ആരുനല്‍കും ഭൂമിക്കൊരു കുട?
സപ്തംബര്‍ 16 ഓസോണ്‍ ദിനം. മാരകമായ പല വിപത്തുകളില്‍നിന്നും ഒരു കുടപോലെ ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ കവചത്തെപ്പറ്റിയാണ് ഇത്തവണത്തെ സ്റ്റഡിസോണ്‍

ശോഷണം കൂടിയാല്‍


ഓസോണ്‍ ശോഷണത്തിന്റെ ഫലമായി കടലിലെ സസ്യപ്ലവഗങ്ങളുടെ അളവില്‍ കാര്യമായ കുറവ് ഉണ്ടാകുന്നു. ഇത് അത്തരം പ്ലവഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാവുന്നു. കാര്‍ബണ്‍ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് കാര്‍ബണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സസ്യപ്ലവഗങ്ങളുടെ പങ്ക് വളരെ വലുതാണ്.
അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ഭൂമിയിലെത്തിയാല്‍ സ്വാഭാവികമായും അന്തരീക്ഷതാപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകും.

കുട കീറിയതിന് പിന്നില്‍


വ്യാവസായിക ഉത്പന്നങ്ങളില്‍നിന്ന് പുറത്തുവരുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളാണ് ഓസോണ്‍ കുടയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്നത്. */* എന്ന ഈ വാതകത്തിനു പകരം പുതിയ വാതകങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ അന്തരീക്ഷത്തിലെത്തിയ */* ദീര്‍ഘകാലം നിലനില്‍ക്കും എന്നുള്ളതുകൊണ്ട് ഇത്രകാലം നാം പുറത്തുവിട്ട വാതകങ്ങളുടെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്.ഓസോണിന് ഭീഷണിയാകുന്ന പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവയില്‍ എയര്‍കണ്ടീഷണറുകളും റഫ്രിജറേറ്ററുകളും പെര്‍ഫ്യൂമുകളും ഷേവിങ് ക്രീമുകളും എല്ലാം ഉള്‍പ്പെടും.

താഴത്തെ ഓസോണ്‍



അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളി സംരക്ഷണ കവചമാണെങ്കില്‍ താഴേത്തട്ടിലുള്ള ഓസോണ്‍ അപകടകാരിയാണ്. രോഗപ്രതിരോധശക്തിയെ താറുമാറാക്കുക, ശ്വാസകോശം, കണ്ണുകള്‍ എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുക എന്നിവയെല്ലാം ഓസോണിന്റെ ആധിക്യംമൂലം ഉണ്ടാകുന്ന ദോഷങ്ങളാണ്. പഴയ ടയറുകള്‍ വെടിച്ചുകീറുന്നതില്‍ അന്തരീക്ഷത്തിലുള്ള ഓസോണിന് പങ്കുണ്ട്.

താഴേത്തട്ടിലുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് കാര്യമായി വര്‍ധിച്ചത് വ്യാവസായിക വിപ്ലവത്തോടെയാണ്. വാഹനങ്ങളില്‍നിന്നും വ്യവസായശാലകളില്‍നിന്നും മറ്റും പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രോകാര്‍ബണുമൊക്കെ ഓസോണ്‍ നിര്‍മാണത്തിന് കാരണക്കാരാണ്. ഇലക്ട്രിക് മോട്ടോറുകള്‍, എയര്‍ പ്യൂരിഫയറുകള്‍, ലേസര്‍ പ്രിന്ററുകള്‍, ഫോട്ടോകോപ്പി യന്ത്രങ്ങള്‍ എന്നിവയെല്ലാം ഓസോണിന്റെ അളവ് കാര്യമായി വര്‍ധിപ്പിക്കുന്നുണ്ട്.

അന്റാര്‍ട്ടിക്കയിലെ വിള്ളല്‍!


അന്റാര്‍ട്ടിക്കയുടെ മുകളില്‍ ഓസോണില്‍ കണ്ടെത്തിയ തുള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചല്ലോ? എന്താണ് ഈ വിള്ളലിന് വഴിവെച്ച അവിടുത്തെ സാഹചര്യം എന്നു നോക്കാം.
അന്റാര്‍ട്ടിക്കയിലെ തണുപ്പുകാലം നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. -80 ഡിഗ്രിസെല്‍ഷ്യസ് ഒക്കെയാവും അപ്പോഴവിടത്തെ താപനില. തണുപ്പുകാലമാവുമ്പോഴേക്കും അന്റാര്‍ട്ടിക്കയില്‍ ധ്രുവ നീര്‍ച്ചുഴി എന്നു പേരുള്ള വൃത്താകൃതിയിലുള്ള ശക്തമായ കാറ്റ് രൂപപ്പെടും. ഇത് വൃത്തത്തിന് പുറത്തുള്ള വായുവിനെ അകത്തേക്കോ അകത്തുള്ളതിനെ പുറത്തേക്കോ കടക്കാന്‍ അനുവദിക്കില്ല.

തണുപ്പുകാലം കഴിയുംവരെ അന്റാര്‍ട്ടിക്കയില്‍ സൂര്യന്‍ എത്തിനോക്കുകപോലുമില്ലെന്ന് അറിയാമല്ലോ! ഈ കൊടുംതണുപ്പ് 'പോളാര്‍ സ്ട്രാറ്റോസ്ഫറിക്' എന്നുപേരുള്ള മേഘങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു. ഈ മഞ്ഞുമേഘങ്ങളില്‍ നൈട്രിക് ആസിഡും ഐസുമൊക്കെയുണ്ടാവും. വസന്തകാലം തുടങ്ങുമ്പോള്‍ സൂര്യപ്രകാശം വീണ്ടും അന്റാര്‍ട്ടിക്കയിലെത്തും. അപ്പോള്‍ അന്തരീക്ഷത്തിലുള്ള ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കും. ഈ പ്രക്രിയയ്ക്ക് പ്രതലമൊരുക്കുന്നത് മഞ്ഞുമേഘങ്ങളാണ്. ഇങ്ങനെ സ്വതന്ത്രമാവുന്ന ക്ലോറിന്‍, ഓസോണ്‍ പാളിയെ ആക്രമിക്കും.

സപ്തംബര്‍ മാസത്തില്‍ അന്റാര്‍ട്ടിക്കയ്ക്ക് മുകളിലുള്ള ഓസോണ്‍ തുള വലുതാവുകയും ഡിസംബര്‍ പകുതിയോടെ ഓസോണ്‍ സമ്പുഷ്ടമായ വായു പ്രവേശിച്ച് തുള അടയുകയും ചെയ്യുന്നു.
2006 സപ്തംബര്‍ 25-നായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഓസോണ്‍ ദ്വാരം ഉണ്ടായത്. 29.5 ദശലക്ഷം കിലോമീറ്റര്‍ വിസ്തൃതി. അതായത് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തേക്കാള്‍ വലുത്. 2008 സപ്തംബറിലുണ്ടായ തുള ദീര്‍ഘനാള്‍ അതായത് ഡിസംബര്‍ അവസാനംവരെ നീണ്ടുനിന്നു.