
പെരുന്നാള്‍ദിനത്തില്‍ അന്നപ്പൊതിയുമായി ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍ എത്തും
Posted on: 17 Jul 2015
കാസര്‍കോട്: തെരുവില്‍പോലും ഒരാളും പട്ടിണി കിടക്കാതിരിക്കാന്‍ പെരുന്നാളിന്റെ പുണ്യദിനത്തില്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവര്‍ത്തകര്‍ അന്നപ്പൊതിയുമായി വരുന്നു. സുമനസ്സുകളില്‍നിന്ന് ശേഖരിച്ച ഭക്ഷണപ്പൊതിയുമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവര്‍ത്തകരാണ് എത്തുക. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറയ്ക്കുന്നവന്‍ നമ്മില്‍പ്പെടുന്നവനല്ല എന്ന നബിവചനവുമായി ഇവര്‍ തെരുവിലേക്കിറങ്ങുമ്പോള്‍ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ പുതുവസ്ത്രമാണ് നല്‍കുക.പെരുന്നാള്‍ ആഘോഷിക്കുന്ന വീടുകളില്‍നിന്ന് ഒരു പൊതിച്ചോറ് നേരിട്ടുചെന്ന് ശേഖരിച്ചാണ് തെരുവില്‍കഴിയുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുക്കുക. കാസര്‍കോട് മുതല്‍ കണ്ണൂര്‍വരെ പ്രധാന ടൗണുകളിലാവും അന്നപ്പൊതി വിതരണം. രാവിലെ 11 മണി മുതല്‍ ജില്ലകളുടെ ഇരുഭാഗത്തുനിന്നും ഭക്ഷണപ്പൊതിയുമായി വാഹനത്തില്‍ പ്രവര്‍ത്തകര്‍ എത്തും. പെരുന്നാള്‍ ദിനത്തില്‍ റെയില്‍വേസ്റ്റേഷനിലും മറ്റും എത്തിപ്പെടുന്നവര്‍ക്ക് ഒരു പൊതി നല്‍കാനും പരിപാടിയുണ്ട്. എല്ലാ ഞായറാഴ്ചകളിലും കാഞ്ഞങ്ങാട്ടും കണ്ണൂരും പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി നല്‍കുന്നുണ്ട്.
കേരളത്തിലെ രക്തദാന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമാണ് ബ്ലഡ് ഡോണേഴ്‌സ് കേരള. രണ്ട് അധ്യാപകരാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മുന്നാട് പീപ്പിള്‍സ് കോളേജിലെ സനല്‍ലാലും പഴയങ്ങാടിയിലെ ഉണ്ണി പുത്തൂരും. വിനേഷ് ചീമേനി, വിനൂപ്, പ്രകാശന്‍, സുനേഷ്, ശ്രീജിത് എന്നിവര്‍ കാസര്‍കോട് ജില്ലയില്‍ കോ ഓര്‍ഡിനേറ്റര്‍മാരാണ്. നൗഷാദ് ബയക്കാല്‍, എം.എസ്.കോയിപ്ര, സജി, ശ്രീനാഥ്, തന്‍വീര്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയില്‍ നേതൃത്വം നല്കുന്നു. പെരുന്നാള്‍ദിനത്തില്‍ ഒരാളും പട്ടിണികിടക്കരുത് എന്ന പ്രാര്‍ഥനയോടെ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനും ഒരു പൊതിച്ചോര്‍ മാറ്റിവെക്കാനും നിങ്ങള്‍ തയ്യാറാണെങ്കില്‍ ഇവരെ ബന്ധപ്പെടുക. ഫോണ്‍: 9400730009, 9744633458 (കാസര്‍കോട്), 9846299155, 9895643445, 9961112822 (കണ്ണൂര്‍).





