
വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് ഡോക്ടര്‍ ആല്‍ബമൊരുക്കുന്നു
Posted on: 04 Dec 2007
തലശ്ശേരി: മൃഗങ്ങളെക്കുറിച്ച് ആല്‍ബമൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് തലശ്ശേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ.വി.രവീന്ദ്രന്‍. മൃഗങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം മൃഗങ്ങളെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ആല്‍ബം കൊണ്ട് ഉദ്ദേശിക്കുന്നത്.ആല്‍ബത്തിലെ പാട്ടുകള്‍ക്ക് സംഗീതംനല്‍കി. ചിത്രീകരണമാണ് ഇനി നടക്കേണ്ടത്. മലബാറി ആടുകള്‍, മുയല്‍ വളര്‍ത്തല്‍, അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍, പശു, കാട എന്നിവയെക്കുറിച്ചാണ് ആല്‍ബമൊരുങ്ങുന്നത്.ആട്, കാട എന്നിവയെക്കുറിച്ച് വീഡിയോ ആല്‍ബം തയ്യാറാക്കിയ രവീന്ദ്രന്‍ മുണ്ടയാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനറായിരുന്നു. 7000 പേര്‍ക്ക് ഇവിടെവച്ച് പരിശീലനംനല്‍കി. പരിശീലന വേളയിലാണ് സഹായകമായ ഉപാധിയെക്കുറിച്ച് ആലോചിച്ചത്. എഴുത്തും വായനയും അറിയാത്തവര്‍ക്കുകൂടി പ്രയോജനപ്പെടുത്തുകയെന്ന നിലയിലാണ് ആല്‍ബം തയ്യാറാക്കാന്‍ തീരുമാനിച്ചത്. ആല്‍ബത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു്.ആല്‍ബത്തില്‍ ആദ്യം മലബാറി ആടുകളെ പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.ഒരു ഗാനത്തിലൂടെയാണ് മലബാറി ആടുകളെ പരിചയപ്പെടുത്തുന്നത്. മാപ്പിളപ്പാട്ടിന്റെ രൂപത്തിലാണ് പാട്ട് തയ്യാറാക്കിയിട്ടുള്ളത്. മുയലിനെ എങ്ങനെ വളര്‍ത്താം, മാംസഗുണം എന്നിവയാണ് മുയലിനെക്കുറിച്ചുള്ള പാട്ടിലുള്ളത്. കോഴിയെക്കുറിച്ചും കോഴിമുട്ടയുടെ ഗുണത്തെക്കുറിച്ചുമൊക്കെ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലില്‍ വിശദീകരിക്കുന്നു.
കാടയെക്കൊണ്ടുള്ള പ്രയോജനവും വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യവും വിരിയാന്‍വേണ്ട സമയവും കാടയെക്കുറിച്ചുള്ള ഗാനത്തിലും, പശുവിന്റെ ഉല്പന്നങ്ങളും ഗുണവും പശുവിനെക്കുറിച്ചുള്ള പാട്ടിലും അവതരിപ്പിക്കുന്നു. ആല്‍ബത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചത് രവീന്ദ്രന്‍ തന്നെയാണ്. പ്രേംകുമാര്‍ വടകരയാണ് സംഗീതം നല്‍കിയത്. ശരത്, നിധീഷ്, മൃദുല, ഹര്‍ഷ, ചന്ദ്രന്‍, ജയദീപ്, സുധ ദിലീപ് എന്നിവരാണ് പാടിയത്.





