
ദേശാടനക്കിളികളുടെ കുഞ്ഞുങ്ങള്‍ക്ക് കുട്ടികള്‍ രക്ഷകരായി
Posted on: 28 Oct 2007
രാമനാട്ടുകര: പനയില്‍നിന്ന് വീണ പറക്കമുറ്റാത്ത ദേശാടനക്കിളികളുടെ 11 കുഞ്ഞുങ്ങള്‍ക്ക് കുട്ടികള്‍ രക്ഷകരായി. രാമനാട്ടുകര ബൈപ്പാസ് എല്‍.ഐ.സി. റോഡില്‍ മാരാത്ത് രാജന്റെ വീട്ടിലാണ് കൗതുകമുണര്‍ത്തുന്ന 11 പക്ഷിക്കുഞ്ഞുങ്ങള്‍ കുട്ടികളുടെ കൂട്ടുകാരായിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കാണ് രാജന്റെ അയല്‍വാസിയായ മാരാത്ത് സതീശന്റെ വീട്ടിലെ പനയില്‍നിന്ന് 11 പക്ഷിക്കുഞ്ഞുങ്ങള്‍ പനയുടെ പോള കൊഴിഞ്ഞപ്പോള്‍ താഴെ വീണത്. രാജന്റെയും സതീശന്റെയും മക്കളായ വൈശാഖ്, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് പക്ഷിക്കുഞ്ഞുങ്ങളെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരിക്കയാണ്. കറുപ്പും വെളുപ്പും പുള്ളികളുള്ള പക്ഷിക്കുഞ്ഞുങ്ങളുടെ ചുണ്ട് പരന്നതാണ്. കാലുകള്‍ താറാവിന്റേതുപോലെയാണ്. എര വര്‍ഗത്തില്‍പ്പെട്ട ദേശാടനക്കിളികളുടേതാണ് പക്ഷിക്കുഞ്ഞുങ്ങളെന്ന് സംശയിക്കുന്നു.





