goodnews head

അന്ധകുടുംബത്തിനായി നാട് ഒന്നിച്ചു

Posted on: 28 Jul 2015


കാസര്‍കോട്: അച്ഛനും രണ്ടു മക്കളും അന്ധരായ കുടുംബത്തിന് വീട് നിര്‍മിച്ചുനല്കുന്ന ചടങ്ങ് ആഘോഷമാക്കാന്‍ ഒരുനാട് മുഴുവന്‍ ഒന്നിച്ചു. കൊടിയമ്മ പൂക്കട്ടയില്‍ സന്നദ്ധസംഘടനകള്‍ മൂന്നുസെന്റില്‍ നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ച്ചടങ്ങ് നാടിന്റെ ഒത്തുചേരലായി.

കുമ്പള ബംബ്രാണയിലെ സുല്‍ത്താന്‍ ക്വാര്‍ട്ടേഴ്‌സിലെ ഇടുങ്ങിയ മൂന്ന് മുറിക്കുള്ളിലെ അന്ധരായ അച്ഛനെയും മക്കളെയും കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്കിയിരുന്നു. ചുറ്റുമുള്ളതെല്ലാം നിഴലുകളായി കാണുന്ന വൃദ്ധനായ ഹസൈനാരും കാഴ്ച തീര്‍ത്തുമില്ലാത്ത മക്കളായ അബ്ദുള്‍ജബ്ബാറും നഫീസത്ത് മിസ്രിയയും മൂത്തമകന്റെ വിധവയും മന്തുരോഗിയുമായ മരുമകള്‍ ലത്തീഫയുമടങ്ങിയ കുടുംബത്തിന്റെ ദുരിതജീവിതം സമൂഹത്തിന്റെ കണ്ണുതുറപ്പിച്ചു.

'സ്‌നേഹപൂര്‍വം ചെര്‍ക്കളത്തിന്' എന്ന പേരില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയെ ആദരിക്കുന്നത് അശരണരെ സഹായിച്ചാവണം എന്ന് മഞ്ചേശ്വരം പൗരാവലി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് എന്ന ആശയം ഉയര്‍ന്നത്. ഈ സമയത്താണ് കുടുംബത്തിന്റെ ദുരിതകഥ 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തനരംഗത്തുള്ള ബെംഗളൂരു ആസ്ഥാനമായ അല്‍ഫലാഅ് ഫൗണ്ടേഷന്റ സഹായത്തോടെ ഈ കുടുംബത്തിന് വീട് നിര്‍മിച്ചുനല്കാന്‍ മഞ്ചേശ്വരം പൗരാവലി തീരുമാനിച്ചു.

കൊടിയമ്മയിലെ മൂന്നുസെന്റില്‍ നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ച്ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തില്‍ സത്താര്‍ ആരിക്കാടി അധ്യക്ഷതവഹിച്ചു.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ, സ്‌നേഹപൂര്‍വം ചെര്‍ക്കളത്തിന് കമ്മിറ്റി കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, അല്‍ഫലഅ് വൈസ് ചെയര്‍മാന്‍ എസ്.അബ്ദുള്ള സുബ്ബയ്യകട്ട, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആള്‍വ, മൂസ സഖാഫി കളത്തൂര്‍, വില്ലേജ് ഓഫീസര്‍ എ.എം.ആന്റണി, എ.കെ.എം.അഷറഫ്, അസീസ് കളത്തൂര്‍, കെ.വി.യൂസഫ്, എം.പി.ഖാലിദ്, അഷ്‌റഫ് കൊടിയമ്മ, അബ്ബാസ് അലി, യൂസഫ് ഉളുവാര്‍ എന്നിവര്‍ പങ്കെടുത്തു.

നേരത്തെ മാതൃഭൂമി വാര്‍ത്ത നല്കിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ എസ്.എഫ്.ഐ. ഏറ്റെടുത്തിരുന്നു. കളക്ടര്‍ ഇടപെട്ട് തഹസില്‍ദാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഇവര്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലം നല്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നടപടികള്‍ പാതിവഴിയിലെത്തിയപ്പോഴാണ് കാരുണ്യത്തിന്റെ സ്പര്‍ശവുമായി സന്നദ്ധസംഘടനകള്‍ എത്തിയത്.

 

 




MathrubhumiMatrimonial