githadharsanam

ഗീതാദര്‍ശനം - 431

Posted on: 14 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


സ്ഥിതപ്രജ്ഞന്‍, ജ്ഞാനി, കര്‍മയോഗി, ബ്രഹ്മവിത്ത് എന്നിങ്ങനെ 'രോഗമുക്ത'രായ ഭാഗ്യവാന്‍മാരുടെ പട്ടികയില്‍ ഇപ്പോള്‍ ഭക്തന്‍ ചേരുന്നു. വിശദാംശങ്ങളില്‍ അല്പസ്വല്പം മാറ്റമുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവരുടെയെല്ലാം ലക്ഷണം ഒന്നുതന്നെയാണ്. പ്രപഞ്ചജീവനില്‍ സ്വജീവാര്‍പ്പണം നടത്തിയ, അഥവാ യുക്തതമമായ അവസ്ഥയാണത്. അവര്‍ ആ അരോഗാവസ്ഥ പ്രാപിക്കുന്നത് അറിവും പ്രവൃത്തിയും ധ്യാനവും സമഞ്ജസമായി ചേരുന്ന ഔഷധമുറ ശീലിച്ചാണ്. പ്രപഞ്ചജീവനില്‍ സ്വജീവന്‍ സമര്‍പ്പിച്ചാല്‍ പിന്നെ 'താന്‍' വേറെ അല്ല. അപ്പോള്‍, നേട്ടങ്ങള്‍ ക്ഷണികമായ സന്തോഷത്തിലൂടെ ചാഞ്ചല്യമുണ്ടാക്കില്ല. നേടിയത് നഷ്ടപ്പെടുമെന്ന ആശങ്കയോ ഭയമോ ഉണ്ടാവില്ല. എല്ലാവരിലും എല്ലാറ്റിലുമുള്ളത് പ്രപഞ്ചജീവന്‍തന്നെയാകയാല്‍ ആരില്‍നിന്നും ഒന്നും പിടിച്ചുപറിക്കാനോ ആരെയും ഒന്നിനെയും ചൂഷണം ചെയ്യാനോ വയ്യ. ഇടതുകൈ വലതുകൈയിനെ സഹായിക്കയും ആശ്രയിക്കയുമല്ലാതെ ഉപദ്രവിക്കാറില്ലല്ലൊ. വലയില്‍നിന്നു പോയാലും (ജീവന്‍) കുളത്തില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്ന് നല്ല നിശ്ചയമുള്ളതിനാല്‍ അയാള്‍ മരണത്തെ പേടിക്കയുമില്ല. ശാശ്വതമായ ശാന്തിയും സമാധാനവും അനുഭവിക്കുന്നതിന് പരമമായ സത്യംതന്നെ വഴി. (മറ്റൊന്നുകൊണ്ടും സാധ്യവുമല്ല.)

മനുഷ്യര്‍ അനുഭവിക്കുന്ന സ്വയംകൃതാനര്‍ഥങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള സിദ്ധൗഷധമാണ് ഈ പദ്യത്തില്‍ ഒറ്റവാചകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ എക്കാലത്തേക്കും മനുഷ്യസമത്വത്തിന്റെയും ലോകസമാധാനത്തിന്റെയും പരിസ്ഥിതിസംരക്ഷയുടെയും കാര്യം ഭദ്രം. പ്രത്യയശാസ്ത്രങ്ങളോ പ്രസ്ഥാനങ്ങളോ വിപ്ലവങ്ങളോ വേണ്ട. മാത്രമല്ല, ഏത് മതത്തിലെ ഏത് പൊള്ളയായ ആചാരാനുഷ്ഠാനത്തിന്റെ മൗലികതയിലേക്ക് തിരിച്ചുപോയിട്ടും കാര്യമില്ല. സയന്‍സ് എന്തെല്ലാം കണ്ടുപിടിച്ചാലും ഭൗതികമായി ഇനിയുമെത്ര 'വളര്‍ന്നാ'ലും മതിയാവില്ല. ആത്മബോധവും പ്രപഞ്ചജീവനില്‍ ഭക്തിയുമില്ലാത്ത മനുഷ്യസമൂഹത്തിന് ഒരിക്കലും ഭയത്തില്‍നിന്നും സംഘര്‍ഷത്തില്‍നിന്നും അസമത്വത്തില്‍നിന്നും മോചനമില്ല. ഭൂമുഖത്തുണ്ടായ എല്ലാ മതങ്ങളും അവയുടെ സാരാംശത്തില്‍ ഈ മരുന്നുതന്നെയാണ് നിര്‍ദേശിക്കുന്നത്. കല്യാണത്തിരക്കില്‍ താലികെട്ടാന്‍ മറന്നുപോയ ദുരന്തകഥയുടെ ശേഷിപ്പാണ് വിശ്വാസസംഘര്‍ഷങ്ങളുടെ ആധുനികലോകം.

(തുടരും)




MathrubhumiMatrimonial