
പെരിങ്ങത്തൂര്‍ സ്‌കൂളിന് പോലീസിന്റെ പുസ്തകം
Posted on: 16 Jul 2015
പെരിങ്ങത്തൂര്‍: ബുധനാഴ്ച അയ്യായിരം രൂപയുടെ പുസ്തകങ്ങളുമായാണ് ചൊക്‌ളി പോലീസ് പെരിങ്ങത്തൂര്‍ എം.എല്‍.പി. സ്‌കൂളിലെത്തിയത്. പാഠപുസ്തകങ്ങളല്ല, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കഥകളും കവിതകളും ബാലസാഹിത്യവുമായിരുന്നു അവയെല്ലാം. പോലീസിന്റെ കൈയില്‍ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ആവേശം. സ്‌കൂള്‍ ലൈബ്രറിയിലേക്കായിരുന്നു പോലീസുകാരുടെ സംഭാവന. കൂടുതല്‍ പുസ്തകങ്ങള്‍ പിന്നീട് വരുമെന്നും പോലീസ് സ്‌കൂള്‍അധികൃതരെ അറിയിച്ചു.എസ്.ഐ. പി.വി.ദിവാകരന്‍, ജൂനിയര്‍ എസ്.ഐ. ഫിറോസ് എന്നിവര്‍ പുസ്തകങ്ങള്‍ പ്രഥമാധ്യാപകന്‍ ബിജോയിക്ക് കൈമാറി. ചൊക്‌ളി എ.ഇ.ഒ. കെ.പുരുഷോത്തമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഒ.പി.മെഹബൂബ് അധ്യക്ഷനായിരുന്നു. ഐ.നാണുവിന്റെ ഓര്‍മയ്ക്ക് ഭാര്യ സരോജിനിയും വ്യാപാരി വ്യവസായി സമിതിക്കുവേണ്ടി കെ.ആര്‍.രാജനും പുസ്തകങ്ങള്‍ നല്കി. കുറുവാളി മമ്മു ഹാജി, കെ.പി.മുഹമ്മദ് സാദിഖ്, സയീറ എന്നിവര്‍ സംസാരിച്ചു.





