
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ കൂടുതലും സ്ത്രീകള്‍ - പ്രൊഫ. ശ്രീനിവാസന്‍
Posted on: 08 Jan 2010
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ കൂടുതലും സ്ത്രീകളാണെന്ന് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ ജെ. ശ്രീനിവാസന്‍. ലിംഗപരമായ പ്രത്യേകതകളും ഉപാപചയപ്രവര്‍ത്തനങ്ങളിലെ വ്യത്യാസവും ഇതിന് കാരണമാകാം. യൂറോപ്പില്‍ ആഗോള താപനത്തിന്റെ ദോഷവശങ്ങള്‍ക്കിരയായതില്‍ 70 ശതമാനത്തോളവും സ്ത്രീകളാണ്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച 'കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക്' എന്ന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ രൂപവത്കരിക്കുമ്പോള്‍ അവയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് മന്ത്രി പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ്?പ്രസിഡന്റ് ഡോ. ഇ.പി. യശോധരന്‍ അധ്യക്ഷനായിരുന്നു. ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ലത ചടങ്ങില്‍ പങ്കെടുത്തു.
ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ. രേണുകനായര്‍, ഡോ. മഞ്ജു ആര്‍. നായര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ്മ, മലിനീകരണനിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ്.ഡി. ജയപ്രസാദ്, ശ്രീചിത്തിരതിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. ചന്ദ്രമോഹന്‍നായര്‍, ഡോ.കെ. വിജയകുമാര്‍, ഡോ.എ. പ്രവീണ്‍, പി.വി. ഉണ്ണികൃഷ്ണന്‍, സി.എം. സുശാന്ത് എന്നിവര്‍ പങ്കെടുത്തു.




