രാധയുടെ കൃഷ്ണഭക്തി!


ഭഗവാന്‍ ശ്രീകൃഷ്ണന് ഒട്ടേറെ ഭക്തജനങ്ങളുണ്ടെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു രാധയ്ക്ക് കൃഷ്ണനോടുള്ള ഭക്തി. രാധയുടെ ഭക്തിയുടെ ആഴത്തെക്കുറിച്ച് ഒരു കഥയുണ്ട്. കേട്ടോളൂ...

കൃഷ്ണന്‍ ദ്വാരകയില്‍ പത്‌നിമാരായ രുക്മിണിക്കും സത്യഭാമയ്ക്കുമൊപ്പം കഴിയുന്ന കാലം. ഒരു ദിവസം അദ്ദേഹത്തിന് ഭയങ്കരമായ തലവേദന വന്നു. എന്തെല്ലാം ചെയ്തിട്ടും തലവേദന മാറിയില്ല. ആ സമയത്ത് ശ്രീ പരമേശ്വരന്റെ മകനായ സുബ്രഹ്മണ്യന്‍ അവിടെയെത്തി. കൃഷ്ണന്റെ അസുഖത്തെക്കുറിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞു: ''കൃഷ്ണനില്‍ ഏറ്റവുമധികം ഭക്തിയുള്ള ഒരാളുടെ കാലുകള്‍ കഴുകിയ വെള്ളം കുടിച്ചാലേ ഈ തലവേദന മാറൂ.''

ഇതു കേട്ടതോടെ രുക്മിണിയും സത്യഭാമയും ഒരേ സ്വരത്തില്‍ പറഞ്ഞു: ''അയ്യോ, ഞങ്ങളുടെ കാല്‍ കഴുകിയ വെള്ളം കൃഷ്ണനു കുടിക്കാന്‍ കൊടുക്കുകയോ? അതിന്റെ പാപം ഞങ്ങള്‍ക്കല്ലേ?''

അവരെപ്പോലെ ദേവകിയും വസുദേവരും എന്നുവേണ്ട, മറ്റാരും അതിനു ധൈര്യപ്പെട്ടില്ല. അപ്പോള്‍ അവിടേക്ക് വന്നുചേര്‍ന്ന ഗാര്‍ഗമുനിക്ക് ഒരു ഉപായം തോന്നി. അദ്ദേഹം വേഗം അമ്പാടിയിലേക്ക് പോയി. അവിടെ കൃഷ്ണഭക്തയായ രാധയുണ്ടായിരുന്നു. ഗര്‍ഗമുനി രാധയോട് കൃഷ്ണന്റെ അസുഖത്തെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും പറഞ്ഞു: ഉടന്‍ രാധ ഒട്ടും സംശയിക്കാതെ പറഞ്ഞു. ''എന്റെ കാല്‍ കഴുകിയ വെള്ളം കുടിച്ചാല്‍ കൃഷ്ണന്റെ തലവേദന മാറുമെങ്കില്‍, ഇപ്പോള്‍ത്തന്നെ അത് കൊണ്ടു പൊയ്‌ക്കോളൂ. അതിന്റെ പാപം ഞാനേറ്റു കൊള്ളാം. എന്നാലും കൃഷ്ണന്റെ അസുഖം മാറുമല്ലോ?''

അങ്ങനെ, രാധയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചതോടെ കൃഷ്ണന്റെ തലവേദന നിശ്ശേഷം മാറി. സന്തോഷവാനായ കൃഷ്ണന്‍ രാധയെ അനുഗ്രഹിച്ചു: ''താന്‍ രാധയോടൊപ്പം വസിക്കുമ്പോള്‍ മറ്റു ഭക്തര്‍ക്കാര്‍ക്കും തന്നെ കാണാന്‍ കഴിയുകയില്ല'' എന്ന്.

അതോടെ രാധയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയുടെ ആഴം എത്രത്തോളമുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.