മായാമോതിരം!
റബ്ബര്‍ബാന്‍ഡും മോതിരവും ഉപയോഗിച്ചുള്ള ഒരു സൂപ്പര്‍വിദ്യയാണ് ഇത്തവണ. കൂട്ടുകാര്‍ റെഡിയാണെങ്കില്‍ തുടങ്ങാം. ദാ, അങ്കിള്‍ അങ്കിളിന്റെ കൈയിലെ ഈ റബ്ബര്‍ബാന്‍ഡ് ഈ മോതിരത്തിനുള്ളിലൂടെ കടത്തി ഇങ്ങനെ വലിച്ചു പിടിക്കുകയാണ്.

ഇനിയോ? നമ്മുടെ മാലുവിനെപ്പോലെ അങ്കിളും ഒരു മന്ത്രം ചൊല്ലുന്നു: ''അബ്രകഡബ്രാ ജിബ്ര കഡബ്രാ!'' മന്ത്രം ചൊല്ലേണ്ട താമസം,മോതിരം വലത്തുനിന്ന് ഇടത്തോട്ട് കുലുങ്ങിക്കുലുങ്ങി ഓട്ടം തുടങ്ങി!
ശ്രദ്ധിക്കണേ ആ ഭാഗത്തേക്ക് അങ്കിള്‍ റബ്ബര്‍ബാന്‍ഡ് ചെരിച്ചുപിടിച്ചിട്ടൊന്നുമില്ല. എന്നിട്ടും മോതിരം അങ്ങോട്ട് ഓടിയതിന്റെ സൂത്രം എന്താവും? അതറിയാന്‍ താഴെ വായിക്കൂ...



രഹസ്യം


വളരെ 'സിമ്പിള്‍' ആണിതിന്റെ സൂത്രം! ഒന്നാമതായി നീളമുള്ള റബ്ബര്‍ബാന്‍ഡ് എടുക്കാന്‍ ശ്രദ്ധിക്കുക. റബ്ബര്‍ബാന്‍ഡിന്റെ വലത്തേയറ്റം ഏതാണ്ട് നടുഭാഗം വരെ വിരലിനകത്താക്കി വേണം പിടിക്കേണ്ടത്. ഇടതുഭാഗത്ത് റബ്ബര്‍ബാന്‍ഡിന്റെ അറ്റത്തുതന്നെ പിടിക്കാം.

മന്ത്രം ചൊല്ലുന്നതോടൊപ്പം ആരുമറിയാതെ നമ്മള്‍ ഒരു കാര്യം ചെയ്യണം. വലത്തേ കൈയിലെ റബ്ബര്‍ബാന്‍ഡിന്റെ പിടി അല്‍പാല്‍പമായി 'ലൂസ്' ആക്കിക്കൊടുക്കണം. അപ്പോഴോ? വിരലുകള്‍ക്കകത്ത് മറഞ്ഞിരിക്കുന്ന റബ്ബര്‍ബാന്‍ഡിന്റെ ഭാഗം അല്പാല്പമായി വലതുഭാഗത്തേക്ക് നീളും. ഇക്കാര്യമറിയാത്ത കാണികള്‍ എന്തു കരുതും? മോതിരമാണ് വലത്തോട്ട് തെന്നിത്തെന്നി നീങ്ങുന്നതെന്ന്! സൂത്രം എങ്ങനെയുണ്ട്?

സ്വന്തം മാജിക് അങ്കിള്‍