goodnews head

സഹപാഠികളുടെ കൂട്ടായ്മയില്‍ ഒരു സ്‌നേഹവീട്

Posted on: 01 Aug 2015


കൂറ്റനാട്: കൂട്ടുകാരന് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ സഹപാഠികള്‍ ചേര്‍ന്ന് സ്‌നേഹവീട് പണിതുനല്‍കി. കൂറ്റനാട് ചാത്തനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ദിജീഷിന് വീട് പണിതുനല്‍കിയത്.

ഹപാഠിക്ക് വീടൊരുക്കണമെന്ന ആശയവുമായി കുട്ടികള്‍ സമീപിച്ചപ്പോള്‍ പൂര്‍ണ പിന്തുണയുമായി അധ്യാപകരും കൂട്ടിനെത്തി. ആശയം പ്രാവര്‍ത്തികമാക്കാന്‍ പണമായിരുന്നു പ്രധാന പ്രശ്‌നം. ധനസമാഹരണത്തിനായി നാട്ടുകാരുടെ സഹകരണവും കിട്ടിയതോടെ കുട്ടിക്കൂട്ടം 4.75 ലക്ഷം രൂപ വീടുപണിക്കായി സ്വരുക്കൂട്ടി.

2015 ജനവരി 2 നാണ് സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് മുന്‍കൈയെടുത്ത് സഹപാഠിക്കുള്ള ഭവനമെന്ന സ്വപ്നത്തിനും തറക്കല്ലിട്ടത്. പിന്നീട് യൂണിറ്റംഗങ്ങള്‍ക്ക് അധ്വാനത്തിന്റെ നാളുകളായിരുന്നു. സ്‌കൂള്‍സമയം കഴിഞ്ഞ് പഠനവും തീര്‍ത്ത് കുട്ടിക്കൂട്ടങ്ങള്‍ വീടുപണിസ്ഥലത്തേക്ക് നീങ്ങും. യുണിറ്റ് അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന ലഘുഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ രാത്രി വൈകുംവരെ പണിനടത്തി സ്വന്തം വീടുകളിലേക്ക് മടങ്ങും. കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്നാണ് വീടിന്റെ ഭൂരിഭാഗംപണിയും തീര്‍ത്തത്.

വലിയ പണിക്കുമാത്രമേ പുറമെനിന്ന് പണിക്കാരെ ഉപയോഗിച്ചുള്ളൂ. വീടുപണിക്കായി പഞ്ചായത്ത് 2 ലക്ഷം രൂപ നല്‍കിയത് ഭവനിര്‍മാണത്തിന് ആശ്വാസമേകി. പഞ്ചായത്തിന്റെ ധനസഹായവും കുട്ടികള്‍ സമാഹരിച്ച പണവും ചേര്‍ത്ത് 6.75 ലക്ഷം ചെലവാക്കി ഏഴുമാസത്തിനുള്ളില്‍ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും വര്‍ക്ക് ഏരിയയും വാട്ടര്‍കണക്ഷനും അടക്കം വാസയോഗ്യമായ വീട് കൂട്ടുകാരന് സഹപാഠികളുടെ സ്‌നേഹസമ്മാനമായി പണിതുനല്‍കി. സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറല്‍ ആഗസ്ത് ഒന്നിന് കാലത്ത് 11 മണിക്ക് എന്‍.എസ്.എസ്. സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എ. നൗഷാദിന്റെ സാന്നിധ്യത്തില്‍ എം.എല്‍.എ.മാരായ കെ. രാധാകൃഷ്ണനും വി.ടി. ബല്‍റാമും ചേര്‍ന്ന് നടത്തും.

സേവന പ്രവര്‍ത്തനങ്ങളുടെ ആദരവായി ചാത്തനൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന് ഈവര്‍ഷം സംസ്ഥാന അംഗീകാരവും ലഭിച്ചിരുന്നു.

 

 




MathrubhumiMatrimonial