നന്ദഗോപരെ കാണാനില്ല


മധുരയിലെ കാരാഗൃഹത്തില്‍ ദേവകിയുടെ പുത്രനായി ശ്രീകൃഷ്ണന്‍ ജനിച്ച കഥ കൂട്ടുകാര്‍ക്ക് അറിയാമല്ലോ. ദുഷ്ടനായ കംസന്‍ അറിയാതെ വസുദേവര്‍ ശ്രീകൃഷ്ണനെ ഗോകുലത്തില്‍ എത്തിച്ചു. അവിടെ യശോദയുടെയും നന്ദഗോപരുടെയും മകനായിട്ടാണ് ശ്രീകൃഷ്ണന്‍ ഏറെക്കാലം വളര്‍ന്നത്. നന്ദഗോപരും യശോദയും ശ്രീകൃഷ്ണനെ വളര്‍ത്താന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് അറിയാമോ? ആ കഥ കേട്ടോളൂ...

ദേവന്മാരുടെ പശുവാണ് കാമധേനു. അഷ്ടവസുക്കളില്‍ ഒരാളായ ദ്രോണനും അദ്ദേഹത്തിന്റെ ഭാര്യ, ധരയും കൂടി ഒരിക്കല്‍ കാമധേനുവിന്റെ പാല്‍ കറന്നെടുത്തു. എന്നിട്ട് മറ്റാര്‍ക്കും കൊടുക്കാതെ കുടിച്ചുതീര്‍ത്തു. ഇക്കാര്യം അറിഞ്ഞ ബ്രഹ്മാവ് അവരെ ശപിച്ചു: ''പശുക്കളെ മേയ്ക്കുന്ന ഇടയന്മാരായി നിങ്ങള്‍ ഭൂമിയില്‍ ജനിക്കട്ടെ!''

ദ്രോണനും ധരയും ബ്രഹ്മാവിന്റെ കാല്‍ക്കല്‍ വീണുകരഞ്ഞ് ശാപമോക്ഷത്തിന് അപേക്ഷിച്ചു. ഒടുവില്‍ ബ്രഹ്മാവ് പറഞ്ഞു: ''വിഷമിക്കേണ്ട, ദ്വാപരയുഗത്തില്‍ വിഷ്ണുഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിക്കും. അപ്പോള്‍ ആ കുഞ്ഞിനെ വളര്‍ത്താനുള്ള ഭാഗ്യം നിങ്ങള്‍ക്ക് ലഭിക്കും. ഭഗവാനെ വളര്‍ത്തിയതിന്റെ പുണ്യംകൊണ്ട് നിങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുകയും ചെയ്യും.''
അങ്ങനെ ദ്രോണനും ധരയും നന്ദഗോപരും യശോദയുമായി ജനിച്ചു.

ബ്രഹ്മാവിന്റെ അനുഗ്രഹംപോലെ ശ്രീകൃഷ്ണന്‍ അവരുടെ വളര്‍ത്തുമകനായി ഗോകുലത്തില്‍ എത്തുകയും ചെയ്തു.

അങ്ങനെയിരിക്കെ നന്ദഗോപരെ കാണാന്‍ സമുദ്രദേവനായ വരുണന് ആഗ്രഹം തോന്നി. നന്ദഗോപരെ കൂട്ടിക്കൊണ്ടുവരാനായി വരുണന്‍ ഒരു ദൂതനെ പറഞ്ഞയച്ചു. ആ ദൂതന്‍ എന്തുചെയ്‌തെന്നോ? യമുനാനദിയില്‍ കുളിക്കാനിറങ്ങിയ നന്ദഗോപരെ ഒന്നുംപറയാതെ പിടിച്ചുകൊണ്ടുപൊയ്ക്കളഞ്ഞു!

പിന്നത്തെ പുകില് പറയാനുണ്ടോ? നന്ദഗോപരെ കാണാതെ ഗോകുലത്തിലുള്ളവരെല്ലാം അന്വേഷണം തുടങ്ങി. ഒടുവില്‍ ശ്രീകൃഷ്ണന്‍ നന്ദഗോപരെ അന്വേഷിച്ച് വരുണന്റെ കൊട്ടാരത്തിലെത്തി. ഇതുതന്നെയായിരുന്നു വരുണനും കാത്തിരുന്നത്. ശ്രീകൃഷ്ണനെ വണങ്ങിയിട്ട് വരുണന്‍ പറഞ്ഞു: ''അങ്ങയുടെ വളര്‍ത്തച്ഛനായ നന്ദഗോപരെ അഭിനന്ദിക്കാനാണ് ഞാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. നന്ദഗോപരെ അന്വേഷിച്ച് അങ്ങ് ഇവിടെ എത്തുമെന്നും എനിക്ക് അറിയാമായിരുന്നു. ശ്രീകൃഷ്ണാവതാരത്തില്‍ അങ്ങയെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം
തന്നെ!''

വൈകാതെ വരുണന്‍ സന്തോഷത്തോടെ ശ്രീകൃഷ്ണനെയും നന്ദഗോപരെയും യാത്രയാക്കി.

വിഷ്ണുഭഗവാന്‍തന്നെയാണ് തന്റെ മകനായി വളരുന്നതെന്നും ഇതോടെ തന്റെയും ഭാര്യയുടെയും ഭൂമിയിലെ ജീവിതം അവസാനിക്കുമെന്നും മനസ്സിലാക്കിയ നന്ദഗോപര്‍ക്കും വളരെയധികം സന്തോഷമായി. ശ്രീകൃഷ്ണനും നന്ദഗോപരും മടങ്ങിയെത്തിയതോടെ ഗോകുലത്തിലുള്ളവര്‍ക്കും സന്തോഷമായി.