പ്രാണധരനും രാജ്യധരനും

പണ്ടുപണ്ട് കാഞ്ചിനഗരത്തില്‍ പ്രാണധരന്‍ എന്നും രാജ്യധരന്‍ എന്നും പേരുള്ള രണ്ടു തച്ചന്മാരുണ്ടായിരുന്നു. മായാസുരന്‍ എന്ന പ്രഗല്ഭനായ തച്ചനില്‍നിന്ന് അവര്‍ പല യന്ത്രപ്പണികളും പഠിച്ചെടുത്തു. അങ്ങനെ അവര്‍ ധാരാളം പണം സമ്പാദിച്ചു.
എന്നാല്‍, മൂത്തവനായ പ്രാണധരന്‍ ദുരാഗ്രഹിയും ദുഃശ്ശീലങ്ങളുള്ളവനുമായിരുന്നു. തന്റെ പണമെല്ലാം അയാള്‍ ചൂതുകളിച്ച് കളഞ്ഞു. മാത്രമല്ല, നല്ലവനായ
രാജ്യധരന്റെ സമ്പത്തുകൂടി അയാള്‍ കൈക്കലാക്കി നശിപ്പിച്ചു. അങ്ങനെ രണ്ടുപേരും വീണ്ടും ദരിദ്രരായി മാറി. ജീവിക്കാന്‍ വേറെ വഴിയില്ലാതെ അവര്‍ രാജാവിന്റെ ഖജനാവ് കൊള്ളയടിക്കാന്‍തീരുമാനിച്ചു.
അവര്‍ എന്തു ചെയ്‌തെന്നോ? മനോഹരങ്ങളായ രണ്ട് യന്ത്രപ്പറവകളെ ഉണ്ടാക്കി. എന്നിട്ട് അവയുടെ കാലില്‍ ചരടുകെട്ടി കൊട്ടാരത്തിലെ ജനാലവഴി അകത്തേക്ക് കടത്തിവിട്ടു. ഖജനാവിലെ പണവും ആഭരണങ്ങളും കൊക്കിലാക്കി യന്ത്രപ്പറവകള്‍ തിരികെ വന്നു. ഈ മോഷണം പതിവാക്കിയപ്പോള്‍ നല്ലവനായ രാജ്യധരന്‍ ജ്യേഷ്ഠനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍, മോഷണത്തില്‍ രസം കണ്ടെത്തിയ പ്രാണധരനുണ്ടോ ഇത് കേള്‍ക്കുന്നു? അയാള്‍ പിന്മാറാന്‍ തയ്യാറായില്ല.
ഇതിനിടെ ഖജനാവില്‍നിന്ന് പണവും ആഭരണങ്ങളും കളവുപോവുന്നത് രാജാവ് എങ്ങനെയോ അറിഞ്ഞു. കള്ളനെ കയ്യോടെ പിടിക്കാനായി രാജാവ് കാവല്‍ക്കാരെ നിര്‍ത്തി. ഇതൊന്നുമറിയാതെ പ്രാണധരന്‍ പതിവുപോലെ മോഷ്ടിക്കാനെത്തി. യന്ത്രപ്പറവകളെ ജനലിലൂടെ അകത്തേക്ക് കടത്തിവിട്ടു. പണവും ആഭരണങ്ങളും കൊക്കിലാക്കി അവ തിരികെ പോരാന്‍ നേരം രാജാവിന്റെ കാവല്‍ഭടന്മാര്‍ അവയുടെ ചരടില്‍ പിടികൂടി. പേടിച്ചുപോയ പ്രാണധരന്‍ ഓടിച്ചെന്ന് രാജ്യധരനോട് കാര്യങ്ങളെല്ലാം പറഞ്ഞു.
രണ്ടുപേരും മിടുക്കരായ തച്ചന്മാരല്ലേ? അവര്‍ വേഗം രണ്ട് വിമാനമുണ്ടാക്കി. അതില്‍ കയറി രണ്ടുപേരും രണ്ടു ദിക്കിലേക്ക് യാത്ര
യായി. അനുജനായ രാജ്യധരന്‍ കുറെദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ വിമാനം ഉപേക്ഷിച്ച് കാല്‍നടയായി നടന്നു.
ഇനി എന്തുചെയ്യണമെന്നു ചിന്തിച്ചു നടന്ന രാജ്യധരന്റെ മുന്നിലേക്ക് മയിലിന്റെ പുറത്തേറി ദിവ്യനായ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു പറഞ്ഞു: ''രാജ്യധരാ, നിനക്കിതാ ഞാനൊരു ദിവ്യഗൃഹം സമ്മാനിക്കുന്നു. നിനക്ക് വേണ്ടതെല്ലാം ഈ വീട്ടില്‍നിന്നു ലഭിക്കും!'', ഇത്രയും പറഞ്ഞ് ആ ദിവ്യരൂപം അപ്രത്യക്ഷമായി. ഇതുകേട്ട് നല്ലവനായ രാജ്യധരന് സന്തോഷമായി. പിന്നീടുള്ള കാലം അയാള്‍ സന്തോഷത്തോടെ ആ വീട്ടില്‍ സുഖമായി താമസിച്ചു. ദുരാഗ്രഹിയായ പ്രാണധരനെക്കുറിച്ച് പിന്നീടാരും ഒന്നുമറിഞ്ഞില്ല!