
ഗീതാദര്‍ശനം - 387
Posted on: 11 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
അര്‍ജുന ഉവാച-
സ്ഥാനേ ഋഷീകേശ തവ പ്രകീര്‍ത്യാ
ജഗത് പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സര്‍വേ നമസ്യന്തി ച സിദ്ധസംഘാഃ
അര്‍ജുനന്‍ പറഞ്ഞു-
ഭഗവാനേ, അങ്ങയെ നന്നായി പ്രകീര്‍ത്തിക്കുന്നതിലൂടെ ജഗത്ത് ന്യായമായും സന്തോഷിക്കയും സുഖിക്കയും ചെയ്യുന്നു. രക്ഷസ്സുകള്‍ പേടിച്ച് പല ദിക്കിലേക്കും ഓടുന്നു. എല്ലാ സിദ്ധന്മാരും അങ്ങയെ നമസ്‌കരിക്കുന്നുമുണ്ട്.
(ഋഷീകേശന്‍ = ഇന്ദ്രിയങ്ങളുടെ ഈശ്വരന്‍, അഥവാ ആത്മാവ്.)
ആത്മാവ് ഇന്ദ്രിയങ്ങളുടെ ഈശനാകയാല്‍ ആത്മാവിനെ അറിഞ്ഞുകൊണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടുമുള്ള ജീവിതം ഇന്ദ്രിയസുഖവും മനസ്സന്തോഷവും പ്രദാനം ചെയ്യുന്നത് യുക്തിയുക്തംതന്നെ എന്നാണ് അര്‍ജുനന്‍ പറയുന്നത്. ആത്മസ്വരൂപദര്‍ശനത്തോടെ മനസ്സിലെ രക്ഷസ്സുകള്‍ (കാപട്യങ്ങള്‍, പാപവാസനകള്‍) എങ്ങോട്ടെന്നില്ലാതെ ഓടിപ്പോവുന്നു. മനസ്സിലെ സദ്വിചാരങ്ങള്‍ (സിദ്ധന്മാര്‍) ആത്മാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
തിന്മകളുടെ പേടിച്ചോട്ടവും നന്മകളുടെ വക സങ്കീര്‍ത്തനവും ഭക്തിയുടെ ഭാഗമാണ്. ഭയം ഭക്തിയിലേക്കു കടക്കുമ്പോള്‍ ഇതു രണ്ടും അവനവനില്‍ സംഭവിക്കുന്നു. അതോടെ, പരമാത്മാവിന്റെ സംഹാരഭാവം അതിന്റെ മറുപുറമായ സ്‌നേഹവാത്സല്യങ്ങളായി ഭക്തന് അനുഭവിക്കാറാവുന്നു. അമ്മ ശിക്ഷിക്കുമ്പോഴും കുഞ്ഞ് അമ്മയെത്തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞാണ് ആശ്വാസം കണ്ടെത്തുന്നത്.
(തുടരും)





