githadharsanam

ഗീതാദര്‍ശനം - 346

Posted on: 19 Oct 2009

സി. രാധാകൃഷ്ണന്‍



വിശ്വരൂപദര്‍ശനയോഗം



സര്‍വത്ര പ്രകടമായ ഈശ്വരസാന്നിധ്യം എളുപ്പത്തില്‍ കാണാന്‍ എവിടെ നോക്കണം എന്ന ചോദ്യത്തിനു മറുപടിയായി ഏറെ ഉദാഹരണങ്ങള്‍ കഴിഞ്ഞ അധ്യായത്തില്‍ നിരത്തി. എവിടെ നോക്കിയാലും കാണാമെന്നും എണ്ണിയാല്‍ തീരില്ലെന്നും അടിവരയിട്ടു പറഞ്ഞിട്ട് മറ്റൊന്നുകൂടി അവസാനം സൂചിപ്പിച്ചു: എന്തിനിങ്ങനെ അങ്ങുമിങ്ങും തപ്പി പല തരത്തില്‍ അന്വേഷിക്കുന്നു, എന്റെ ഒരംശത്തെ പ്രപഞ്ചത്തിനൊട്ടാകെ ആധാരമാക്കി ഞാന്‍ സ്ഥിതി ചെയ്യുന്നു എന്നറിയുക.

ഈശ്വരസാന്നിധ്യം ഇങ്ങനെ പലതിലും കാണാമെങ്കില്‍ അതില്‍ ഏതിലാണ് കൂടുതല്‍ ഉള്ളതെന്ന അബദ്ധച്ചോദ്യം സ്വാഭാവികമാണ്. അതിനുള്ള ഉത്തരത്തെച്ചൊല്ലിയുള്ള ഭിന്നതകള്‍ രാഗദ്വേഷങ്ങളും തര്‍ക്കങ്ങളും ഉളവാക്കാം. വിശ്വാസങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ഉറവിടം ഇതാണല്ലോ. ആ ദുര്‍ഗതിയില്‍ അകപ്പെടാതിരിക്കാനും അഥവാ പെട്ടുപോയാലും അതില്‍നിന്ന് മോചനം കിട്ടാനുമുള്ള വഴി ഏകവും സര്‍വഗതവും നിത്യവും സ്ഥിരവുമായ പരംപൊരുളിനെ വേണ്ടപോലെ അറിയുകയാണ്.

ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു മറുപടി പറയുന്നവരോട് തര്‍ക്കിക്കുന്നവരുടെ അടുത്ത ചോദ്യം ''നിങ്ങള്‍ കണ്ടിട്ടുണ്ടോ?'' എന്നാണ്. ഇതു കേള്‍ക്കുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ആഗ്രഹം തോന്നും, ഒന്നു കണ്ടിരുന്നെങ്കിലെന്ന്. പറഞ്ഞുകേട്ടും സാഹചര്യത്തെളിവുകളെ ആസ്​പദിച്ചുമുള്ള ബോധ്യത്തിന്റെ പരിസമാപ്തി കാഴ്ചയിലാണല്ലോ. കാണാന്‍ കഴിയുന്നതില്‍ കള്ളമില്ല എന്നല്ലേ പൊതുധാരണ.

ഈ മനഃസ്ഥിതിയെയാണ് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ അര്‍ജുനന്‍ പ്രതിനിധീകരിക്കുന്നത്. ഗുരുമുഖത്തുനിന്ന് കേള്‍ക്കേണ്ടതെല്ലാം കേട്ടു, കേട്ടതെല്ലാം ശരിയെന്ന് നിശ്ചയവുമായി. ഇനി വേണ്ടത് ആ ശരിയുടെ കണ്ടറിവാണ്. വ്യക്തിയിലെ ജീവന് അഥവാ ജീവാത്മാവിന് 'വിശ്വന്‍' എന്നാണ് വേദാന്തത്തില്‍ പേര്. പ്രപഞ്ചജീവന് 'വിരാട്' എന്നും പറയുന്നു. വിശ്വന്‍ വിരാടിനെ ദര്‍ശിക്കുന്നതാണ് വിശ്വരൂപദര്‍ശനം. സൂക്ഷ്മാര്‍ഥത്തില്‍ വിശ്വന്‍ വിരാട്തന്നെയാണ്. താന്‍ തന്നെത്തന്നെയാണ് കാണുന്നതെന്നര്‍ഥം. കാഴ്ചയും കാഴ്ചക്കാരനും കാഴ്ചയ്ക്കുതകുന്ന വെളിച്ചവും എല്ലാം ഒന്നാണ്.

ദ്വന്ദ്വമോഹങ്ങളുടെ സമീകരണത്തിലൂടെ ശുദ്ധബോധത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ഈ ഒരുമ കൈവരിക്കാം. ധ്യാനയോഗത്തിന്റെ പടവുകള്‍ കയറി ഈ നിലയിലെത്താം. അപ്പോഴും പക്ഷേ, അതീന്ദ്രിയമായ ആ ദര്‍ശനം ബുദ്ധിക്ക് ഗ്രാഹ്യമായ രീതിയിലേ പറ്റൂ. എന്നു വെച്ചാല്‍, ബുദ്ധി ഏത് കാര്യത്തിന്റെ സ്ഥലകാലാന്തരഭാവം കാണണമെന്നാഗ്രഹിക്കുന്നുവോ അതേ കാണൂ. അതായത്, ചിത്രം പൂര്‍ത്തിയാവില്ല. പൂര്‍ത്തിയാവുന്നത് ലയത്തോടെയാണ്. അന്നേരം കാഴ്ചക്കാരനും കാഴ്ചയും വേറെയല്ലാത്തതിനാല്‍ 'കാഴ്ച'യേ ഇല്ലാതെയുമാവുന്നു. അതായത്, ഈ വിശ്വരൂപദര്‍ശനവും സാധകന്റെ തീര്‍ഥയാത്രയിലെ ഒരു വഴിയമ്പലം മാത്രം.

(തുടരും)



MathrubhumiMatrimonial