
പണിമുടക്കിന് ഗുഡ്‌ബൈ; സൗജന്യ യാത്രയൊരുക്കി ബൈക്ക് സംഘം
Posted on: 03 Sep 2015
ആലപ്പുഴ: പണിമുടക്കായതിനാല്‍ വീട്ടിലെത്താന്‍ പറ്റുമോയെന്ന ആശങ്കയിലാണ് പലരും റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയത്. പക്ഷേ, സൗജന്യമായി വീട്ടിലെത്തിക്കാന്‍ തയ്യാറായി ഒരുപറ്റം ചെറുപ്പക്കാര്‍ ബൈക്കും സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍യാത്രക്കാര്‍ക്ക് ആശ്വാസം. ആലപ്പുഴ, ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനുകളില്‍ എത്തിയവര്‍ക്കാണ് ബൈക്ക് സംഘങ്ങളുടെ സൗജന്യയാത്ര തരപ്പെട്ടത്. സേവ് ആലപ്പിയുടെ നേതൃത്വത്തില്‍ 20 ഓളം ബൈക്കുകളുമായാണ് പ്രവര്‍ത്തകര്‍ യാത്രക്കാരെ വീട്ടിലെത്തിക്കാന്‍ തയ്യാറായി നിന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ എല്ലാവരെയും വീടുകളിലും ഓഫീസുകളിലുമെത്തിക്കാന്‍ സംഘടനയ്ക്കായി.
കഴിഞ്ഞവര്‍ഷം മുതലാണ് സേവ് ആലപ്പി ഹര്‍ത്താല്‍ ഇല്ലാത്ത ആലപ്പുഴ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം തുടങ്ങിയത്. വനിതാ യാത്രക്കാരെ കൊണ്ടുപോകാനായി സേവ് ആലപ്പി പ്രവര്‍ത്തക മേഴ്‌സി വിജിയും ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. സംഘടനയുടെ പ്രസിഡന്റ് ഷിബു ഡേവിഡ്, അനി ഹനീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ബൈക്കുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന് പുറമെ ഉച്ചയ്ക്ക് ബിരിയാണിയും സംഘടന വിതരണം ചെയ്തു.
ചെങ്ങന്നൂര് റെയില്‍വേ സ്റ്റേഷനിലെത്തിയവരെ ബൈക്കില്‍വീട്ടിലെത്തിക്കാനാളുണ്ടായി. ഇതിനായി പ്രത്യേക സംഘടനയൊന്നുമില്ലായിരുന്നു. എട്ട് വ്യക്തികള്‍ ബൈക്കുമായി സേവനത്തിന് സ്വയമിറങ്ങുകയായിരുന്നു. അടൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലെ യാത്രക്കാരെയാണ് ഈ സംഘം വീടുകളിലെത്തിച്ചത്.





