വധുവും വരനും ജരല്‍ക്കാരു
പുരാണത്തിലെ പ്രസിദ്ധനായ ഒരു മഹര്‍ഷിയായിരുന്നു ജരല്‍ക്കാരു. 'തപസ്സുചെയ്ത് ഉണങ്ങിപ്പോയ ശരീരം' എന്നാണ് ജരല്‍ക്കാരു എന്ന വാക്കിന്റെ അര്‍ഥം!
ജീവിത സുഖങ്ങളോടൊന്നും ജരല്‍ക്കാരുവിന് താത്പര്യമുണ്ടായിരുന്നില്ല. പരമശാന്തനും തപസ്വിയുമായി അങ്ങനെ നടക്കുന്ന കാലത്ത് ഒരിക്കല്‍ ജരല്‍ക്കാരു അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടു- ഒരു ഒറ്റപ്പുല്‍ക്കൊടിയുടെ തുഞ്ചത്ത് ഏതാനുംപേര്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്നു! താഴെ അതി ഭീകരമായ നരകഗര്‍ത്തം! അവര്‍ പിടിച്ച് തൂങ്ങിയ പുല്‍ക്കൊടിയാണെങ്കില്‍ ഒരു ചുണ്ടെലി കരണ്ടു മുറിച്ചുകൊണ്ടിരിക്കുകയുമാണ്. അതെങ്ങാനും മുറിഞ്ഞു പോയാല്‍ ആ നിമിഷം എല്ലാവരും കൂടി താഴെയുള്ള വമ്പന്‍ ഗര്‍ത്തത്തിലേക്ക് വീഴും!

ജരല്‍ക്കാരു ആ കാഴ്ചകണ്ട് അന്ധാളിച്ചു നിന്നുപോയി. പുല്‍ക്കൊടിയുടെ തുഞ്ചത്ത് തൂങ്ങി നിന്നവര്‍ ജരല്‍ക്കാരുവിനെ കണ്ടയുടനെ ഇങ്ങനെ മുറവിളി കൂട്ടി: ''അല്ലയോ ജരല്‍ക്കാരൂ, നിന്റെ പിതൃക്കളാണ് ഞങ്ങള്‍. നീ കണ്ടല്ലോ ഞങ്ങളുടെ ദുര്‍വിധി. ഞങ്ങള്‍ക്ക് ഇനിയും സ്വര്‍ഗം ലഭിച്ചിട്ടില്ല. നീയാണ് ഞങ്ങളുടെ ഈ ദുര്‍വിധിക്ക് കാരണം!''

ജരല്‍ക്കാരു അമ്പരപ്പോടെ ചോദിച്ചു: ''അല്ലയോ പിതൃക്കളേ, നിങ്ങളുടെ ദുര്‍വിധിയില്‍ ഞാനെങ്ങനെയാണ് കുറ്റക്കാരനാവുന്നത്? ഒന്നു പറഞ്ഞു തന്നാലും!''
പിതൃക്കള്‍ ഇങ്ങനെ പറഞ്ഞു: ''നിനക്കുണ്ടാവുന്ന പുത്രന്റെ കൈകള്‍ കൊണ്ട് പിതൃകര്‍മം ചെയ്താലേ ഞങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കൂ. അതിനായി നീ വേഗം തന്നെ വിവാഹിതനാകണം!''

പിതൃക്കളുടെ ഈ ആവശ്യം ജരല്‍ക്കാരുവിന് തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷേ, അവരെ പിണക്കാന്‍ വയ്യല്ലോ. ഉടനെ ജരല്‍ക്കാരു ഒരു ഉപായം കണ്ടെത്തി. അദ്ദേഹം പറഞ്ഞു: ''ശരി. സമ്മതംതന്നെ. പക്ഷേ, ജരല്‍ക്കാരു എന്നു തന്നെ പേരുള്ള കന്യകയെ ഭിക്ഷയായി ലഭിച്ചാലേ ഞാന്‍ വിവാഹിതനാവൂ!'', ഇതും പറഞ്ഞ് അദ്ദേഹം പിതൃക്കളെ വിട്ട് നടന്നുപോയി.

ജരല്‍ക്കാരുമുനിയുടെ ഈ തീരുമാനം സര്‍പ്പരാജാവായ വാസുകി അറിഞ്ഞു. വാസുകി സന്തുഷ്ടനായി. കാരണം വാസുകിക്ക് ജരല്‍ക്കാരു എന്നു പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. അവളെ വാസുകി അണിയിച്ചൊരുക്കി ജരല്‍ക്കാരു മുനിയുടെ അടുക്കലെത്തിച്ചു പറഞ്ഞു: ''ഇതാ, ജരല്‍ക്കാരു എന്നു പേരുള്ള ഈ സുന്ദരിയെ ഭിക്ഷയായി സ്വീകരിക്കൂ. എന്റെ പ്രിയ സഹോദരിയാണിവള്‍!''

അങ്ങനെ ജരല്‍ക്കാരു മുനി ജരല്‍ക്കാരു എന്ന സുന്ദരിയെ വിവാഹം ചെയ്യുകയും അവര്‍ക്കുണ്ടായ പുത്രന്‍ കാരണം പിതൃക്കള്‍ക്ക് മോക്ഷം കിട്ടുകയും ചെയ്തു.