
മൂന്നുവയസ്സുകാരിയുടെ അവയവങ്ങള്‍ അഞ്ചുവയസ്സുകാരന്
Posted on: 03 Aug 2015
അവയവദാനത്തില്‍ ഇത് പുതിയ ചരിത്രം
തിരുവനന്തപുരം: മൂന്നുവയസ്സുകാരി അഞ്ജനയുടെ മൂന്ന് അവയവങ്ങള്‍ ഇനി അഞ്ചുവയസ്സുകാരന്‍ അനിന്‍രാജിന്റെ ശരീരത്തില്‍ തുടിക്കും. അവയവദാനത്തിന്റ ചരിത്രത്തില്‍ പുതിയ ഏടാണ് ഈ രണ്ട് കുരുന്നുകള്‍ എഴുതിച്ചേര്‍ത്തത്; സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ദാതാവും സ്വീകര്‍ത്താവും. രണ്ട് വൃക്കയും കരളും ഉള്‍െപ്പടെ മൂന്ന് അവയവങ്ങള്‍ അഞ്ജനയില്‍നിന്ന് അനിന്‍രാജിന് മാറ്റിവെച്ചത് അപൂര്‍വതയാണ്. കരകുളം ഏണിക്കര നിലവൂര്‍തട്ടം ചോതി ഭവനില്‍ അജിത്തിന്റെയും ദിവ്യയുടെയും മകളാണ് അഞ്ജന. വ്യാഴാഴ്ചയാണ് തലചുറ്റിവീണ അഞ്ജനയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലയില്‍ ട്യൂമറാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും കണ്ടെത്തി. മരണം ഉറപ്പായതോടെ, കുട്ടിയുടെ അവയവങ്ങള്‍ ദാനംചെയ്യാമെന്ന നിര്‍ദ്ദേശം രക്ഷിതാക്കള്‍ അംഗീകരിച്ചു.
സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള അനിന്‍രാജിന് വൃക്കകളും കരളും വേണമെന്ന് കണ്ടെത്തിയത്. വെള്ളറട കിളിയൂര്‍ സ്വദേശി എ.കെ.അനിയന്റെ മകനാണ് അനിന്‍രാജ്. ജന്മവൈകല്യങ്ങളാണ് അനിന്‍രാജിന്. എന്നാല്‍, ഹൃദയമാറ്റത്തിന് സ്വീകര്‍ത്താവിനെ കണ്ടെത്താനായില്ല.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് അഞ്ജനയുടെ അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ എസ്.എ.ടി.യില്‍ തുടങ്ങി. കിംസിലെ ഡോക്ടര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘവും എസ്.എ.ടി.യിലെ ഡോക്ടര്‍ ശങ്കറിന്റെയും അജയകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് അവയവങ്ങള്‍ എടുത്തത്. കണ്ണിന്റെ കോര്‍ണിയ തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറി. ഈ കുരുന്നുകണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് പ്രകാശം പകരും.
രാവിലെ ആറുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കരളും വൃക്കയും കിംസിലെത്തിച്ചു. രാവിലെ തിരക്ക് കുറവായിരുന്നെങ്കിലും സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
രാവിലെ എട്ടോടെ അവയവങ്ങള്‍ അനിന്‍രാജില്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ തുടങ്ങി. ദാതാവും സ്വീകര്‍ത്താവും ചെറിയ കുട്ടികളായതിനാലാണ് ഇരു വൃക്കയും ഒരാള്‍ക്കുതന്നെ നല്‍കിയത്. മൂന്ന് അവയവങ്ങളും മാറ്റിവെക്കേണ്ടിവന്നതിനാല്‍ ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകളെടുത്തു. രാത്രി എട്ടോടെ ആദ്യഘട്ടം പൂര്‍ത്തിയായി.





