Mathrubhumi
IST:
Mathrubhumi Parampara
അസഹിഷ്ണുതയുടെ ഇരുള്‍ മൂടുന്ന കാലം

എം.പി. വീരേന്ദ്രകുമാര്‍


കന്നഡ എഴുത്തുകാരനും ഗവേഷകനും യുക്തിവാദിയുമായ എം.എം. കല്‍ബുര്‍ഗിയുടെ വധത്തോടെ രാജ്യത്തെങ്ങുമുള്ള സ്വതന്ത്ര ചിന്തകരും പ്രസ്ഥാനങ്ങളും കനത്ത ആശങ്കയിലായിരിക്കുകയാണ്. കല്‍ബുര്‍ഗി വധം ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. രാജ്യമെങ്ങും പല രൂപത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ തീവ്രവാദികളുയര്‍ത്തുന്ന അസഹിഷ്ണുതയുടെ ഭീഷണിയെക്കുറിച്ച് എം.പി. വീരേന്ദ്രകുമാര്‍ എഴുതുന്ന പരമ്പര

''നിങ്ങള്‍ സുരക്ഷിതനാണെന്നുകരുതി ശാന്തനായിരിക്കേണ്ട. (ഞങ്ങള്‍ക്ക്) ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴയ്ക്കാറില്ല. ഞങ്ങളെത്തുമ്പോള്‍ ഒരു പോലീസ് സുരക്ഷയും നിങ്ങളെ സംരക്ഷിക്കുകയുമില്ല. എങ്ങനെയത് നിര്‍വഹിക്കണമെന്ന് ഞങ്ങള്‍ക്ക് അസ്സലായറിയാം. ഇനി നിങ്ങളുടെ ദിവസങ്ങളെണ്ണിക്കൊള്ളുക''അസഹിഷ്ണുതയുടെ ഇരുള്‍മൂടുന്ന കാലം


കന്നഡ സാഹിത്യകാരനും ഗവേഷകനും യുക്തിവാദിയുമായ എം.എം. കല്‍ബുര്‍ഗി വധിക്കപ്പെട്ട് ഏറെനാള്‍ കഴിയുംമുമ്പ് ഹിന്ദു തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്ന കെ.എസ്. ഭഗവാന്റെ നാളുകളെണ്ണപ്പെട്ടുകഴിഞ്ഞുവെന്ന ഭീഷണിയുയര്‍ന്നിരിക്കുന്നു. മൈസൂരുവിലുള്ള വസതിയിലാണ് ഇംഗ്ലീഷിലെഴുതിയ അജ്ഞാത വധഭീഷണിക്കത്ത് അദ്ദേഹത്തെ തേടിയെത്തിയത്.

''നിങ്ങള്‍ സുരക്ഷിതനാണെന്നുകരുതി ശാന്തനായിരിക്കേണ്ട. (ഞങ്ങള്‍ക്ക്) ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴയ്ക്കാറില്ല. ഞങ്ങളെത്തുമ്പോള്‍ ഒരു പോലീസ്‌സുരക്ഷയും നിങ്ങളെ സംരക്ഷിക്കുകയില്ല. എങ്ങനെയത് നിര്‍വഹിക്കണമെന്ന് ഞങ്ങള്‍ക്ക് അസ്സലായറിയാം. ഇനി നിങ്ങളുടെ ദിവസങ്ങളെണ്ണിക്കൊള്ളുക''. ഒരു സര്‍പ്പത്തിന്റെ പക 12 വര്‍ഷം കത്തിനില്‍ക്കുമെന്ന ഒരു കന്നഡ പഴമൊഴിയും ഈ ഭീഷണിക്കത്തിലുണ്ടായിരുന്നു.

അവരുടെ മൂന്ന് 'വിജയകരമായ' ദൗത്യങ്ങളെക്കുറിച്ചുമുണ്ട് കത്തില്‍ പരാമര്‍ശം. 2013 ആഗസ്ത് 20ാം തീയതി യാഥാസ്ഥിതിക മതനിലപാടുകളെ വിമര്‍ശിച്ച നരേന്ദ്ര ദബോല്‍ക്കറും അതേകാരണത്താല്‍ 2015 ഫിബ്രവരി 20ാം തീയതി ഗോവിന്ദ് പന്‍സാരെയുമാണ് തീവ്രവാദി ഹിന്ദുത്വശക്തികളുടെ വധശിക്ഷയ്ക്ക് വിധേയരായ രണ്ടുപേര്‍. ഇരുവരും മഹാരാഷ്ട്രക്കാര്‍. മൂന്നാമന്‍ കര്‍ണാടക സ്വദേശിയായ കല്‍ബുര്‍ഗിയും. ഈ വധങ്ങള്‍ നടപ്പാക്കിയത് ഒരേ രീതിയിലായിരുന്നുവെന്ന് മഹാരാഷ്ട്രകര്‍ണാടക പോലീസ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.

എഴുത്തുകാരുടെയും ചിന്തകരുടെയും
സര്‍ഗാത്മക സ്വാതന്ത്ര്യത്തെ
നിഹനിക്കുകയാണ് ഹൈന്ദവ
തീവ്രവാദികളുടെ
ആത്യന്തികലക്ഷ്യം


ധാര്‍വാഡിലെ കല്യാണ്‍ നഗറിലുള്ള തന്റെ വസതിയില്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ ആഗസ്ത് 30ാം തീയതി ബൈക്കിലെത്തിയവരില്‍ ഒരാള്‍ വിദ്യാര്‍ഥിയെന്നനിലയ്ക്ക് വിളിക്കുകയും നിര്‍വിശങ്കം വാതില്‍തുറന്ന കല്‍ബുര്‍ഗിക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തത്. മുന്‍ വൈസ്ചാന്‍സലര്‍കൂടിയായ അദ്ദേഹം, കേന്ദ്രസംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ സര്‍ഗപ്രതിഭയുമായിരുന്നു.

കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേദിവസംതന്നെ ബജ്‌റംഗ്ദള്‍ നേതാവ് ബുവിത് ഷെട്ടി ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു: ''പ്രിയപ്പെട്ട കെ.എസ്. ഭഗവാന്‍, അടുത്ത ഊഴം നിങ്ങളുടേതാണ്''. പോലീസ് സംരക്ഷണത്തിലാണ് ഭഗവാനിപ്പോള്‍. മംഗളൂരു സ്വദേശിയായ ഷെട്ടിയെ പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തിട്ടുണ്ട്. ഭഗവാനെതിരെയുള്ള പ്രകോപനത്തിന് കാരണം, അദ്ദേഹം ഭഗവദ്ഗീതയെ തന്റെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട് നടത്തിയ ചില പരാമര്‍ശങ്ങളായിരുന്നു. രാമായണരചയിതാവായ വാല്മീകിമഹര്‍ഷി ശ്രീരാമന്‍ അധഃസ്ഥിതര്‍ക്കെതിരായിരുന്നുവെന്നും മികച്ചൊരു രാജാവായിരുന്നില്ലെന്നും ഇതിഹാസകാവ്യത്തിലെഴുതിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

പ്രശസ്ത പണ്ഡിതനും കവിയുമായിരുന്ന എ.കെ. രാമാനുജന്‍, ഠവൃലല ഔിറൃലറ ഞമാമ്യമിമ:െ എശ്‌ല ഋഃമാുഹല െമിറ ഠവൃലല ഠവീൗഴവെേ ഛി ഠൃമിഹെമശേീി എന്ന, 1987ല്‍ പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച തന്റെ പ്രൗഢപ്രബന്ധത്തില്‍ പറഞ്ഞ വസ്തുതകള്‍ ഇവിടെ പ്രസക്തമാണ്.

''ദക്ഷിണദക്ഷിണ പൂര്‍വേഷ്യയില്‍ കഴിഞ്ഞ 2500ലേറെ വര്‍ഷങ്ങളായി വ്യത്യസ്ത രാമായണങ്ങള്‍ ചെലുത്തുന്ന സ്വാധീനം അദ്ഭുതകരമാണ്. അണ്ണാമീസ് (കംബോഡിയ), ബാലിനീസ്, ബംഗാളി, കംബോഡിയന്‍, ചൈനീസ്, ഗുജറാത്തി, ജപ്പാനീസ്, കന്നഡ, കശ്മീരി, ഖോട്ടാനീസ് (ചൈന), ലവോഷ്യന്‍, മലേഷ്യന്‍, മറാത്തി, ഒറിയ, പ്രക്രത്, സംസ്‌കൃതം, സന്താലി, സിംഹളീസ്, തമിഴ്, തെലുങ്ക്, തായ്, ടിബറ്റന്‍ തുടങ്ങിയ നിരവധി ഭാഷകളില്‍ രാമായണരചനകളുണ്ടായിട്ടുണ്ടെന്ന വസ്തുതതന്നെ അത്യദ്ഭുതകരമാണ്.

''പാശ്ചാത്യഭാഷകളില്‍ രചിക്കപ്പെട്ട രാമായണകഥകളെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നില്ല. വ്യത്യസ്ത ശതകങ്ങളില്‍ രചിക്കപ്പെട്ട രാമായണകഥകള്‍ വൈവിധ്യമാര്‍ന്ന രീതികളിലാണ് രാമകഥ അവതരിപ്പിക്കുന്നത്. സംസ്‌കൃതത്തില്‍ ഇതിഹാസങ്ങള്‍, കാവ്യങ്ങള്‍, ആലങ്കാരികമായ കവിതകള്‍, പുരാണങ്ങള്‍, ഐതിഹ്യകഥകള്‍ എന്നിങ്ങനെ പല ശാഖകളിലുമായി 25ലേറെ രാമകഥാകഥനങ്ങളുണ്ട്.

''നാടകങ്ങള്‍, നൃത്തനാടകങ്ങള്‍, ക്ലാസിക്കല്‍നാടന്‍ശൈലികളിലുള്ള മറ്റ് ആവിഷ്‌കാരങ്ങള്‍ തുടങ്ങിയവകൂടി കൂട്ടിച്ചേര്‍ത്താല്‍ രാമയണകഥാവിഷ്‌കാരങ്ങളുടെ എണ്ണം ഇനിയും കൂടും. ഇതോടൊപ്പം ശില്പങ്ങള്‍, ചുവര്‍ചിത്രങ്ങള്‍, പാവക്കൂത്ത്, നിഴല്‍നാടകങ്ങള്‍ തുടങ്ങി ദക്ഷിണദക്ഷിണ പൂര്‍വേഷ്യന്‍ നാടുകളില്‍ പ്രചാരത്തിലുള്ള കലാരൂപങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്''

തന്റെ പ്രബന്ധത്തില്‍, വിവിധനാടുകളില്‍ പ്രചാരത്തിലുള്ള രാമായണങ്ങളെയും അവ സഹസ്രാബ്ദങ്ങളായി വ്യത്യസ്ത സമൂഹങ്ങളില്‍ ചെലുത്തിവരുന്ന സ്വാധീനത്തെയും പണ്ഡിതോചിതമായി അവതരിപ്പിക്കുകയായിരുന്നു, ദാര്‍ശനികനായ രാമാനുജന്‍. അസഹിഷ്ണുതയ്‌ക്കെതിരെ എക്കാലത്തും കടുത്ത നിലപാടുകളെടുത്ത ഡോ.യു.ആര്‍.അനന്ദമൂര്‍ത്തിയുടെ അടുത്ത സുഹൃത്തായിരുന്നു രാമാനുജന്‍ എന്നു കൂടി ഇവിടെ കുറിക്കട്ടെ

രാമാനുജന്റെ പ്രബന്ധത്തില്‍ നിന്ന് ഈ ഉദ്ധരണിയിവിടെ എടുത്തുചേര്‍ത്തത് നൂറ്റാണ്ടുകളായി ഒരു വിശ്വോത്തര മതേതിഹാസത്തെ എത്രമാത്രം സഹിഷ്ണുതയോടെയാണ് വ്യത്യസ്ത ജനസമൂഹങ്ങള്‍ സമീപിച്ചത് എന്ന് വ്യക്തമാക്കാനാണ്. 2008ല്‍ വലതുപക്ഷ മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ പ്രബന്ധം ഡല്‍ഹി സര്‍വകലാശാലയുടെ സിലബസ്സില്‍നിന്ന് എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കുത്സിതശ്രമം വിജയംകാണുകയും ചെയ്തു. അസഹിഷ്ണുത ഉന്നതവിദ്യാഭ്യാസമേഖലയിലടക്കം പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പായിരുന്നു ഈ സംഭവവികാസം. ഏകശിലാരീതിയിലുള്ള പുനരാവിഷ്‌കാരങ്ങള്‍ക്കുമാത്രമേ അനുമതിയുള്ളൂ എന്ന തിട്ടൂരംകൂടി ഇതിലടങ്ങിയിട്ടുണ്ട്.

ഇതിവിടെ കുറിക്കുന്നത്, 2015 ജനവരി 24ാം തീയതി പെരുമാള്‍ മുരുകന്‍ എന്ന പ്രശസ്ത തമിഴ് എഴുത്തുകാരനെ തീവ്രഹിന്ദുത്വവാദികള്‍ നിശ്ശബ്ദനാക്കിയതിനെക്കുറിച്ച്, 'ചുട്ടുചാമ്പലാക്കുന്നത് ബഹുസ്വരതയെ' എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ്. അദ്ദേഹത്തിന്റെ 'മാതൊരുപാകന്‍' എന്ന രചനയ്ക്ക് അവര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എഴുത്തുകാരുടെയും ചിന്തകരുടെയും സര്‍ഗാത്മക സ്വാതന്ത്ര്യത്തെ നിഹനിക്കുകയാണ് ഈ തീവ്രവാദികളുടെ ആത്യന്തികലക്ഷ്യം.

ഇതോട് ബന്ധപ്പെടുത്തിവേണം സെന്‍സര്‍ബോര്‍ഡില്‍നിന്ന് വിഖ്യാതനര്‍ത്തകി ലീലാ സാംസണ്‍ രാജിവെച്ച സംഭവത്തെ കാണാന്‍. വാര്‍ത്താവിനിമയപ്രക്ഷേപണ മന്ത്രാലയത്തിന്റെ അനാവശ്യ ഇടപെടലുകളിലും കല്പനകളിലും പ്രതിഷേധിച്ചായിരുന്നു അവരുടെ രാജി. ലീലാ സാംസണുപകരം നിയമിക്കപ്പെട്ടത് സംഘപരിവാരത്തിന്റെ പിന്തുണയുള്ള പഹ്‌ലജ് നിഹലാനി.

അദ്ദേഹം ഹൈന്ദവ തീവ്രവാദികളുടെ 'ശുദ്ധസംസ്‌കാരം' നടപ്പാക്കാന്‍ ശ്രമിച്ചതില്‍ രൂക്ഷമായി പ്രതിഷേധിച്ച് ആമിര്‍ ഖാന്‍, ദീപിക പദുകോണ്‍, ശബാന ആസ്മി, വിദ്യാ ബാലന്‍ തുടങ്ങിയ വിഖ്യാത കലാകാരന്മാര്‍ രംഗത്തുവന്നു.

ലളിതകലാ അക്കാദമിയില്‍നിന്ന് അന്തര്‍ദേശീയതലത്തില്‍ത്തന്നെ പ്രശസ്തനായ ഹാര്‍വാഡ് കലാവിദഗ്ധന്‍ ഡോ. കല്യാണ്‍ ചക്രവര്‍ത്തിയെ പുറത്താക്കിയതും ലീലാ സാംസണ്‍ സംഭവത്തിന്റെ തുടര്‍ച്ചതന്നെയാണ്. നാഷണല്‍ മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിന് സര്‍വാത്മനാ യത്‌നിച്ചുകൊണ്ടിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആര്‍. വേണുവിനെ യാതൊരു കാരണവുമില്ലാതെ സ്ഥലം മാറ്റുകയായിരുന്നു. ഇവരിരുവരുടെയും സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടതോ, വലതുപക്ഷ അജന്‍ഡകള്‍ വള്ളിപുള്ളി തെറ്റാതെ നടപ്പാക്കുന്ന, ബന്ധപ്പെട്ട മേഖലകളില്‍ വൈദഗ്ധ്യമോ മുന്‍പരിചയമോ ഇല്ലാത്തവരും! വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ്‌സ് മ്യൂസിയത്തെ അക്കാദമി ഓഫ് ആര്‍ട്‌സ് എന്ന് പുനര്‍നാമകരണം നടത്തി ഷണ്ഡവത്കരിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുവരുന്നതായും അറിയുന്നു.

ഇതേ ദുരവസ്ഥയാണ് രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എച്ച്.ആര്‍.)യും. ഏതാനും ചിലരൊഴിച്ച് കൗണ്‍സിലിന്റെ തലപ്പത്ത് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിക്കഴിഞ്ഞു. കൗണ്‍സില്‍ അധ്യക്ഷന്‍ വൈ. സുദര്‍ശന്‍ റാവുവുമായുള്ള അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രശസ്ത ചരിത്രപണ്ഡിതനും കോഴിക്കോട്ടുകാരനുമായ ഗോപിനാഥ് രവീന്ദ്രന്‍ രാജിവെച്ചൊഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

ഐതിഹ്യങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും ചരിത്രപരമായ ആധികാരികതയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് റാവു. പ്രഗല്ഭ ചരിത്രകാരിയും നൊബേല്‍ സമ്മാനത്തിന് സമാനമായ ക്ലൂജ് െ്രെപസ് ജേതാവുമായ റോമില ഥാപ്പര്‍ ഉള്‍പ്പെട്ട കൗണ്‍സിലിന്റെ പത്രാധിപഉപദേശക സമിതികള്‍ പിരിച്ചുവിടാന്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ റിവ്യുവിന്റെ മാനേജിങ് എഡിറ്റര്‍ കൂടിയായ ഗോപിനാഥ് രവീന്ദ്രന്‍ കൗണ്‍സില്‍ വിട്ടത്. അധ്യക്ഷസ്ഥാനമേറ്റ് അധികദിവസങ്ങള്‍ കഴിയുംമുമ്പുതന്നെ റാവു ജാതിവ്യവസ്ഥയെ പ്രശംസിച്ചുകൊണ്ട് തന്റെ ബ്ലോഗില്‍ എഴുതുകയും ചെയ്തു. ഇതാകട്ടെ, വന്‍ വിവാദങ്ങള്‍ക്ക് കാരണമായി.

അസഹനീയമായ അസഹിഷ്ണുത സൃഷ്ടിച്ച ഇത്തരം സംഭവവികാസങ്ങള്‍ക്കെതിരെ റോമില ഥാപ്പര്‍, ഗുല്‍സാര്‍, അശോക് വാജ്‌പെയ്, മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ് തുടങ്ങിയ 131 കലാകാരന്മാരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

''ഈ പ്രവണതയെ ഞങ്ങള്‍ അതിശക്തമായി അപലപിക്കുന്നു. നമ്മുടെ രാജ്യത്തെ എല്ലാ സര്‍ഗപ്രതിഭകളോടും ചിന്തകരോടും നമ്മുടെ പൊതുജീവിതത്തിലും സംസ്‌കാരത്തിലും സംവേദനക്ഷമതയില്ലാത്തതും ദുരുപദേശങ്ങള്‍ അനുസരിക്കുന്നതുമായ ഈ സര്‍ക്കാറിന്റെ ദുരുപദിഷ്ടമായ ഇടപെടലുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ ആഹ്വാനംചെയ്യുന്നു''.


'യാചിച്ചു ഭക്ഷിക്കും, മസ്ജിദില് ഉറങ്ങും'


ഹിറ്റ്‌ലര്‍ജനങ്ങളെ ഒതുക്കിനിര്ത്താന് മനുഷ്യാവകാശങ്ങളെ അവമതിക്കുന്ന നീക്കമാണ്
ഫാസിസ്റ്റ് ഭരണാധികാരികള് അവലംബിക്കുന്ന ഒരു മാര്ഗം. ശത്രുഭയത്താലും
സുരക്ഷയ്ക്കുവേണ്ടിയും ചിലഘട്ടങ്ങളില് 'ആവശ്യ'ത്തിന്റെ അടിസ്ഥാനത്തില്
മനുഷ്യാവകാശങ്ങള് അവഗണിക്കാവുന്നതാണെന്ന് ഫാസിസ്റ്റ് ഏകാധിപതികള്
ജനങ്ങളെ 'ബോധവത്കരിച്ചു'കൊണ്ടിരുന്നു


ഇപ്പോഴും മാധ്യമങ്ങളിലെ സജീവചര്ച്ചാവിഷയമാണ് ഫിലിം ആന്ഡ് ടെലിവിഷന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ(FTII)യുടെ അധ്യക്ഷനായി ഗജേന്ദ്ര ചൗഹാന്റെ നിയമനമുയര്ത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്. മഹാഭാരതം സീരിയലില് അഭിനയിച്ചുവെന്നതിന്റെ അടിസ്ഥാനത്തില് മാത്രമാണ് 2015 ജൂണ് ഒമ്പതാം തീയതി ഈ സുപ്രധാനപദവിയില് അദ്ദേഹം അവരോധിതനായത്. ഇന്സ്റ്റിറ്റിയൂട്ടിലെ വിദ്യാര്ഥികള് നിരാഹാരസമരമാരംഭിച്ചതോടെ പ്രതിഷേധസമരം നിര്ണായകമായൊരു വഴിത്തിരിവിലെത്തിനില്‍ക്കുന്നു. അന്തര്‌ദേശീയതലത്തില്ത്തന്നെ പ്രശസ്തരായ അടൂര് ഗോപാലകൃഷ്ണന്, അപര്ണാ സെന്, ആനന്ദ് പട്വര്ധന്, ജാനു ബറുവ, മണിരത്‌നം, കുന്ദന് ഷാ, ഓസ്‌കര് ജേതാവ് റസൂല് പൂക്കുട്ടി, വിദ്യാ ബാലന് തുടങ്ങി സിനിമാരംഗത്തുള്ള 190 കലാകാരന്മാര് ചൗഹാന്റെ നിയമനത്തിനെതിരെ രാഷ്ട്രപതിയുടെ സത്വര ഇടപെടലിനായി ഒരു പ്രസ്താവനയിറക്കുകയുണ്ടായി.
എന്റെ അടുത്ത സുഹൃത്തും ഇന്സ്റ്റിറ്റിയൂട്ടിന്റെ മുന് ചെയര്മാനുമായിരുന്ന ഡോ. യു.ആര്. അനന്തമൂര്ത്തി രാജ്യത്തെ വിഖ്യാതമായ ഇന്സ്റ്റിറ്റിയൂട്ടില് ഇപ്പോള് നടന്നുവരുന്ന കെടുകാര്യസ്ഥതയ്ക്ക് സാക്ഷ്യംവഹിക്കാന് നമ്മോടൊപ്പമില്ലെന്നത് ഭാഗ്യമായിത്തോന്നിപ്പോകുന്നു. ഇതോടനുബന്ധിച്ച്, ആ മഹാധൈഷണികന് അന്തരിച്ചപ്പോള്, അതില് ആഹ്ലാദിച്ച് മംഗളൂരുവില് പടക്കംപൊട്ടിക്കാനും ഘോഷയാത്രനടത്താനും ചിലര് മടിച്ചില്ലെന്നുകൂടി ഇവിടെ ഓര്‍ക്കാം.
രാജ്യത്തെ ഉന്നതനിലവാരം പുലര്ത്തുന്ന ഐ.ഐ.ടി.യുടെ അധ്യക്ഷസ്ഥാനത്തുനിന്ന് വിഖ്യാത ആണവശാസ്ത്രജ്ഞന് അനില് കാക്കോദ്കര് രാജിവെച്ചതും ഈ ദൗര്ഭാഗ്യകരമായ സംഭവവികാസങ്ങളുടെ തുടര്ച്ചയാണ്. കാക്കോദ്കര് പറഞ്ഞു: ''ഐ.ഐ.ടി. ഡയറക്ടര്മാരെ തിരഞ്ഞെടുക്കുന്നത് വളരെ ഗൗരവമാര്ന്ന ഒരു പ്രക്രിയയിലൂടെയാണ്. ഒരൊറ്റദിവസംകൊണ്ട് 36 പേരോടു സംവദിച്ച് നിയമനംനടത്താന് ഒരിക്കലും സാധ്യമാവില്ല.'' ഇന്ത്യയിലെ മൊത്തം ഐ.ഐ.ടി.കളുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ അധ്യക്ഷനായിരുന്നു കാക്കോദ്കര്‍.
ഇതോടുബന്ധപ്പെട്ട മറ്റൊരുകാര്യംകൂടി കുറിക്കട്ടെ: കൗണ്‌സില് ഓഫ് സയന്റിഫിക് ആന്ഡ് ഇന്ഡസ്ട്രിയല് റിസര്ച്ച്, ടാറ്റ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല് റിസര്ച്ച്, ഇന്ത്യന് അഗ്രിക്കള്ച്ചറല് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ട്, ഇന്ത്യന് കൗണ്‌സില് ഓഫ് മെഡിക്കല് റിസര്ച്ച് തുടങ്ങിയ 12 കേന്ദ്രസര്വകലാശാലകളില് ഇതുവരേക്കും വൈസ് ചാന്‌സലര്മാരെ നിയമിച്ചിട്ടില്ല എന്നതില്പ്പരം ഉന്നതവിദ്യാഭ്യാസ, ഗവേഷണസ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന അക്ഷന്തവ്യമായ അവഗണനയ്ക്ക് ഏറെ ഉദാഹരണങ്ങളാവശ്യമില്ലല്ലോ.
രാജ്യത്ത് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള് ഭീതിജനകമാംവിധം വിഭാഗീയത സൃഷ്ടിക്കുന്നവയാണ്. ജൈനമതവിശ്വാസികളുടെ പര്യൂഷന്വ്രതത്തിന്റെ മറവില് പടിപടിയായി പല സംസ്ഥാനങ്ങളിലും മാംസഭക്ഷ്യോപയോഗം നിരോധിച്ചത് ഒരുദാഹരണംമാത്രം. ഒട്ടും താമസമുണ്ടായില്ല, മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന് ഉദ്ധവ് താക്കറെയും എം.എന്.എസ്. പ്രസിഡന്റ് രാജ് താക്കറെയും മറാത്തിഗുജറാത്തി തര്ക്കങ്ങള് പുനരാരംഭിക്കാന്.
ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'യില് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രാധിപക്കുറിപ്പ് ജൈനന്മാരോട് തങ്ങളുടെ മതഭ്രാന്ത് അടക്കിവെയ്ക്കണമെന്നുപദേശിക്കുന്നു. ''മുസ്ലിങ്ങള്ക്ക് പാകിസ്താനെങ്കിലുമുണ്ട്. എന്നാല്, നിങ്ങളില്‍ മതഭ്രാന്ത് വര്ധിച്ചുകൊണ്ടിരുന്നാല്, എവിടേക്കാണു നിങ്ങള് പോവുക? 'മണ്ണിന്റെ മക്കള്' നിലപാടുമായി കാര്യങ്ങളെ കൂട്ടിക്കുഴയ്ക്കുകയാണെങ്കില്, നിങ്ങള്ക്ക് ചണ്ടിതിന്നേണ്ടിവരും. നിങ്ങളുടെ സാമ്പത്തികസാമ്രാജ്യം കത്തിച്ചാമ്പലാക്കാന് (ഞങ്ങള്‍ക്ക്) അധികസമയം വേണ്ടിവരികയുമില്ല''.
ഈ നീക്കത്തെ അത്യന്തം ഗുരുതരമായ രാഷ്ട്രീയമുതലെടുപ്പിനും കലാപങ്ങള്ക്കുമുള്ള തുടക്കം മാത്രമായേ കാണാനാകൂ. ഓരോ മതസാമുദായികവിഭാഗവും അവരവരുടെ പുണ്യദിനങ്ങളില് ഇതുപോലുള്ള ഭക്ഷ്യനിരോധനമേര്‌പ്പെടുത്തിയാലുള്ള സ്ഥിതിയെന്തായിരിക്കും? എങ്ങനെയാണ് രാജ്യത്തെ ജനങ്ങളുടെ ആഹാരശീലത്തെ ഇത്തരത്തില് അട്ടിമറിക്കുക? അതിനുള്ള അവകാശം സങ്കുചിത, നിക്ഷിപ്ത താത്പര്യമുള്ള ഫാസിസ്റ്റ് ശക്തികള്ക്കു നല്കിയതാരാണ്? ലോകത്തില് മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെയുള്ളൊരേര്പ്പാടിനെക്കുറിച്ച് ഇതഃപര്യന്തം പറഞ്ഞുകേട്ടിട്ടുണ്ടോ? ആഹാരശീലങ്ങള് കല്പനകളിറക്കി നിരോധിച്ചാല് രാജ്യത്തുണ്ടാകുന്ന കലാപങ്ങളുടെ അമരക്കാര് ഈ വിധ്വംസകശക്തികള്തന്നെയായിരിക്കും. ചില ഗൂഢലക്ഷ്യങ്ങള്ക്കുള്ള നീക്കമായിമാത്രമേ ഇതിനെ വിലയിരുത്താനാകൂ.
'സാംസ്‌കാരികമലിനീകരണ'ത്തില്‌നിന്ന് രാജ്യത്തെ രക്ഷിക്കാനും യുവമനസ്സുകളില് സാംസ്‌കാരികമൂല്യങ്ങള് ഊട്ടിയുറപ്പിക്കാനുമായി സ്‌കൂള്‌കോളേജ് പാഠ്യപദ്ധതികളില് ഹൈന്ദവമതഗ്രന്ഥങ്ങള്‍ മാത്രമുള്‌പ്പെടുത്താനുള്ള എന്.ഡി.എ. സര്ക്കാറിന്റെ ആസൂത്രിതനീക്കങ്ങളും ഇതോടനുബന്ധിച്ചുതന്നെ കാണേണ്ടതാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും വിദ്യാഭ്യാസ, സാംസ്‌കാരികവകുപ്പുമന്ത്രിമാര് സംബന്ധിച്ച യോഗത്തിലെ തീരുമാനങ്ങളുടെ ചുവടുപിടിച്ച്, ഇന്ത്യന് സാംസ്‌കാരികമൂല്യങ്ങള് വിദ്യാര്ഥികളെ എപ്രകാരം പഠിപ്പിക്കാനാകും എന്നൊരു പദ്ധതിക്ക് മോദിസര്ക്കാറിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രാലയങ്ങള് രൂപംനല്കിവരികയാണ്.
ഹൈന്ദവ അജന്‍ഡകളെ പിന്തുണച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറെടുക്കുന്ന നടപടികളെ തടയാന് ഒരു വിമര്‍ശനത്തിനും സാധ്യമാവുകയില്ലെന്ന കേന്ദ്ര സാംസ്‌കാരികസഹമന്ത്രി മഹേഷ് ശര്മയുടെ വാക്കുകള്‍ കര്ശനമായൊരു മുന്നറിയിപ്പുതന്നെയാണ്. രാജ്യത്ത് കാവിവത്കരണം നടപ്പാക്കിയെങ്കില്, അതു ചെയ്തത് ബഹുഭൂരിപക്ഷത്തോടെ തങ്ങളെ അധികാരത്തിലേറ്റിയ 125 കോടി ജനങ്ങളാണെന്നു പറയാനും ശര്മ മടിച്ചില്ല.
അക്കാദമികമേഖലയെ അപചയപ്പെടുത്താനും ബുദ്ധിജീവികളെ ലക്ഷ്യംവെയ്ക്കുകയും അപകീര്ത്തിപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും, എന്തിന് ഉന്മൂലനം ചെയ്യാനുംകൂടി ശ്രമിക്കുന്ന തീവ്രഹൈന്ദവതയെക്കുറിച്ച് ചര്ച്ചചെയ്യുമ്പോള്, പ്രശസ്ത രാഷ്ട്രതന്ത്രവിദഗ്ധനായ ഡോ. ലോറന്‌സ് ബ്രിട്ട് തന്റെ Why Fascism? എന്ന രചനയില്‍ നടത്തിയ നിരീക്ഷണങ്ങള് ഏറെ ശ്രദ്ധേയമാകുന്നു. ഹിറ്റ്‌ലര്, മുസോളിനി, ഫ്രാങ്കോ, സുഹാര്‌ത്തോ, പിനോഷെ എന്നീ ഫാസിസ്റ്റ് ഏകാധിപതികളുടെ ഭരണത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില് ഡോ. ബ്രിട്ട് 14 പൊതുവസ്തുതകള് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യന് വര്ത്തമാനകാലസാഹചര്യങ്ങളുടെ പശ്ചാത്തലത്തില് പ്രസക്തമായ ഏതാനും കാര്യങ്ങള്മാത്രമേ ഇവിടെ പരാമര്ശിക്കുന്നുള്ളൂ.
ജനങ്ങളെ ഒതുക്കിനിര്ത്താന് മനുഷ്യാവകാശങ്ങളെ അവമതിക്കുന്ന നീക്കമാണ് ഫാസിസ്റ്റ് ഭരണാധികാരികള് അവലംബിക്കുന്ന ഒരു മാര്ഗം. ശത്രുഭയത്താലും സുരക്ഷയ്ക്കുവേണ്ടിയും ചില ഘട്ടങ്ങളില് 'ആവശ്യ'ത്തിന്റെ അടിസ്ഥാനത്തില് മനുഷ്യാവകാശങ്ങള് അവഗണിക്കാവുന്നതാണെന്ന് ഫാസിസ്റ്റ് ഏകാധിപതികള് ജനങ്ങളെ 'ബോധവത്കരിച്ചു'കൊണ്ടിരുന്നു. അലോസരം സൃഷ്ടിക്കുന്നവരെ ഒതുക്കാനോ ആവശ്യമെങ്കില് ഇല്ലാതാക്കാനോ അത്തരം ഭരണകൂടങ്ങള്ക്ക് നിര്ഭയം കഴിയുകയുംചെയ്തു. അതാണ് ചരിത്രവസ്തുത.
അതുപോലെതന്നെ ഫാസിസ്റ്റ് ഭരണാധികാരികള് മതത്തെയും സര്‍ക്കാറിനെയും പരസ്പരം ബന്ധിപ്പിച്ചു. ഭൂരിപക്ഷമതത്തിന്റെ അഭിപ്രായത്തെ പൊതുജനാഭിപ്രായമായി ഉയര്ത്തിക്കാട്ടുന്നതിലും അവര് അതിശ്രദ്ധചെലുത്തിയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതുപോലെ, കലാകാരന്മാരെയും ബുദ്ധിജീവികളെയും അവമതിക്കുന്നത് ഫാസിസ്റ്റ് ഏകാധിപതികളുടെ അംഗീകൃതരീതിയാണെന്നും ഡോ. ബ്രിട്ട് നിരീക്ഷിക്കുന്നു. കല, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകള്ക്ക് സഹായധനം നല്കുന്നത് അവരെ സംബന്ധിച്ചിടത്തോളം നിഷിദ്ധംതന്നെയായിരുന്നു.
ഈ പശ്ചാത്തലത്തില്, പരമപ്രധാനമായി ഉയര്ന്നുവരുന്നൊരു വസ്തുത ഏകശിലാസമ്പ്രദായത്തില് വ്യത്യസ്ത ജീവിതമേഖലകളെ വാര്‌ത്തെടുക്കാന് ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വരരാജ്യത്ത് ഒരിക്കലും സാധ്യമല്ല എന്നതാണ്. നിരീശ്വരവാദിയായ ചാര്വാകനെ മഹര്ഷിയെന്നു വിശേഷിപ്പിച്ച ചരിത്രവും നമുക്കുണ്ട്. കര്മം, മോക്ഷം, മരണാനന്തരജീവിതം, ആത്മാവിന്റെ അനശ്വരത തുടങ്ങിയ പൗരാണികവിശ്വാസപ്രമാണങ്ങളെ ചാര്വാകമഹര്ഷി പുച്ഛിച്ചുതള്ളിയിരുന്നു.
'കാമസൂത്ര'യുടെ കര്ത്താവായ വാത്സ്യായനനെ നമ്മുടെ പൗരാണികര് അംഗീകരിച്ചാദരിച്ചത് ഒരു മഹര്ഷിയെന്നനിലയ്ക്കാണ്. അക്കാലത്ത് വാത്സ്യായനമഹര്ഷി ജീവിച്ചത് ഏതെങ്കിലും പാശ്ചാത്യരാജ്യത്തായിരുന്നെങ്കില് അദ്ദേഹത്തെ ചുട്ടുകൊല്ലാന്‌പോലും അവിടത്തെ യാഥാസ്ഥിതികസമൂഹം മടിക്കുമായിരുന്നില്ലെന്നതിന് ചരിത്രംതന്നെ സാക്ഷി. വ്യത്യസ്തചിന്താധാരകളെ സഹിഷ്ണുതയോടെകണ്ട പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.
അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ ഒരു സംഭവംകൂടി ഇവിടെ അനുസ്മരിക്കട്ടെ: മലയാളഭാഷാപണ്ഡിതനായ ഡോ. എം.എം. ബഷീര് രാമായണത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ ഏതാനും കുറിപ്പുകളെഴുതുകയുണ്ടായി. അതുണ്ടാക്കിയ കോലാഹലങ്ങള് വേദനിപ്പിക്കുന്നതായിരുന്നു. മാതൃഭൂമി ഓഫീസിനു മുന്നില്‍ കുറച്ചു തീവ്രവാദികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. ഡോ. എം.എം. ബഷീറിന് ഫോണിലൂടെയുംമറ്റും ഭീഷണികള്‍ നേരിടേണ്ടിവരികയുമുണ്ടായി. ഒരു ഇസ്ലാം മതവിശ്വാസി എഴുതിയതുകൊണ്ടുമാത്രമാണ് ചില യാഥാസ്ഥിതികര് അതിനെതിരെ രംഗത്തുവന്നത്.
ഇതോടനുബന്ധിച്ച് ഒരു ചരിത്രവസ്തുത ഓര്ത്തുപോകുന്നു. ഗംഗാസമതലത്തിലെ 'അധ്യാത്മരാമായണം' എന്നറിയപ്പെടുന്ന 'ശ്രീരാമചരിതമാനസ'ത്തിന്റെ കര്ത്താവ് സ്വാമി തുളസീദാസിനെ ബ്രാഹ്മണര് ജാതിഭ്രഷ്ടനാക്കിയിരുന്നു. അതിനുകാരണം, രാമകഥ വരേണ്യഭാഷയായ സംസ്‌കൃതത്തിലെഴുതാതെ ജനകീയഭാഷയായ 'അവധി'ല് രചിച്ചുവെന്നതായിരുന്നു. ആഘട്ടത്തില് തുളസീദാസിന് അഭയംനല്കി സഹായിച്ചതോ, മുസ്ലിം സഹോദരങ്ങളും! അതേക്കുറിച്ച് ആ മഹാപുരുഷന് ഇങ്ങനെ കുറിച്ചു: ''മാങ് കെ ഖായ്‌ബൊ, മസീത് മെ സോയ്‌ബൊ'' (യാചിച്ചു ഭക്ഷിക്കും, മസ്ജിദില് അന്തിയുറങ്ങും).

(അവസാനിച്ചു)


മറ്റു പരമ്പരകള്‍