കോട്ടകാണാന്‍ പോരുന്നോ...പോരുന്നോ...?


ഇത്തവണ നമ്മള്‍ ഒരു കോട്ട കാണാനാണ് പോകുന്നത്. വെറും കോട്ടയല്ല, കേരളത്തിലെ ഏറ്റവും വലിയ കോട്ട തന്നെ! ഏതു കോട്ടയാണെന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ? കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ട!

നാല്പത് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വമ്പന്‍ കോട്ട അറബിക്കടലിന് അഭിമുഖമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. നൂറ്റിമുപ്പതോളം അടി ഉയരമുണ്ട് കോട്ടയിലെ ചിലഭാഗങ്ങള്‍ക്ക്. കര്‍ണ്ണാടകത്തിലെ ഒരു നാട്ടുരാജാവായിരുന്ന ശിവപ്പനായിക്കിന്റെ ഭരണകാലത്താണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്്. മുന്നൂറിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ്, ബദനൂരില്‍ ഭരണം നടത്തിയിരുന്ന ശിവപ്പനായിക്ക്, വിജയനഗരസാമ്രാജ്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു.

മൈസൂറിലെ ഭരണാധികാരിയായിരുന്ന ഹൈദരലി, നായിക്കന്മാരെ പരാജയപ്പെടുത്തിയതോടെ ബേക്കല്‍ കോട്ടയുടെ അധികാരവും മൈസൂര്‍ രാജവംശത്തിന് ലഭിച്ചു. പില്‍ക്കാലത്ത് ടിപ്പു സുല്‍ത്താന്റെ പ്രധാന സൈനികത്താവളങ്ങളിലൊന്നായിരുന്നു ഈ കോട്ട. ടിപ്പുസുല്‍ത്താനെ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ ചരിത്രമൊക്കെ കൂട്ടുകാര്‍ പഠിച്ചിട്ടില്ലേ? അതോടെ കടല്‍ത്തീരത്തുള്ള തന്ത്രപ്രധാനമായ ഈ കോട്ടയുടെ നിയന്ത്രണവും ബ്രിട്ടീഷുകാര്‍ക്കായി. ഇപ്പോള്‍ ഇത് പുരാവസ്തു വകുപ്പ്, ചരിത്രസ്മാരകമായി സംരക്ഷിക്കുക
യാണ്.

നമുക്ക് കോട്ടയ്ക്ക് ഉള്ളിലേക്കുപോകാം. മനോഹരമായ ഈ കോട്ടയിലും പരിസരത്തും വച്ച് ധാരാളം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. കോട്ട കാണാന്‍ ഏറ്റവും പറ്റിയ സമയം വൈകുന്നേരമാണ്. സൂര്യാസ്തമനത്തിനുമുണ്ട് പ്രത്യേക ചന്തം. എന്തായാലും കടല്‍ക്കാറ്റേറ്റ് ഈ കോട്ടയില്‍ കുറേസമയം ചെലവഴിച്ച ശേഷം നമുക്ക് മടങ്ങിയാല്‍ മതി.

സ്‌നേഹത്തോടെ
പിക്കും നിക്കും