githadharsanam

ഗീതാദര്‍ശനം - 386

Posted on: 10 Dec 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


സഞ്ജയ ഉവാച-
ഏതത് ശ്രുത്വാ വചനം കേശവസ്യ
കൃതാഞ്ജലിര്‍വേപമാനഃ കിരീടി
നമസ്‌കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ
സഞ്ജയന്‍ പറഞ്ഞു-
ശ്രീകൃഷ്ണന്റെ ഈ വാക്കു കേട്ട് അര്‍ജുനന്‍ ഭയാധിക്യത്താല്‍ വിറച്ച് കൃഷ്ണനെ വീണ്ടും വീണ്ടും തല കുനിച്ചു നമസ്‌കരിച്ച് തൊഴുകൈയോടും ഗദ്ഗദത്തോടും പറഞ്ഞു.
സഞ്ജയന്‍ എന്ന സര്‍വകര്‍മസാക്ഷിക്ക് അര്‍ജുനന്റെ വിജയത്തില്‍ ഒരു സംശയവുമില്ല. അതിനാല്‍, 'കിരീടി' എന്ന പര്യായമാണ് ഉപയോഗിക്കുന്നത്. മോഹാന്ധനായ ധൃതരാഷ്ട്രര്‍ക്കുണ്ടോ എന്നിട്ടും വരുംവരായ്കകള്‍ ശരിയായി മനസ്സിലാകുന്നു? അടക്കിപ്പിടിക്കാനുള്ള മോഹത്തിന്റെ നിലപാട് അതിന്റെ നൂറ്റൊന്നു സന്തതികളും അവരുടെ കൂട്ടുകാരും ജയിക്കുമെന്നുതന്നെയാണ്.
പേടിച്ചു വിറച്ചാണ് അര്‍ജുനന്‍ ഇനി സംസാരിക്കുന്നത്. വാക്കുകള്‍ ഉച്ചരിക്കാന്‍പോലും ശക്തനാകുന്നില്ല. വീരശൂരപരാക്രമിയായ ഒരാള്‍ക്കോ ഈ ഗതികേട്? തീര്‍ച്ചയായും അതെ. കാരണം, ഭയമില്ലാത്ത ജീവികളില്ല. എത്ര വലുതാണെന്നാലും ഏത് ധൈര്യത്തിനും അതിരുണ്ട്. അതിനപ്പുറം ഭയമാണ്. ആ ഭയമാകട്ടെ, ആശ്രയിക്കാവുന്ന എന്തിലെങ്കിലുമുള്ള വിശ്വാസത്തിലേക്കും ഭക്തിയിലേക്കുമുള്ള ചവിട്ടുപടിയാണ്. ആ പടി കയറുമ്പോഴാണ് കരച്ചില്‍ വരുന്നത്. അത് ഭക്തിയുടെ ലക്ഷണമാണ്. തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള വിഷമംപിടിച്ച വഴികളും കയറ്റങ്ങളും താണ്ടുമ്പോള്‍ ഭക്തര്‍ കണ്ണീരൊഴുക്കുന്നതു കാണാം.
ഇവിടെയുള്ള പ്രത്യേകത, ഭയക്കുന്നതിനെത്തന്നെയാണ് ആശ്രയിക്കുന്നതും എന്നതാണ്. പരംപൊരുള്‍ ഏകമാണ്. അതാണ് എല്ലാ സൃഷ്ടിക്കും സംഹാരത്തിനും അടിസ്ഥാനം. വേറെ ഒന്നുമില്ലല്ലോ എങ്ങും! അതിന്റെ സംഹാരമുഖത്തെയാണ് ഭയക്കുന്നത്. അതിന്റെതന്നെ അനുഗ്രഹത്തോടാണ് ആശ്രയഭാവം.
(തുടരും)



MathrubhumiMatrimonial