സംസാരിക്കുന്ന സിംഹം!
ശൂരനാട് രവി

ആ വൃദ്ധയും ഇളയ മകനും നടന്നുനടന്ന് ഒരു പട്ടണത്തില്‍ ചെന്നു. അവര്‍ക്ക് അന്തിയുറങ്ങാനായി വഴിയോരത്ത് ഒരു കുടില്‍ കിട്ടി. അങ്ങനെയിരിക്കെ മകന് ജീവിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു. കാട്ടില്‍ ചെന്ന് വിറകുശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുവന്നു വിറ്റു. അതില്‍ നിന്നു കിട്ടുന്ന പണംകൊണ്ട് ആഹാരസാധനങ്ങള്‍ വാങ്ങി. അങ്ങനെ പട്ടിണിയില്ലാതെ അവര്‍ കഴിഞ്ഞു.
ഒരിക്കല്‍ കാട്ടിലെത്തിയപ്പോള്‍ ഒരു സിംഹമതാ വായും പിളര്‍ന്ന് നില്ക്കുന്നു. പക്ഷേ, അതിന് ഒരു അനക്കവുമില്ല! അയാള്‍ സൂക്ഷിച്ചുനോക്കി. അത് ഒരു സിംഹത്തിന്റെ കല്‍പ്രതിമയായിരുന്നു. അയാള്‍ പ്രതിമയുടെ അടുക്കലേക്കു ചെന്നു. അദ്ഭുതം തന്നെ. ആ പ്രതിമ ഉടന്‍ സംസാരിച്ചു തുടങ്ങി:
''ഹേ, ചെറുപ്പക്കാരാ, നീ നാളെ ഒരു പാത്രവുമായി വരിക. ആ പാത്രം എന്റെ വായയുടെ താഴെ പിടിക്കണം. അപ്പോള്‍ പാത്രം നിറയെ സ്വര്‍ണനാണയങ്ങള്‍ വീഴും. പാത്രം നിറയുമ്പോള്‍ മാറ്റിവെക്കണം. ഒന്നു പോലും നിലത്തുവീഴരുത്. അങ്ങനെയായാല്‍ നിനക്ക് വലിയ ആപത്തുണ്ടാകും.''
അയാള്‍ അടുത്ത ദിവസം പട്ടണത്തിലെ ചന്തയില്‍നിന്ന് ഒരു ചെറിയ പാത്രം വാങ്ങി. അതുമായി അയാള്‍ സിംഹത്തിന്റെ അടുത്തുചെന്നു. സിംഹം ചോദിച്ചു: ''ഹേ, ചെറുപ്പക്കാരാ. നീ എന്താണ് ഇത്ര ചെറിയ പാത്രം കൊണ്ടുവന്നിരിക്കുന്നത്?''
''എനിക്ക് അതു മതിയാകും സിംഹരാജാവേ'', അയാള്‍ പറഞ്ഞു.
''ശരി. എന്റെ വായയുടെ താഴെ പാത്രം പിടിക്കൂ. പാത്രം നിറയുമ്പോള്‍ കൊണ്ടുപോയ്ക്കോളണം. ഒരെണ്ണം പോലും നിലത്തു വീഴരുത്. അത് നിനക്ക് ആപത്തുണ്ടാക്കും.''
അയാള്‍ അപ്രകാരം ചെയ്തു. പാത്രം നിറയെ സ്വര്‍ണവുമായി അയാള്‍ അമ്മയുടെ അരികിലെത്തി. അമ്മ അദ്ഭുതപ്പെട്ടു. മകന് എങ്ങനെ സ്വര്‍ണം കിട്ടി? വല്ല കൊട്ടാരത്തില്‍ നിന്നോ മറ്റോ മോഷ്ടിച്ചതാകുമോ? അത്ഭുതപ്പെട്ടുനിന്ന അമ്മയോട് അയാള്‍ നടന്നതെല്ലാം വിവരിച്ചു.
സ്വര്‍ണം വിറ്റ് ആ പണംകൊണ്ട് അവര്‍ കുറേ കൃഷിഭൂമിയും ഒരു വീടും വാങ്ങി. നല്ലതുപോലെ കൃഷി ചെയ്ത് ധാന്യങ്ങളുണ്ടാക്കി അവര്‍ രണ്ടുപേരും സുഖമായി ജീവിച്ചു.
തന്റെ അനുജനും അമ്മയും സന്തോഷമായി ജീവിക്കുന്നത് ദുഷ്ടനായ ജ്യേഷ്ഠനും ദുഷ്ടഭാര്യയും അറിഞ്ഞു. അവര്‍ രണ്ടുപേരും അനുജന്റെ വീടും കൃഷിഭൂമിയും കാണാനായി ചെന്നു.
അനുജന് അവരെ സ്നേഹത്തോടെ സ്വീകരിച്ച് നടന്ന കാര്യങ്ങള്‍ എല്ലാം തുറന്നുപറഞ്ഞു. കാട്ടിലെ സിംഹപ്രതിമ, അതിന്റെ വായില്‍ നിന്നു വീണ സ്വര്‍ണം, അതു വിറ്റ് പണം സമ്പാദിച്ച കാര്യം... എല്ലാം പറഞ്ഞു.

ദുഷ്ടനായ ജ്യേഷ്ഠന് അനുജനോട് അസൂയ തോന്നി. പിന്നെ അയാള്‍ മറ്റൊന്നും ചിന്തിച്ചില്ല. അയാളും ഭാര്യയും കൂടി ചന്തയില്‍ നിന്നും ഒരു വലിയ പാത്രം വാങ്ങി. ഏറ്റവും വലിയ പാത്രം! അവര്‍ കാട്ടിലെ സിംഹപ്രതിമയുടെ അടുത്തുചെന്നു. സിംഹപ്രതിമ സംസാരിച്ചു തുടങ്ങി! ദുഷ്ടജ്യേഷ്ഠന് വലിയ പാത്രം സിംഹത്തിന്റെ വായയുടെ താഴെ പിടിച്ചു. സ്വര്‍ണം വീണു തുടങ്ങി. പാത്രം നിറഞ്ഞു. അയാള്‍ പാത്രം നല്ലതുപോലെ കുലുക്കി. വീണ്ടും സ്വര്‍ണം വീണു. അങ്ങനെ ആ വലിയ പാത്രം നിറഞ്ഞ് സ്വര്‍ണം നിലത്തുവീണു. നിലത്തു വീണതെല്ലാം അയാള്‍ വാരി വസ്ത്രത്തില്‍ കെട്ടി. പിന്നെയും സ്വര്‍ണം നിലത്തുവീണു. അത് ഭാര്യയുടെ വസ്ത്രത്തില്‍ വാരിക്കെട്ടി. അപ്പോഴും സ്വര്‍ണം താഴേക്ക് പൊഴിഞ്ഞുകൊണ്ടിരുന്നു.
അപ്പോള്‍ സിംഹപ്രതിമ പറഞ്ഞു:
''ഹേ, സഹോദരാ. എന്റെ തൊണ്ടയില്‍ ഒരു രത്നക്കല്ലിരിപ്പുണ്ട്. അത് അതിവിശേഷപ്പെട്ട ഒന്നാണ്. കൈ കടത്തി ആ രത്നം എടുത്തുകൊള്ളുക. നിന്റെ ഇളയ സഹോദരനുപോലും കൊടുക്കാതെ നിനക്കായി ഞാന്‍ ഇത് തൊണ്ടയില്‍ സൂക്ഷിച്ചിരിക്കുകയാണ്.''
ഇതു കേട്ടപ്പോള്‍തന്നെ ദുഷ്ടനായ സഹോദരന് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി. അയാള്‍ തന്റെ കൈ ആ സിംഹത്തിന്റെ തൊണ്ടയ്ക്കകത്തു കടത്തി. അദ്ഭുതംതന്നെ! ആ സിംഹം പെട്ടെന്ന് വായ അടച്ചുകളഞ്ഞു. ആ ദുഷ്ടന്റെ കൈ അങ്ങനെ ആ സിംഹത്തിന്റെ വായ്ക്കകത്തായി.പിന്നീട് ഒരിക്കലും അയാള്‍ക്ക് ആ കൈ പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല!
NEXT