
നിദമോള്‍ക്ക് സഹായവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ
Posted on: 11 Sep 2015
കൊപ്പം: നിദക്കുട്ടിക്ക് ഇത് വലിയ സഹായം തന്നെയാണ്. കരള്‍രോഗത്തിന് ചികിത്സയിലുള്ള നിദ ഫാത്തിമയ്ക്ക് (5) കൈത്താങ്ങുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയാണ് സി.എ. ഹമീദ് കാരുണ്യക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, നിദമോളുടെ പിതാവ് ചുണ്ടമ്പറ്റ കുറ്റിക്കോടന്‍ വീട്ടില്‍ ഷൗക്കത്തിന് സഹായം കൈമാറി.നിദമോളുടെ രോഗത്തെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ജനിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ നിദയ്ക്ക് കരള്‍രോഗലക്ഷണം കണ്ടുതുടങ്ങിയിരുന്നു.
അടിയന്തരമായി കരള്‍മാറ്റശസ്ത്രക്രിയ നടത്തണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 15 ലക്ഷത്തോളം രൂപ വരും. തുടര്‍ചികിത്സയ്ക്കും വന്‍ചെലവാണ് വരുന്നത്. ഈ സാഹചര്യത്തില്‍, നാട്ടുകാര്‍ സഹായക്കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ രംഗത്തുവന്നത്.
രണ്ട് വര്‍ഷം മുമ്പ് വിദേശത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞ എടപ്പാള്‍ സ്വാദേശി സി.എ. ഹമീദിന്റെ പേരിലുള്ള ഫെയ്‌സ് കൂട്ടായ്മയാണ് സഹായവുമായി എത്തിയത്.
നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
കൂട്ടായ്മയിലെ അംഗങ്ങളായ ടി. ഗോപാലകൃഷ്ണന്‍, മുജാഫര്‍, നാസര്‍, മനോജ്, സൈതലവി, അഷ്‌കര്‍ തുടങ്ങിയവരും ധനസഹായവിതരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.





