വണ്ടര്‍ വാനിഷ്!
വിസ്മയകരമായ ഒരു 'അപ്രത്യക്ഷമാക്കല്‍ വിദ്യ'യാണ് ഇത്തവണ.
അങ്കിളിന്റെ കൈയിലെ തീപ്പെട്ടിക്കൊള്ളി ശ്രദ്ധിച്ചില്ലേ? നിങ്ങളെല്ലാം നോക്കിനില്‍ക്കെ ഈ തീപ്പെട്ടിക്കൊള്ളി അങ്കിള്‍ അപ്രത്യക്ഷമാക്കാന്‍ പോവുകയാണ്. എങ്കിലിതാ ആ വണ്ടര്‍ ട്രിക് കണ്ടോളൂ: ''റെഡി, വണ്‍, ടൂ, ത്രീ...''
അത്ഭുതം! തീപ്പെട്ടിക്കൊള്ളി എവിടെപ്പോയി? ഒരുപിടിയും കിട്ടുന്നില്ല, അല്ലേ?


രഹസ്യം

തീപ്പെട്ടി വാനീഷ് ചെയ്യുന്നതിന്റെ സൂത്രമിതാ: മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ തീപ്പെട്ടിക്കൊള്ളിയുടെ അറ്റത്ത് നിറമില്ലാത്ത സെലോടേപ്പ് അല്പം നീളത്തില്‍ വെട്ടിയെടുത്ത് ഒട്ടിക്കണം.

ഇനി തീപ്പെട്ടിക്കൊള്ളി ഒട്ടിച്ച സെലോടേപ്പിന്റെ മറ്റേയറ്റം പെരുവിരല്‍ നഖത്തിലും ഒട്ടിച്ചുവെക്കുക. അപ്പോള്‍ തീപ്പെട്ടിക്കൊള്ളി പെരുവിരലിന്റെ ഉള്‍ഭാഗത്തേക്കായി തൂങ്ങിക്കിടക്കും.

തൂങ്ങിക്കിടക്കുന്ന ഈ തീപ്പെട്ടിക്കൊള്ളിയെ നാം ചൂണ്ടുവിരല്‍ ഉപയോഗിച്ച് ചേര്‍ത്തുപിടിച്ച് കുത്തനെയാക്കി കാണികള്‍ക്കു മുന്‍പില്‍ കാണിക്കണം.

പിന്നെ 'വണ്‍, ടൂ, ത്രീ' പറഞ്ഞ് വിരലുകളെല്ലാം വിടര്‍ത്തുമ്പോള്‍ തീപ്പെട്ടി പെരുവിരലിനു പിന്നിലേക്കു മറിയുകയും പെരുവിരലിനു പിന്നില്‍ നീളത്തില്‍ കിടക്കുന്ന അത് കാണികളുടെ കാഴ്ചയില്‍നിന്ന് മറഞ്ഞുകിടക്കുകയും ചെയ്യും. സൂത്രം എപ്പടി?

അടുത്ത ആഴ്ച മറ്റൊരു ഐറ്റവുമായി അങ്കിള്‍ എത്തും, കാത്തിരുന്നോളൂ!

സ്വന്തം മാജിക് അങ്കിള്‍