
ഗീതാദര്‍ശനം - 342
Posted on: 13 Oct 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
നാന്തോശസ്തി മമ ദിവ്യാനാം
വിഭൂതീനാം പരന്തപ
ഏഷതൂദ്ദേശതഃ പ്രോക്തഃ
വിഭൂതേര്‍വിസ്തരോ മയാ
പരന്തപനായ അര്‍ജുനാ, എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അവസാനമില്ല. വിഭൂതികളെ വിസ്തരിച്ച് ഞാന്‍ ഇതുവരെ പറഞ്ഞത് ഒരു ചുരുക്കം മാത്രം.
എഴുപത്തിയഞ്ച് ഉദാഹരണങ്ങള്‍ തൊട്ടുകാണിച്ചു. ഇത്രയേ ഉള്ളൂ എന്നു കരുതേണ്ട. ''ഒന്നുംതന്നെ എന്നെക്കൂടാതെ നിലനില്‍ക്കുന്നില്ല'' എന്നിരിക്കെ എല്ലാതും പരംപൊരുളിന്റെ ഭൂതികള്‍തന്നെ. ''എണ്ണിയാല്‍ തീരില്ലെങ്കിലും എന്റെ വിഭൂതികളില്‍ പ്രധാനപ്പെട്ട ഏതാനും പറയാം'' എന്ന ആമുഖത്തോടെയാണല്ലോ തുടങ്ങിയത്. ഇപ്പറഞ്ഞതൊഴികെ ഒന്നിലും എന്നെ കാണാനാവില്ല എന്ന അബദ്ധധാരണ വേണ്ട. അനന്തമാണ് ഈശ്വരന്റെ ദിവ്യങ്ങളായ (പ്രകാശമാനങ്ങളായ) വിഭൂതികള്‍. സ്വയം നോക്കിക്കണ്ടുപിടിച്ച് മനസ്സിലാക്കിക്കോളുക. 'വിശ്വതോമുഖം' ആയതിനാല്‍ എവിടെ എന്തിനെ നോക്കിയാലും നോക്കുന്നത് എന്റെ മുഖത്തേയ്ക്കായിരിക്കും. അങ്ങനെ 'എന്നെ' തിരിച്ചറിയാനുള്ള പരിശീലനമാണ് ഇപ്പറഞ്ഞ ഉദാഹരണങ്ങളിലൂടെ ലഭിക്കുന്നത്.
നക്ഷത്രനിരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ തന്റെ കാഴ്ചപ്പാടില്‍ കിട്ടുന്ന കൂടുതല്‍ പ്രകാശമാനങ്ങളായ നക്ഷത്രങ്ങളെ നോക്കി പഠിക്കുന്നു. എന്നിട്ട്, ആ അറിവിലൂടെ മുഴുവന്‍ നക്ഷത്രലോകത്തിനും ബാധകമായ നിഗമനങ്ങളിലെത്തുന്നു. എല്ലാ നക്ഷത്രങ്ങളെയും എണ്ണി കണക്കാക്കാനോ പഠിക്കാനോ ആര്‍ക്കും കഴിയില്ല. കാരണം, അവ അസംഖ്യമാണ്. ഏത് പഠനത്തിലും സയന്‍സ് പിന്തുടരുന്ന രീതി ഇതാണ്. ഭൂമിയിലെ എല്ലാ ജീവികളെയും നോക്കി പഠിച്ചല്ല ഡാര്‍വിന്‍ പരിണാമസിദ്ധാന്തം രൂപീകരിച്ചത്. പ്രാതിനിധ്യസ്വഭാവമുള്ള ഏതാനും ജീവജാലങ്ങളെ നിരീക്ഷിച്ചു. അദ്ദേഹം ബുദ്ധിമാനാകയാല്‍ അതു മതിയായി. വൈദ്യശാസ്ത്രം ഒരു മരുന്നു കണ്ടെത്തിയാല്‍ അതിന്റെ പ്രയോഗക്ഷമത നിശ്ചയിക്കുന്നത് ഏതാനും രോഗികള്‍ക്ക് അത് നല്‍കിയാണ്.
മനുഷ്യന്‍ നേടിയ എല്ലാ അറിവും സാമാന്യവല്‍ക്കരണം എന്ന വഴിയിലൂടെയാണ്. (കാര്യകാരണചിന്ത എന്ന രണ്ടാമത്തെ വഴി തുടങ്ങുന്നതുതന്നെ കാര്യം എന്നത് ആദ്യം സാമാന്യവല്‍ക്കരണത്തിലൂടെ സ്ഥാപിച്ചതിനു ശേഷമാണ്. 'എല്ലാ മനുഷ്യരും മരിക്കും' എന്നു നിശ്ചയമായതിനു ശേഷമേ, 'അരിസ്‌റ്റോട്ടിലും ഒരു മനുഷ്യനാണ്' എന്ന ന്യായത്തിലൂടെ 'അരിസ്‌റ്റോട്ടിലും മരിക്കും' എന്ന തീരുമാനത്തിലെത്താനാവൂ.) അധ്യാത്മവിദ്യയുടെ സാധുതയും സാമാന്യവല്‍ക്കരണംകൊണ്ടേ ഉറപ്പാക്കാനാവൂ. ചുറ്റും നോക്കി വിലയിരുത്തുക. 'കണ്ണുള്ളവര്‍ കാണും'!
(തുടരും)





