സൂര്യഭഗവാന്റെ മഹത്ത്വം


'ധര്‍മാരണ്യന്‍' എന്ന സല്‍സ്വഭാവിയും ഭക്തനുമായ ഒരു ബ്രാഹ്മണന്‍ അയോധ്യാനഗരത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്‌നി സുഗുണ, പേര്‍ സൂചിപ്പിക്കുംപോലെ ഗുണവതിയായിരുന്നു. അവര്‍ക്ക് ആറ് ആണ്‍മക്കളും നാലു പെണ്‍മക്കളും ജനിച്ചു.

യാതൊരു കലഹവുമില്ലാത്ത സ്‌നേഹം നിറഞ്ഞ കുടുംബമായിരുന്നു ധര്‍മാരണ്യന്റേത്. എല്ലാ ചുമതലകളും തീര്‍ത്ത് മനസ്സമാധാനത്തോടെ ആ ദമ്പതിമാര്‍ കഴിയുന്നതിനിടയ്ക്ക് സുഗുണ പെട്ടെന്ന് മരിച്ചുപോയി. ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടായപ്പോള്‍ ധര്‍മാരണ്യന്‍ ഈശ്വരപ്രാര്‍ഥനയിലൂടെ മോക്ഷം നേടാമെന്നു കരുതി തീര്‍ഥയാത്രയ്ക്കു പോയി. പോവുന്ന വഴിക്ക് ഭൂമിയില്‍ ഒരു വലിയ തുള കണ്ട് അദ്ദേഹം അതിലൂടെ ഇറങ്ങി. നാഗലോകത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. പാമ്പുകള്‍ അദ്ദേഹത്തെ കടിക്കാന്‍ വേണ്ടി ചീറിക്കൊണ്ട് അടുത്തുവന്നു. ധര്‍മ്മാരണ്യന്‍ പേടിച്ചുവിറച്ചു!

ആ സമയത്ത് വലിയൊരു പാമ്പ് ധര്‍മാരണ്യനെ രക്ഷിക്കാന്‍ പാഞ്ഞെത്തി. കടിക്കാന്‍ വന്ന പാമ്പുകളെ അത് ആട്ടിയോടിച്ച്, ബ്രാഹ്മണനെ വന്ദിച്ച് പറഞ്ഞു: ''പത്മനാഭന്‍ എന്നാണ് എന്റെ പേര്‍. ഈ പാമ്പുകളുടെ രാജാവാണ് ഞാന്‍. സൂര്യഭഗവാന്റെ തേരിന്റെ ചക്രങ്ങള്‍ കാക്കാന്‍ ഞാനും എന്റെ പ്രജകളില്‍ മുഖ്യരും പോകാറുണ്ട്. ഇപ്പോള്‍ ഞാന്‍ അങ്ങോട്ടു പോവുകയാണ്. അങ്ങ് ഇവിടെ താമസിച്ചുകൊള്ളുക. ആറു മാസം കഴിഞ്ഞ് ഞാന്‍ തിരികെ വന്നിട്ടേ പോകാവൂ. പാമ്പുകളാരും ഇനി അങ്ങയെ ഉപദ്രവിക്കുകയില്ല!''

അതനുസരിച്ച് ധര്‍മാരണ്യന്‍ ഭഗവാനെ ധ്യാനിച്ചുകൊണ്ട് നാഗലോകത്തില്‍ താമസിച്ചു. ആറു മാസത്തിനുശേഷം പത്മനാഭന്‍ മടങ്ങിയെത്തി. ധര്‍മാരണ്യന്‍ പത്മനാഭനോട് പറഞ്ഞു: ''അങ്ങ് മഹാത്മാവാണെന്ന് എനിക്കു മനസ്സിലായി. മോക്ഷം കിട്ടാന്‍ എന്താണ് ഉപായം എന്ന് എനിക്ക് പറഞ്ഞുതന്നാലും.''
അപ്പോള്‍ പത്മനാഭന്‍ ഉപദേശിച്ചു: ''മോക്ഷവും ജീവിതസുഖവും ആരോഗ്യവും സൗഭാഗ്യവും കിട്ടാന്‍ സൂര്യദേവനെയാണ് ഉപാസിക്കേണ്ടത്. മഹാവിഷ്ണുവിന്റെ പ്രത്യക്ഷരൂപമാണ് സൂര്യനാരായണന്‍ എന്ന് ഭക്തന്മാര്‍ വിളിക്കുന്ന ആദിത്യഭഗവാന്‍. അങ്ങ് ഭൂമിയിലേക്ക് മടങ്ങിപ്പോയി സൂര്യഭക്തനായ ച്യവനമഹര്‍ഷിയുടെ ആശ്രമത്തിലിരുന്നുകൊണ്ട് സൂര്യഭഗവാനെ നോക്കി തപസ്സുചെയ്യൂ. അങ്ങ് ഉദ്ദേശിച്ച കാര്യം എന്തായാലും സാധിക്കും.''

പത്മനാഭന്‍ പറഞ്ഞതുപോലെ ധര്‍മാരണ്യന്‍ ഭൂമിയിലേക്കു മടങ്ങിപ്പോയി ച്യവനമഹര്‍ഷിയുടെ ആശ്രമം കണ്ടുപിടിച്ചു. പിന്നെ മഹര്‍ഷി ഉപദേശിച്ച മന്ത്രം ജപിച്ച് പ്രത്യക്ഷദൈവമായ സൂര്യനാരായണനെ തപസ്സുചെയ്ത് സായുജ്യം നേടി.