
മുറിവുണക്കാന്‍ സഹ്‌റ കോവളത്തെത്തി
Posted on: 28 Oct 2007
കോവളം: ചികിത്സയ്ക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ മുറിവുണക്കാന്‍ ബ്രിട്ടീഷ് വനിത കോവളത്തെത്തി. മനുഷ്യ ശരീരത്തിലെ വ്രണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സഹ്‌റ എച്ച്. പാള്‍വന്‍ ആണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇന്ത്യയിലെത്തിയത്. സൗദി അറേബ്യയിലെ മെഡി സിറ്റിയില്‍ ദീര്‍ഘകാലം സൗജന്യ സേവനം നടത്തിയശേഷമാണ് നഴ്‌സിങ്ങില്‍ ബിരുദമുള്ള സഹ്‌റ എത്തിയിരിക്കുന്നത്.മുട്ടയ്ക്കാട് സുകൃതം പാലിയേറ്റീവ് കീയര്‍ സൊസൈറ്റി എന്ന സംഘടന ഏറ്റെടുത്ത നിരവധി രോഗികളെ വ്യാഴാഴ്ച ഇവര്‍ പരിചരിക്കാനെത്തി. വിഴിഞ്ഞം തുലവിള കോളനിയിലെ കാന്‍സര്‍ ബാധിച്ച് വൃണംവന്ന സെലിന്‍ മേരി, കെട്ടിടം പണിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന ചന്ദ്രമോഹന്‍ എന്നിവരുടെ മാരകമായ മുറിവുകളില്‍ സഹ്‌റയും പാലിയേറ്റീവ് കീയര്‍ പ്രവര്‍ത്തകരും മരുന്ന് വച്ചുകെട്ടി. ആഴ്ചയില്‍ ഒരിക്കല്‍ ഈ സൗജന്യ സേവനം തുടരും. വാഹനാപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര പരിചരണങ്ങള്‍ പഴക്കംചെന്ന മുറിവുകള്‍ ഉണക്കുന്നതിനുള്ള പ്രത്യേക ചികിത്സാക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ സഹ്‌റ ഗ്രമീണര്‍ക്ക് പകര്‍ന്നു നല്‍കി.
ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്കും മുറിവുസംബന്ധമായ ചികിത്സാരീതികള്‍ അവര്‍ വിശദീകരിച്ചു നല്‍കുന്നു. ലോക സാന്ത്വന ദിനമായ ഒക്ടോബര്‍ ആറിന് കോവളം ആനിമേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മുറിവുകളുടെ പരിചരണം സംബന്ധിച്ച് സഹ്‌റ പൊതുജനങ്ങള്‍ക്ക് ക്ലാസെടുത്തിരുന്നു.





