
തടവുകാര്‍ക്കൊപ്പം ചെണ്ടകൊട്ടാന്‍ നടന്‍ ജയറാം 16-ന് സെന്‍ട്രല്‍ ജയിലില്‍
Posted on: 05 Aug 2015
കണ്ണൂര്‍: താന്‍ നല്‍കിയ ചെണ്ടയില്‍ മേളപ്പെരുക്കം പഠിച്ചവര്‍ക്കൊപ്പം ചെണ്ട കൊട്ടാന്‍ നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നു. ആഗസ്ത് 16-ന് രണ്ടുമണിക്ക് ജയിലിലെ തുറന്നവേദിയില്‍ മട്ടന്നൂര്‍ ചെണ്ടവാദ്യസംഘത്തിനൊപ്പം ജയറാമും ജയിലില്‍ ചെണ്ടമേളം അഭ്യസിച്ച 12 തടവുകാരും കൊട്ടിക്കയറും.ഒരുവര്‍ഷം മുമ്പ് ജയിലില്‍ ചെണ്ടമേളം പഠിപ്പിച്ചിരുന്നു. അന്ന് ചെണ്ടപഠിച്ചവര്‍ക്ക് സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ പഠനം തുടരാന്‍ സാധിച്ചിരുന്നില്ല. പഠിതാക്കളിലൊരാളായ സുകുമാരന്‍ നടന്‍ ജയറാമിന് കാര്യങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയതോടെയാണ് ജയറാം തടവുകാര്‍ക്ക് പഠിക്കാന്‍ 10 ചെണ്ട എത്തിച്ചുകൊടുത്തത്.
ഏപ്രില്‍ 26-ന് ജയറാം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ 10 ചെണ്ടകള്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തടവുകാര്‍ക്ക് കൈമാറി. കുന്ദംകുളത്ത് നിമിച്ച മികച്ച ചെണ്ടയാണ് ജയറാം തടവുകാര്‍ക്കുവേണ്ടി വാങ്ങിക്കൊടുത്തത്. ചെണ്ട കൊടുക്കുന്ന ചടങ്ങില്‍ ഷൂട്ടിങ് തിരക്കുള്ളതിനാല്‍ എത്താനാവില്ലെന്നും പിന്നീടൊരിക്കല്‍ എത്തി തടവുകാര്‍ക്കൊപ്പം ചെണ്ട കൊട്ടാമെന്നും അന്ന് ജയലിധികൃതരെ അറിയിച്ചിരുന്നു.
ജയറാമിനെ സ്വീകരിക്കാനും ചെണ്ട അരങ്ങേറ്റം കുറിക്കാനുമുള്ള ഒരുക്കത്തിലാണ് സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍. മന്ത്രി കെ.പി.മോഹനന്‍, പി.കെ.ശ്രീമതി എം.പി., എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ ചെണ്ടമേളത്തിന് സാക്ഷിയാവാനെത്തും. പുതുതായി ചെണ്ട അഭ്യസിച്ച തടവുകാര്‍ ജയില്‍കവാടത്തില്‍ അതിഥികളെ ചെണ്ടകൊട്ടി സ്വീകരിക്കും.
ചാനലുകളില്‍ കുക്കറി ഷോ നടത്തുന്ന ചിത്ര 16-ന് രാവിലെ സെന്‍ട്രല്‍ ജയിലിലെത്തി തടവുകാര്‍ക്ക് പാചകസംബന്ധമായ ക്ലാസെടുക്കും. ജയില്‍ ഫുഡ് യൂണിറ്റ് സന്ദര്‍ശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളും അവര്‍ നിര്‍ദേശിക്കും.





