githadharsanam

ഗീതാദര്‍ശനം - 394

Posted on: 19 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


മുന്‍പറഞ്ഞ തലങ്ങളിലെല്ലാം ഈ പദ്യത്തെയും വായിക്കാം.
സങ്കീര്‍ത്തനമായാണ് ഈ പദ്യവും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. (സങ്കീര്‍ത്തിതമായ വിഷയത്തെ സാത്മീകരിക്കാന്‍ സങ്കീര്‍ത്തനം സഹായിക്കുന്നു.)
ജീവാത്മാവ് ശിഷ്യനും പരമാത്മാവ് പരമഗുരുവുമെന്നൊരു സങ്കല്പം ഉപനിഷത്തില്‍ കാണാം. ഭക്തിവിശ്വാസങ്ങളില്‍ അദ്വിതീയനായ ശിഷ്യന് ഗുരു സര്‍വപ്രമുഖനാണ് (ഗരീയാന്‍ ഗുരു). സൃഷ്ടികര്‍ത്താവായതിനാല്‍ പരമാത്മാവ് ജീവാത്മാവിന്റെ പിതാവുമാണ്. (അച്ഛന്‍തന്നെ ഗുരുവായിരിക്കുന്നത് ഉപനിഷത്തില്‍ പതിവാണ്.)
പരബ്രഹ്മത്തിന്റെ അന്യാദൃശത്വത്തിനും പരമപ്രാമാണ്യത്തിനും അടിത്തറയായി ഈ പദ്യത്തെ കാണാനാണ് ആചാര്യസ്വാമികള്‍ ഇഷ്ടപ്പെടുന്നത്. തുല്യമായി മറ്റൊന്നില്ല എന്നതിനാല്‍ സര്‍വോത്തമം. കൂടുതല്‍ മഹത്ത്വം അവകാശപ്പെടാന്‍ മറ്റൊന്നും അപ്പോള്‍ ഇല്ല. അതിനാല്‍ മഹത്തമം. ഏകം, അദൈ്വതം.
തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയ പ്രിയായാര്‍ഹസി ദേവ സോഢും

അതിനാല്‍ ഞാന്‍, സ്തുത്യര്‍ഹനും ഈശനുമായ അങ്ങയെ ദണ്ഡനമസ്‌കാരം ചെയ്ത് അങ്ങ് (ക്ഷമിച്ച്) പ്രസാദിക്കുന്നതിനായി പ്രാര്‍ഥിക്കുന്നു. മകനോട് അച്ഛനും ചങ്ങാതിയോട് ചങ്ങാതിയും ഭാര്യയോട് ഭര്‍ത്താവുമെന്നപോലെ, (എന്റെ അപരാധങ്ങള്‍) സഹിച്ച് ക്ഷമിക്കണേ!
വേദങ്ങള്‍ ഈശ്വരനെ പിതൃസ്ഥാനത്ത് കാണുന്നുണ്ട്. 'പിതാവ് പുത്രനോട് എങ്ങനെയോ അങ്ങനെ ഈശ്വരാനുഗ്രഹം ഉണ്ടാകണം' എന്ന് ഋഗ്വേദത്തില്‍ (1.1.9) പ്രാര്‍ഥനയുണ്ട്. 'അല്ലയോ ഭഗവാനേ, നീ ഞങ്ങളുടെ പിതാവാകുന്നു. ഒരു പിതാവിനെപ്പോലെ ഞങ്ങളെ അഭ്യസിപ്പിച്ചാലും' എന്ന യജുര്‍വേദപ്രാര്‍ഥനയില്‍ പിതൃസ്ഥാനവും ഗുരുസ്ഥാനവും ഒരുമിച്ച് ഈശ്വരനില്‍ കല്പിതമാകുന്നതു കാണാം. ഈ ശ്ലോകത്തില്‍ ഭക്തിയുടെ അവിഭാജ്യഘടകങ്ങളായ സൗഹൃദവും പ്രേമവുംകൂടി ഉണ്ടെന്നേയുള്ളൂ. ഈ അധികഭാവന സാധകനെ ഈശ്വരനോട് കൂടുതല്‍ അടുപ്പിക്കുന്നു.
ത്രിലോകപ്രസിദ്ധനായ വില്ലാളിവീരനാണ് ഈ നമസ്‌കരിച്ച് അപേക്ഷിക്കുന്നത്. ചെറിയ ആളുകളായ നമുക്കും നമസ്‌കരിക്കാം. നമസ്‌കാരത്തിലൂടെയേ അഹങ്കാരം ഇല്ലാതാകൂ. ഗുരുവിനെ നമസ്‌കരിക്കാം, ഈശ്വരനെ നമസ്‌കരിക്കാം. രണ്ടാളും ഒന്നായിക്കിട്ടാന്‍ ഇതുപോലെ ഭാഗ്യമുണ്ടായാല്‍ മഹാസുകൃതമായി.
അഹങ്കാരനാശം ധ്യാനത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. 'ഞാന്‍ ധ്യാനിക്കുന്നു' അഥവാ 'ഈ ധ്യാനിക്കുന്നത് ഞാനാകുന്നു' എന്നൊക്കെ കരുതി ധ്യാനത്തിനായി മുതിരാം, ഇരിക്കാം, ധ്യാനം തുടങ്ങാം. പക്ഷേ, മുന്നോട്ടു പോകണമെങ്കില്‍ ഈ 'ഞാന്‍' പിന്നോട്ടു പോകണം. എന്‍േറതായ എല്ലാം ധ്യാനവിഷയത്തില്‍ സമര്‍പ്പിച്ച്, പിന്നെ എന്നെത്തന്നെയും അര്‍പ്പിച്ച് താണു വണങ്ങി ഒതുങ്ങുന്ന ഭാവത്തില്‍ വേണം മനസ്സ്.
ആരോട് ചെയ്ത അപരാധത്തിനും ധ്യാനവിഷയത്തോട് ക്ഷമ ചോദിക്കാമെന്നത് മറ്റൊരു പ്രത്യേകതയാണ്. അച്ഛനോടോ സുഹൃത്തിനോടോ പ്രിയപ്പെട്ടവരോടോ ആരോടു ചെയ്ത അപരാധമായാലും അത് ധ്യാനവിഷയത്തോടുതന്നെ ചെയ്ത അപരാധമായി കാണാവുന്നതാണ്.
ആത്മസ്വരൂപമാണ് ധ്യാനവിഷയമെങ്കില്‍ പ്രത്യേകിച്ചും സര്‍വപ്രപഞ്ചവും അതുതന്നെയാകയാല്‍ എന്തപരാധവും ക്ഷമിക്കാന്‍ അര്‍ഹമായ സ്ഥാനം അതുതന്നെ. ഏറ്റവും വലിയ കോടതിയായതിനാല്‍ അതിന് മാപ്പാക്കാന്‍ കഴിയാത്തതായി ഒരപരാധവും മൂവുലകിലുമില്ല.
(തുടരും)



MathrubhumiMatrimonial