിച്ച് ചരടിന്റെ രണ്ടറ്റത്തും വലിക്കുവാന്‍ പറയുക. ഒരു കൈകൊണ്ട് സഞ്ചി പിടിച്ച് മറ്റേക്കൈ ഉപയോഗിച്ച് പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഒരു തൂവാലയെടുത്ത് മാന്ത്രികന്‍ സഞ്ചിയെ തഴുകുന്നു... ഇതാ ഹൂഡിനി പന്ത് പുറത്തേക്ക്... സഞ്ചിയോ, ശൂന്യവും!


രഹസ്യം എന്ത്?


ഈ അടിപൊളി വിദ്യയുടെ രഹസ്യം ഇങ്ങനെ: ഒരേ നിറത്തിലുള്ള രണ്ടു തുണിസഞ്ചികള്‍ ഒന്നിനുള്ളില്‍ മറ്റൊന്ന് എന്നക്രമത്തില്‍ ഇറക്കിവയ്ക്കുക. അകത്തെ സഞ്ചിയുടെ വായ്ഭാഗം ചേര്‍ത്തു പിടിച്ച് പുറത്തെ സഞ്ചിവേണം പരിശോധിക്കാന്‍ നല്‍കേണ്ടത്. ഇങ്ങനെ നല്‍കുമ്പോള്‍ രണ്ടു സഞ്ചിയുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് തോന്നില്ല. പുറത്തെ സഞ്ചിക്കുള്ളിലേക്കാണ് ഹൂഡിനി പന്ത് നിക്ഷേപിക്കുന്നത്. കെട്ടാന്‍ വേണ്ടി സഞ്ചിയുടെ വായ്ഭാഗം മുറുക്കുന്ന സമയത്ത് അകത്തെ സഞ്ചിയുടെ വായ്ഭാഗം വേണം കെട്ടാന്‍ പാകത്തിന് മുകളിലേക്ക് പിടിച്ചു കൊടുക്കേണ്ടത്. പുറത്തെ സഞ്ചി ഊര്‍ന്നു വീഴാതെ കൈകൊണ്ട് വേണ്ടവിധം അതിന്റെ വായ്ത്തല മറച്ചു പിടിക്കണം. ചരടുകളുടെ അറ്റം രണ്ടുപേര്‍ വലിക്കുമ്പോള്‍, പുറത്തെ സഞ്ചിയും അതിനുള്ളിലെ പന്തുംകൂടി ഒരു തൂവാലയുടെ മറവില്‍ പുറത്തേക്കെടുക്കുക. തൂവാലയില്‍ ഒളിച്ചിരിക്കുന്ന പുറത്തെ സഞ്ചി കാഴ്ചക്കാര്‍ കാണാന്‍ ഇടവരാത്ത രീതിയില്‍ തൂവാല നന്നായി കുടയുക; ഹൂഡിനി പന്ത് പുറത്തേക്ക് തെറിക്കും. കെട്ടിവച്ച സഞ്ചിയാകട്ടെ, ശൂന്യമായിരിക്കുകയും ചെയ്യും. തൂവാലയും ഒളിപ്പിച്ച സഞ്ചിയും കൂടി മേശമേല്‍ നിക്ഷേപിച്ചേക്കുക. വളരെയധികം പരിശീലനം വേണ്ട ഒരു വിദ്യയാണിതെന്ന് പറയാതെ തന്നെ കൂട്ടുകാര്‍ക്ക് മനസ്സിലായിരിക്കുമല്ലോ.



സ്വന്തം മാജിക് അങ്കിള്‍