ചന്ദനം മണക്കുന്ന താഴ്‌വരയില്‍

ചന്ദനമരങ്ങള്‍ കാണാനാണ് ഇത്തവണ നമ്മള്‍ എത്തിയിരിക്കുന്നത്. ഒന്നും രണ്ടുമൊന്നുമല്ല, കാട്ടില്‍ കൂട്ടമായി വളര്‍ന്നു നില്‍ക്കുന്ന ചന്ദനമരങ്ങള്‍ തന്നെ! സ്ഥലം ഏതാണെന്ന് മനസ്സിലായിക്കാണുമല്ലോ?ഇടുക്കിജില്ലയിലെ മറയൂര്‍! കേരളത്തില്‍ ചന്ദനമരങ്ങള്‍ കൂട്ടമായി കാണപ്പെടുന്ന ഒരേയൊരിടമാണിത്.
റോഡിനിരുവശവും നിറയെ ചന്ദനമരങ്ങള്‍. ഇവ കള്ളന്മാര്‍ കൊണ്ടുപോകാതിരിക്കാനായി ഇരുമ്പു വല ഉപയോഗിച്ച് വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ വണ്ടികള്‍ നിര്‍ത്താനോ ചന്ദനമരങ്ങളുടെ അടുത്തേക്ക് പോകാനോ സമ്മതിക്കാറില്ല.
മറയൂരിന് ഈ പേര് കിട്ടിയത് എങ്ങനെയാണെന്ന് അറിയാമോ? നാലുവശവും മലകള്‍ ഉള്ള ഒരു പ്രദേശമാണിത്. അങ്ങനെ മറ്റു സ്ഥലങ്ങളില്‍ നിന്ന് മറഞ്ഞു കിടക്കുന്ന പ്രദേശമായതിനാലാണ് മറയൂര്‍ എന്ന പേരു വന്നതത്രെ. കേരളത്തിലെ 'മഴനിഴല്‍പ്രദേശ'ങ്ങളിലൊന്നാണിത്. പര്‍വതങ്ങളുടെ പ്രത്യേക കിടപ്പു കാരണം ഇവിടെ സാധാരണപോലെ മഴ ലഭിക്കാറില്ല.
ക്രിസ്തുവിന്റെ ജനനത്തിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കരിങ്കല്ല് അടുക്കിവച്ച് ഉണ്ടാക്കിയ ചില പാര്‍പ്പിടങ്ങള്‍ ഇവിടെ ഉണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ 'വീടുകള്‍' മുനിയറ എന്നാണ് അറിയപ്പെടുന്നത്.

കരിമ്പുകൃഷിക്ക് പ്രസിദ്ധമാണ് മറയൂര്‍. നോക്കെത്താദൂരത്തോളം കരിമ്പിന്‍ പാടങ്ങളാണിവിടെ. ഇടയ്ക്കിടെ ശര്‍ക്കര ഫാക്ടറികളും. ഫാക്ടറി എന്നു പറഞ്ഞാല്‍ വലിയ കെട്ടിടങ്ങളൊന്നുമില്ല. കരിമ്പിന്‍ പാടത്തു തന്നെ അല്പം ഉയര്‍ന്ന തറയില്‍ ചെറിയൊരു ഓലക്കുടില്‍! ഇവിടെയാണ് കരിമ്പു പിഴിഞ്ഞ് നീരെടുത്ത് വലിയ പാത്രത്തില്‍ തിളപ്പിച്ച് ശര്‍ക്കരയുണ്ടാക്കുന്നത്. ശര്‍ക്കരപ്പാവ് ഒരു പരന്ന പാത്രത്തിലൊഴിച്ച് കുറച്ച് തണുത്തു കഴിയുമ്പോള്‍ കൈകൊണ്ട് ഉരുട്ടി ശര്‍ക്കരയുണ്ടാക്കും! ഇതാണ് പ്രശസ്തമായ മറയൂര്‍ ശര്‍ക്കര. വെളുത്തുള്ളി കൃഷിക്കും പ്രസിദ്ധമാണ് മറയൂര്‍. എന്തായാലും കുറച്ച് ശര്‍ക്കരയും വെളുത്തുള്ളിയുമൊക്കെ വാങ്ങിയിട്ട് നമുക്ക് മടങ്ങിയാല്‍ മതി.
സ്‌നേഹത്തോടെ
പിക്കും നിക്കും
മൂന്നാറില്‍ നിന്നും മറയൂരിലേക്കുള്ള വഴി
View Larger Map