ഹൊയ്‌സാലരുടെ ശില്പവിസ്മയം!


പണ്ട് ഹൊയ്‌സാലന്മാര്‍ ഭരിച്ചിരുന്ന ഒരു പ്രദേശത്താണ് ഇത്തവണ നമ്മള്‍ എത്തിയിരിക്കുന്നത്- കര്‍ണാടകത്തിലെ സോമനാഥപുരം എന്ന സ്ഥലത്ത്. മൈസൂറില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയാണ് ശാന്തമായ ഈ ഗ്രാമം. ഇവിടെ എത്തി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍പ്പോലും എന്തിനാണ് ഇവിടെ വന്നതെന്ന് പിടികിട്ടുകയില്ല. പക്ഷേ, ഇവിടെയുള്ള വലിയൊരു മതില്‍ക്കെട്ടിനുള്ളില്‍ അതിമനോഹരമായ ഒരു ക്ഷേത്രമുണ്ട് - ചെന്നകേശവ ക്ഷേത്രം.

മതില്‍ക്കെട്ടിനു പുറത്തുനിന്ന് നോക്കിയാല്‍ ഉള്ളില്‍ തലഉയര്‍ത്തിനില്‍ക്കുന്ന ചില ഗോപുരങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ. മനോഹരമായ കവാടം കടന്ന് ഉള്ളിലെത്തുമ്പോഴോ? കരിങ്കല്ലില്‍ തീര്‍ത്ത അതിമനോഹരമായ ഒരു ക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടില്‍ ഹൊയ്‌സാല രാജാവായ നരസിംഹന്‍ മൂന്നാമന്റെ കാലത്താണ് ചെന്നകേശവക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഈ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

വിടര്‍ന്ന താമരയുടെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ അടിത്തറ. ക്ഷേത്രത്തിന്റെ പ്രധാനഭാഗം ചതുരാകൃതിയിലും മറ്റുഭാഗങ്ങള്‍ ഗോപുരങ്ങളായുമാണ് നിര്‍മ്മിച്ചിരിക്കുന്നത്്. ഹൊയ്‌സാല ശില്പകലയുടെ മികച്ച മാതൃകകളിലൊന്നാണ് ഈ ക്ഷേത്രം. ബേലൂര്‍, ഹലേബിഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളോട് വളരെയേറെ സാമ്യമുണ്ട് ഇതിന്.

ക്ഷേത്രത്തിന്റെ പുറംഭാഗം മുഴുവന്‍ അതിമനോഹരമായ ശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതു കണ്ടില്ലേ? കരിങ്കല്ലില്‍ തന്നെയാണോ ഇവ നിര്‍മ്മിച്ചിരുക്കുന്നതെന്ന് നമുക്ക് സംശയം തോന്നും. അത്രയ്ക്ക് ചെറിയ ശില്പങ്ങള്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍. ക്ഷേത്രത്തിനുള്ളിലുമുണ്ട് മനോഹരമായ ശില്പങ്ങള്‍. മച്ചില്‍ കൊത്തിവച്ചിരിക്കുന്ന ശില്പങ്ങളും അതിശയകരമാണ്.

ക്ഷേത്രത്തിലെ കൊത്തുപണികളെല്ലാം വിശദമായി കാണണമെങ്കില്‍ വളരെ സമയം വേണം. എന്തായാലും ഇവയെല്ലാം വിശദമായി കണ്ടിട്ട് നമുക്ക് മടങ്ങിയാല്‍ മതി.

സ്‌നേഹത്തോടെ
പിക്കും നിക്കും