
അനന്തരം ഇസ്മായില്‍മാഷ് ആടുവളര്‍ത്തുകാരനായി
Posted on: 13 Mar 2008
എടപ്പാള്‍: നാദാപുരം മുടവന്തേരി എം.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ തൂണേരി ഓണിയംപുറത്തെ ഇസ്മായില്‍ ദീര്‍ഘകാല അവധിയെടുത്തത് ഗള്‍ഫില്‍ പോകാനല്ല; അവധി അനുവദിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം എടപ്പാളിലേക്ക് വണ്ടി കയറി. സുഹൃത്തായ മാറഞ്ചേരിയിലെ കൊട്ടിലുങ്ങല്‍ അബൂബക്കറുമായി ചേര്‍ന്ന് ആടുവളര്‍ത്തല്‍ തുടങ്ങി. വെള്ളമുണ്ട് ഉപേക്ഷിച്ച് ലുങ്കിയുടുത്ത് ആടുമേച്ചു. എടപ്പാള്‍ പഞ്ചായത്തിലെ കായലോര പ്രദേശമായ വൈദ്യര്‍മൂല അമയത്തെ വിശാലമായ തെങ്ങിന്‍തോപ്പില്‍ ആട്ടിന്‍പറ്റം ഇസ്മായില്‍ മാഷിന്റെ മുമ്പില്‍ അനുസരണയോടെ നടന്നു. 27 ആടുകളുമായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇരുന്നൂറിലധികമായി. 'പലരും ചോദിച്ചു, വട്ടാണോയെന്ന്. കൃഷിയോടുള്ള ഇഷ്ടംകൊണ്ടാണ് അവധിയെടുത്ത് ഇങ്ങോട്ടുപോന്നത്. എട്ടേക്കറോളം വരുന്ന ഈ ഭൂമിയില്‍ വാഴയും തെങ്ങും പച്ചക്കറിത്തോട്ടവുമൊക്കെയുണ്ട്. സാമാന്യം നല്ല വരുമാനമുണ്ട്. ഈ ആത്മസംതൃപ്തി ഒരു ഗള്‍ഫ് പണത്തിനും നല്‍കാനാവില്ല'. അരുമയായ ആട്ടിന്‍കുട്ടിയെ തലോടിക്കൊണ്ട് ഇസ്മായില്‍ പറഞ്ഞു.
മലബാറി, ബോവര്‍ എന്നീ ഇനങ്ങളെക്കൂടാതെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജമുനാവാരി എന്ന ഇനത്തില്‍പ്പെട്ട നീണ്ട ചെവിയുള്ള ആടുകളും ഇസ്മായിലിന്റെ ഫാമിലുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് ആടുകളെ വിറ്റു. സ്വന്തം കൃഷിയിടത്തില്‍ ആടിന് വേണ്ട പുല്ലും കൃഷി ചെയ്യുന്നുണ്ട്. ഫാമിന്റെ വളപ്പില്‍ത്തന്നെ ആട്ടിന്‍കാഷുംകൊണ്ട് വളം നിര്‍മിക്കാനുള്ള മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുമുണ്ട്. പാലക്കാട്ടും തൃശ്ശൂരുമൊക്കെ ബിസിനസ്സ് നടത്തുന്ന അബൂബക്കറും ഇസ്മായിലും മണ്ണില്‍ പൊന്നുവിളയിക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരത്തേക്ക് മാസംതോറും 200 ആടുകളെ വില്‍ക്കാനുള്ള കരാര്‍ തങ്ങള്‍ക്ക് ഉടന്‍ കിട്ടുമെന്ന് ഇരുവരും പറഞ്ഞു.
എട്ടുവര്‍ഷം അധ്യാപകജോലി ചെയ്ത ഇസ്മായില്‍ ജോലി ഉപേക്ഷിച്ച് ആടുവളര്‍ത്താന്‍ ഇറങ്ങിയതില്‍ ഭാര്യ മന്‍സൂറക്കും കുട്ടികള്‍ക്കും ഒട്ടും പരിഭവമില്ല. ഭാര്യയും മക്കളും നാദാപുരത്തെ വീട്ടിലാണ്.





