
ഇവിടെ തളിര്‍ക്കുന്നത് ജീവിതത്തിന്റെ നാമ്പുകള്‍
Posted on: 02 Aug 2015
ഒ.കെ. ധനുഷ

കോട്ടയ്ക്കല്‍: വീട്ടുപറമ്പിനോടു ചേര്‍ന്നുള്ള കുറച്ചു സ്ഥലം. അവിടെ ഉഴുതുമറിച്ച് വരമ്പിട്ട്, തൈകള്‍ നട്ടു. പലതിലും പൂവിട്ടിട്ടുണ്ട്, ചിലതില്‍ ചെറിയകായ്കളും. കോഡൂര്‍ പഞ്ചായത്തിലെ മുണ്ടക്കോട് ചോലയ്ക്കലിലെ ഏഴ് സ്ത്രീകളുടെ ശ്രമഫലമാണിത്. അവരുടെ ജീവിതത്തിന്റെ പൊന്‍നാമ്പുകളാണ് ഇവിടെ തളിര്‍ക്കുന്നത്.
അയല്‍ക്കാരായ കൗസല്യ, നിഷ, പ്രസന്ന, റസീന, ശാന്ത, ബിന്ദു, ഷിനി എന്നിവരാണ് മൂന്നേക്കറില്‍ കൃഷിചെയ്ത് പൊന്നുവിളയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. നാലാംവാര്‍ഡിലെ വിവിധ സ്ഥലങ്ങളിലാണ് കൃഷി. തരിശായിക്കിടക്കുന്ന ഭൂമി കണ്ടെത്തിയതും കൃഷിചെയ്യാന്‍ താത്പര്യമുണ്ടെന്നുകാണിച്ച് കൃഷിഭവനില്‍ അപേക്ഷ നല്‍കിയതുമെല്ലാം ഒരുമിച്ചാണ്.
അടുക്കളത്തോട്ടം മാത്രമുണ്ടാക്കി പരിചയമുള്ളവര്‍ തൊഴിലുറപ്പിനായി ഉപയോഗിച്ചിരുന്ന തൂമ്പയും കൈക്കോട്ടുമായാണ് കൃഷിക്കിറങ്ങിയത്. ഇപ്പോള്‍ മൂന്നേക്കറില്‍ വെണ്ട, വഴുതന, തക്കാളി, കൂര്‍ക്ക, ചേമ്പ്, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയെല്ലാം കൃഷിയുണ്ട്. പകല്‍ മുഴുവന്‍ കൃഷിയിടത്തിലാണ്. കുറച്ചധികം കഷ്ടപ്പെടണമെന്നല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ലെന്ന് എല്ലാവരും പറയുന്നു.
രാത്രിയില്‍ മയിലുകള്‍വന്ന് കൃഷി നശിപ്പിക്കുമോ എന്ന പേടിമാത്രമേയുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ പലരും സാമ്പത്തികമായി കഷ്ടപ്പെടുന്നവരാണ്. വീടുനോക്കാനായി പണിക്കിറങ്ങിയതാണ് പലരും. പിന്നെ കൃഷിയോടുള്ള സ്‌നേഹവും. ഇക്കാണുന്നതെല്ലാം ഞങ്ങള്‍ രാവും പകലും നോക്കി വളര്‍ത്തിയതാണ്. കുറെയുണ്ടാവുമ്പോള്‍ വില്‍ക്കണം ഷിനി പറയുന്നു.
മൂന്നേക്കറിലും ഒരുമിച്ചല്ല കൃഷിയിറക്കുന്നത്. കൃഷിസ്ഥലം പലയിടങ്ങളിലായതിനാല്‍ ഓരോ സ്ഥലത്തായാണ് കൃഷി. ആദ്യം തൈനട്ടസ്ഥലത്ത് ഇപ്പോള്‍ വെണ്ടയും തക്കാളിയും കായ്ച്ചുവരുന്നു. മറ്റൊരുസ്ഥലത്ത് അവര്‍ വരമ്പിടുന്നതേയുള്ളൂ. സ്വന്തം ൈകയില്‍നിന്ന് കാശെടുത്താണ് ഇത്രയുമെത്തിച്ചത്.
വിളവെടുത്താല്‍ ചെമ്മങ്കടവിലുള്ള വരിക്കോട് എ ഗ്രേഡ് വിപണനക്ലസ്റ്റര്‍ നാടന്‍ പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കാം. പുറമെ വില്‍ക്കുന്നതിനെക്കാള്‍ 10 ശതമാനം അധികലാഭവും കിട്ടും. ആദ്യത്തെ കൃഷിയില്‍ ഉദ്ദേശിച്ച വിളവുലഭിച്ചാല്‍ ഓണത്തിനു നല്ല കച്ചവടം കിട്ടും.
വാര്‍ഡ്തല എ.ഡി.എസ്സിനുകീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
കൃഷിഓഫീസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍ നല്‍കിയ ഉപദേശപ്രകാരം കൃഷിഭവന്റെ പച്ചക്കറിക്കൃഷി വികസനപദ്ധതിയുമായി സംയോജിപ്പിച്ചു. കൃഷിക്കാവശ്യമുള്ള തൈകള്‍ സൗജന്യമായി ലഭിച്ചു. പിന്നെ ജൈവകീടനാശിനികളും ജൈവവളവും എങ്ങനെയുണ്ടാക്കണമെന്ന നിര്‍ദേശങ്ങളും ആവശ്യമായ മേല്‍നോട്ടവും അദ്ദേഹം നല്‍കി.
രണ്ടുംകല്‍പ്പിച്ചാണ് എല്ലാവരും ചേറിലേയ്ക്കിറങ്ങിയത്. നഷ്ടമോ ലാഭമോ ഒന്നും നോക്കിയില്ല. എന്നാല്‍ ഇതൊക്കെ വളര്‍ന്നുവരുന്നതു കാണുമ്പോള്‍ നിറയെ പ്രതീക്ഷയുണ്ട് ഏഴുപേര്‍ക്കും. കൃഷി ചതിക്കില്ല, അധ്വാനം വെറുതെയാവില്ല. കൊട്ടനിറയെ പറിച്ചിടണം, നോക്കിവളര്‍ത്തിയ പച്ചക്കറികള്‍. ഏഴുമുഖങ്ങളില്‍ പ്രതീക്ഷയുടെ തെളിഞ്ഞ പുഞ്ചിരി.





