മൂന്നാറിലെ തണുപ്പിലേക്ക്...

ഇത്തവണ നല്ല തണുപ്പുള്ള ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. അധികം ദൂരേക്കൊന്നുമല്ല, ഇടുക്കി ജില്ലയിലെ മൂന്നാറിലേക്ക്. ചൂടുകാലത്ത് പോകാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. തണുപ്പും പച്ചപ്പുമൊക്കെയുള്ള നല്ല രസികന്‍ സ്ഥലം!

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് പുഴകള്‍ ചേരുന്ന സ്ഥലമായതിനാലാണ് 'മൂന്നാര്‍' എന്ന പേരുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തണുപ്പുതേടി സായിപ്പന്മാര്‍ മൂന്നാര്‍ മലനിരകളില്‍ എത്തിയിരുന്നു. ഇവിടെ തേയിലക്കൃഷി തുടങ്ങിയതും സായിപ്പന്മാരാണ്. ഇപ്പോള്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലനിരകളാണ് മൂന്നാറിലെ പ്രധാനകാഴ്ച. മൂന്നാര്‍ പട്ടണത്തില്‍ നിന്ന് ഏതുവഴിയിലൂടെ യാത്ര ചെയ്താലും മനോഹരമായ തേയിലത്തോട്ടങ്ങള്‍ കാണാം.

ആദ്യം നമ്മള്‍ പോകുന്നത് ടോപ്പ് സ്‌റ്റേഷനിലേക്കാണ്. അതായത് മൂന്നാറിലെ ഉയര്‍ന്ന ഒരു സ്ഥലത്തേക്ക്. മൂന്നാര്‍ ടൗണില്‍ നിന്ന് 35 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഈ വഴിയില്‍ ആദ്യമെത്തുന്നത് മാട്ടുപ്പെട്ടിയിലാണ് . ഇവിടെ കന്നുകാലി ഗവേഷണത്തിനായുള്ള 'ഇന്‍ഡോ-സ്വിസ് പ്രോജകറ്റ്' പ്രവര്‍ത്തിക്കുന്നു. പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത അവസരങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കന്നുകാലികളെ കാണാനുള്ള അനുവാദം ലഭിക്കാറുണ്ട്.

മാട്ടുപ്പെട്ടി ഡാമും മനോഹരമായ കാഴ്ചയാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യവുമുണ്ട്. മാട്ടുപ്പെട്ടി തടാകക്കരയിലെ എക്കോ പോയിന്‍ും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഈ വഴി തുടര്‍ന്ന് യാത്രചെയ്താല്‍ ടോപ് സ്റ്റേഷനില്‍ എത്താം. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ടോപ്പ് സ്റ്റേഷനില്‍ നിന്നാല്‍ മൂന്നാറിന്റെ അതി മനോഹരമായ കാഴ്ച തരപ്പെടും.



വരയാടുകളെ സംരക്ഷിക്കുന്ന ഇരവികുളം ദേശീയോദ്യാനം മൂന്നാറില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്. ഈ ദേശീയോദ്യാനത്തില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങളില്‍ പന്ത്രണ്ടു വഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കാറുണ്ട്. ഇനി 2018-ലാണ് ഇവിടെ നീലക്കുറിഞ്ഞി കൂട്ടമായി പൂവിടുക. എന്തായാലും നമുക്ക് വനം വകുപ്പിന്റെ പ്രത്യേക വണ്ടിയില്‍ കയറി രാജമലയിലേക്ക് പോകാം. ഭാഗ്യമുണ്ടെങ്കില്‍ വരയാടുകളെ കൂട്ടത്തോടെ കാണാം. ചന്ദനമരങ്ങള്‍ വളരുന്ന മറയൂര്‍ വനത്തിലേക്ക് മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ചന്ദനമരങ്ങള്‍ കാണാന്‍ നമുക്കു പിന്നീടൊരിക്കല്‍ വരാം. ഇപ്പോള്‍ രാജമല കണ്ടിട്ട് മടങ്ങാം.

സ്‌നേഹത്തോടെ
പിക്കും നിക്കും