githadharsanam

ഗീതാദര്‍ശനം - 460

Posted on: 25 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


ഇപ്പറഞ്ഞതില്‍ ആദ്യത്തെ രണ്ടും- പുരുഷോത്തമനും അക്ഷരപ്രകൃതിയും- അനാദിയാണ്; സ്ഥലകാലാതിവര്‍ത്തികളാണ്. ക്ഷരപ്രപഞ്ചം മാത്രമാണ് ചാക്രികമായി പിറന്നും ഇല്ലാതായും ഇരിക്കുന്നത്. ഒരു കാര്യംകൂടി ഓര്‍ക്കാനുള്ളത്, പ്രകൃതിയില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകഭാവങ്ങളായ ബലദ്വന്ദ്വങ്ങള്‍കൂടിയുണ്ട് എന്നതാണ്. പ്രകൃതിയിലെ സ്​പന്ദനക്രിയയിലൂടെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടക്കുന്നു. ഓരോ സ്​പന്ദത്തിനും മൂന്നവസ്ഥകളുണ്ട്- വികാസം, സങ്കോചം, സമസ്ഥിതി. ഇവയാണ് രജസ്സും തമസ്സും സത്വവും. അനുരണനസ്​പന്ദങ്ങള്‍ തമ്മില്‍ ചാര്‍ച്ചയും ചേര്‍ച്ചയും വൈരുധ്യവുമൊക്കെവരുന്നത് അവയില്‍ ഈയവസ്ഥകളുടെ അഥവാ, ഗുണങ്ങളുടെ പ്രാമുഖ്യത്താലാണ്. സര്‍വവ്യാപിയായ പുരുഷോത്തമന്‍ ഈ ഗുണങ്ങള്‍ക്കും അവയുടെ ഉത്പന്നങ്ങളായ വികാരങ്ങള്‍ക്കും പിതാവാണ്. സാക്ഷിയാണ്, കര്‍ത്താവല്ല. കര്‍ത്താവും മാതാവും പ്രകൃതിയാണ്.
ആകട്ടെ, ഈ മഹാനാടകത്തില്‍ കാര്യകരണങ്ങളുടെ കിടപ്പ് എവ്വിധമാണ് ?
കാര്യകരണകര്‍ത്തൃത്വേ
ഹേതുഃ പ്രകൃതിരുച്യതേ
പുരുഷഃ സുഖദുഃഖാനാം
ഭോക്തൃത്വേ ഹേതുരുച്യതേ
കാര്യങ്ങളായ വിഷയങ്ങളെയും അവയെ അനുഭവിപ്പിക്കാനുള്ള ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ ഉപകരണങ്ങളെയും രൂപപ്പെടുത്തുന്നതില്‍ പ്രകൃതിയാണ് മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നതെന്നു പറയപ്പെടുന്നു. സുഖവും ദുഃഖവും അനുഭവിക്കുന്ന കാര്യത്തില്‍ പുരുഷനാണ് മുന്നിട്ടുനില്‍ക്കുന്നത് എന്നു പറയപ്പെടുന്നു.

(തുടരും)



MathrubhumiMatrimonial