
വിനീഷയ്ക്ക് പഠിക്കാന്‍ ഡി.വൈ.എഫ്.ഐ. കൈത്താങ്ങ്
Posted on: 18 Jul 2015

നീലേശ്വരം: പഠനത്തില്‍ മികവ് കാട്ടിയിട്ടും കുടുംബ പ്രാരബ്ധം പഠനംമുടക്കിയ നിര്‍ധനവിദ്യാര്‍ഥിക്ക് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. നീലേശ്വരം പള്ളിക്കരയിലെ കൂലിത്തൊഴിലാളിയായ മുരളിയുടെ മകള്‍ കെ.എം.വിനീഷയ്ക്കാണ് ഉന്നതവിജയം ഉണ്ടായിട്ടും പഠനം വഴിമുട്ടിയത്. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെത്തി കുട്ടിയുടെ പഠനം പൂര്‍ണമായും ഏറ്റെടുത്തു.
നീലേശ്വരം രാജാസ് എച്ച്.എസ്.എസ്സില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയാണ് വിനീഷ വിജയിച്ചത്. കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന അച്ഛന്‍ മുരളിക്കും രോഗബാധിതയായ അമ്മ വാസന്തിക്കും മകളെ പഠിപ്പിക്കണമെന്നുണ്ടെങ്കിലും സാഹചര്യം അനുവദിക്കുന്നില്ല.
കുട്ടമത്ത് ഗവ. എച്ച്.എസ്.എസ്സില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന വിനീഷയുടെ രണ്ട് വര്‍ഷത്തെയും മുഴുവന്‍ പഠനചെലവ് ഡി.വൈ.എഫ്.ഐ. ഏറ്റെടുത്തു. ആദ്യസഹായം കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഗോപീകൃഷ്ണന്‍ വിനീഷയ്ക്ക് കൈമാറി. പി.അനൂപ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.രമേശന്‍, എന്‍.അമ്പു, എം.സത്യന്‍, പി.കെ.രതീഷ്, പി.സുഭാഷ്, കെ.എം.വിനീഷ്, കെ.എം.രാജന്‍, ടി.കെ.അനീഷ് എന്നിവര്‍ സംസാരിച്ചു.





