goodnews head

വയനാട്ടില്‍ ഉയരുന്നത് സമഗ്രമായ വൈദ്യശാസ്ത്രസമുച്ചയം

Posted on: 11 Jul 2015


ചികിത്സമാത്രം നടത്തുന്ന വെറുമൊരു മെഡിക്കല്‍ കോളേജല്ല വയനാട്ടില്‍ ഉയരാന്‍പോകുന്നത്, മറിച്ച് സമഗ്രമായ വൈദ്യശാസ്ത്രസമുച്ചയമാണ്. ആധുനികമായ ചികിത്സയും വൈദ്യശാസ്ത്രപഠനവും ഗവേഷണവും ഇവിടെ സംഗമിക്കും.
മൂന്ന് ഘട്ടങ്ങളായാണ് ജിനചന്ദ്രന്‍ സ്മാരക മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ 300 കിടക്കകളുള്ള ആസ്പത്രിയുടെ പണിയാണ് നടക്കുക. 200 കോടിയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്. രണ്ടരവര്‍ഷമെടുക്കും ഇതിന്റെ പണിപൂര്‍ത്തിയാവാന്‍.

രണ്ടാംഘട്ടത്തില്‍ പി.ജി. പഠനത്തിനുള്ള സൗകര്യങ്ങളും മൂന്നാംഘട്ടത്തില്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും പ്രവര്‍ത്തനസജ്ജമാകും. കോണ്‍ക്രീറ്റിന് പകരം സ്റ്റീല്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം നടത്തുക. ഇതിനാവശ്യമായ സാങ്കേതികവിദ്യയും വിദഗ്ധരെയും പൊതുമരാമത്ത് വകുപ്പ് സംയോജിപ്പിക്കും. ആസ്പത്രിയും അക്കാദമിക് വിഭാഗവും തമ്മില്‍ വേര്‍തിരിക്കുന്നതുകൊണ്ട് രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസമനുഭവപ്പെടില്ല എന്നത് ഒരു പ്രത്യേകതയാണ്.

വയനാടിനെ വിഷമിപ്പിക്കുന്ന കുരങ്ങുപനി, കാന്‍സര്‍, അരിവാള്‍ രോഗം തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സാവിഭാഗവും ഗവേഷണസൗകര്യങ്ങളും ഇവിടെയുണ്ടാവും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സര്‍വകലാശാലകളുമായി ധാരണയിലെത്തി ചികിത്സയ്ക്കും ഗവേഷണത്തിനുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്‌കരണവും മെഡിക്കല്‍ കോളേജിന്റെ കര്‍മപദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം മെഡിക്കല്‍ കോളേജിന് 25 ഏക്കര്‍ ഭൂമിയും 20 ശതമാനം ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യവും മതിയെന്നാണ്. എന്നാല്‍, ജിനചന്ദ്രന്‍ സ്മാരക മെഡിക്കല്‍ കോളേജിന് 50 ഏക്കര്‍ ഭൂമിയും 80 ശതമാനം ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ടാകും. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മതിപ്പുചെലവ് 900 കോടി രൂപയാണ്.

തുല്യതയില്ലാത്ത ത്യാഗം


ശ്രീകാന്ത് കോട്ടക്കല്‍


പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ബാരിസ്റ്ററായതിനുശേഷം സജീവമായി പങ്കെടുത്ത മദിരാശി കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലബാറില്‍നിന്നു പങ്കെടുത്തവരില്‍ രണ്ടു വയനാട്ടുകാരുമുണ്ടായിരുന്നു. മണിയങ്കോട് കൃഷ്ണഗൗഡരും എം.എ.ധര്‍മരാജയ്യരും. വയനാട്ടില്‍നിന്ന് സമ്മേളനത്തിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളായിരുന്നു അവര്‍. കോണ്‍ഗ്രസ് സമ്മേളനത്തില്‍ മുഴുവന്‍സമയവും പങ്കെടുത്ത അവര്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആ മഹാപ്രസ്ഥാനത്തിന്റെ പ്രധാന പ്രകാശസ്തംഭങ്ങളെ നേരില്‍ക്കണ്ടു.

മഹാത്മാഗാന്ധി, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, നെഹ്രു, സി.രാജഗോപാലാചാരി... മുമ്പുതന്നെ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരുമായ അവര്‍ കൂടുതല്‍ ഗാന്ധിഭക്തരായും ജീവിതം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു സമര്‍പ്പിച്ചുമാണ് തിരിച്ചു വയനാട്ടിലെത്തിയത്. പിന്നീട് 1929ല്‍ തിരുനാവാ മണപ്പുറത്ത് പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ അധ്യക്ഷതയില്‍ ഹിന്ദുസമുദായത്തിലെ ജീര്‍ണതകളെ തുടച്ചുമാറ്റാനായിച്ചേര്‍ന്ന മഹാസമ്മേളനത്തിലെയും പ്രധാനിയായിരുന്നു കൃഷ്ണഗൗഡര്‍.

അടിയുറച്ച ഗാന്ധിഭക്തനായ കൃഷ്ണഗൗഡര്‍ ആദിവാസികളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയായിരുന്നു. പണിയരെയും കുറിച്യരെയും ഒന്നിച്ചിരുത്തി പന്തിഭോജനംനടത്തിയ അദ്ദേഹം 'വയനാടന്‍ ഗാന്ധി' എന്നു വിളിക്കപ്പെടുകയുംചെയ്തു. ദേശീയപ്രസ്ഥാനത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും കേരളത്തില്‍ വളര്‍ത്തിയെടുത്ത 'മാതൃഭൂമി' ഒരിക്കല്‍ സാമ്പത്തികവിഷമത്തിലകപ്പെട്ടപ്പോള്‍ വലിയൊരു തുകനല്‍കി സഹായിച്ചതും കൃഷ്ണഗൗഡരായിരുന്നു. മൊയാരത്ത് ശങ്കരനും മൊയ്തുമൗലവിയും എ.കെ.ജി.യുമടക്കമുള്ളവര്‍ കൃഷ്ണഗൗഡരുടെ ഇത്തരം പ്രവൃത്തികളെ അകമഴിഞ്ഞ് പ്രകീര്‍ത്തിച്ചിട്ടുണ്ട്.

1934 ജനവരി 14ന് മഹാത്മാഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഭാഗ്യം കൃഷ്ണഗൗഡര്‍ക്കുണ്ടായില്ല. അപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. എന്നാല്‍, കല്പറ്റയില്‍ അദ്ദേഹം നിര്‍മിച്ച ജൈനക്ഷേത്രപരിസരത്തുള്ള ഒരു കെട്ടിടത്തിലാണ് ഗാന്ധിജി വിശ്രമിച്ചത്. (അതിപ്പോള്‍ ഗാന്ധിജിയുടെ ഓര്‍മകള്‍നിറഞ്ഞ ഒരു മ്യൂസിയമാണ്.) അന്ന് മഹാത്മാഗാന്ധിയെ ദൂരെനിന്നു നോക്കിനിന്നവരില്‍ കൃഷ്ണഗൗഡരുടെ രണ്ടു മക്കളുമുണ്ടായിരുന്നു; എം.കെ.ജിനചന്ദ്രനും എം.കെ.പത്മപ്രഭയും. ജിനചന്ദ്രനിലും പത്മപ്രഭയിലും ഗാന്ധിദര്‍ശനം സമരത്തിന്റെയും സേവനത്തിന്റെയും ആഴത്തിലുള്ള മുദ്രകള്‍ പതിപ്പിച്ചു. പത്മപ്രഭ ഗാന്ധിജിയെ മറക്കാതെയും തള്ളിപ്പറയാതെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെവഴിയേ പോയെങ്കിലും ജിനചന്ദ്രന്‍ കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചുനിന്നു.

അക്കാലത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയെന്നാല്‍ നാടിനുവേണ്ടി ജീവിക്കുകയെന്നായിരുന്നു അര്‍ഥം. ജിനചന്ദ്രന്‍ തിരഞ്ഞെടുത്ത വഴിയും അതായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം വിവിധ സാമൂഹികസ്ഥാനങ്ങളിലും രാഷ്ട്രീയസ്ഥാനങ്ങളിലുമെത്തുകയുംചെയ്തു. സെന്‍ട്രല്‍ അസംബ്ലിയില്‍ മലബാര്‍ദക്ഷിണകാനറ നിയോജകമണ്ഡലത്തിലെ ജന്മിമാരുടെ പ്രതിനിധി, തലശ്ശേരിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷനായ കോണ്‍ഗ്രസ് പാര്‍ലമെന്ററി എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗം, നെഹ്രു അധ്യക്ഷനായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ വിപ്പ്, കെ.പി.സി.സി. ട്രഷറര്‍, കേരള ആദിമജാതിസേവാസംഘത്തിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍, നിരവധി പ്രവര്‍ത്തനങ്ങള്‍. ഇവയിലൂടെയെല്ലാം അദ്ദേഹം തന്റെ പൊതുപ്രവര്‍ത്തനമികവ് തെളിയിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന കീഴരിയൂര്‍ ബോംബ് കേസില്‍ സഹോദരന്‍ പത്മപ്രഭയും ജിനചന്ദ്രനും വിപ്ലവകാരികള്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു.

വയനാട് അക്കാലത്ത് കേരളത്തിലെതന്നെ ഏറ്റവും പിന്നാക്കമായ ഒരു മലയോരഭൂപ്രദേശമായിരുന്നു. എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, പ്രകൃതിയോടു മല്ലടിച്ച് പുലരേണ്ട ജീവിതസാഹചര്യങ്ങള്‍, മാരകരോഗങ്ങള്‍ എന്നിവ അന്നത്തെ വയനാടിനെ കുപ്രസിദ്ധമാക്കി. വയനാട്ടിലേക്കു പോയാല്‍ തിരിച്ചുവന്നാലായി എന്നതായിരുന്നു അവസ്ഥ. മാത്രമല്ല പരിഷ്‌കൃതരായ ഒരു സമൂഹത്തിന് അത്യാവശ്യംവേണ്ട ഒന്നും അക്കാലത്തെ വയനാട്ടിലുണ്ടായിരുന്നില്ല; വിദ്യാഭ്യാസസൗകര്യം, തൊഴില്‍സാധ്യത, ആരോഗ്യപരിരക്ഷാസൗകര്യങ്ങള്‍, ഒഴിവുസമയവിനോദോപാധികള്‍ എന്നിവയൊന്നും. ചുരംകയറി ഇവയെല്ലാം എന്നെങ്കിലും വരുമെന്ന് വയനാട്ടുകാര്‍ വിശ്വസിച്ചതുമില്ല.

ഇതുകൊണ്ടൊക്കെത്തന്നെ, കോണ്‍ഗ്രസ് പ്രവര്‍ത്തനവും സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളും നടത്തുന്ന സമയത്തുതന്നെ ജിനചന്ദ്രന്റെ കണ്ണിലും മനസ്സിലും വയനാടിന്റെ വികസനത്തെക്കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം സമൂഹത്തിന്റെ സ്വയംപര്യാപ്തതയും അദ്ദേഹത്തിന്റെ കര്‍മപദ്ധതിയിലുണ്ടായിരുന്നു. ജിനചന്ദ്രന്റെ ജീവിതത്തിലെ തുടര്‍പ്രവൃത്തികള്‍ അതിനുള്ള തെളിവുകളാണ്. അക്ഷരമാണ് വയനാടിന്റെ ഇരുട്ടിനെ ഭേദിക്കാനുള്ള ആദ്യപ്രകാശമെന്നു മനസ്സിലാക്കിയ അദ്ദേഹം 1944ല്‍ കല്പറ്റയിലെ പുളിയാര്‍മല ജൈനക്ഷേത്രപരിസരത്ത് താത്കാലികമായി കെട്ടിമറച്ച ഒരു ഓലപ്പുരയില്‍, 76 വിദ്യാര്‍ഥികളുമായി വയനാട് ഹൈസ്‌കൂള്‍ ആരംഭിച്ചു. ആദ്യത്തെ ലോക്‌സഭാ സ്പീക്കറായ ജി.വി.മാവ്‌ലങ്കറാണ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അതാണിന്ന് 18 ഏക്കര്‍ സ്ഥലത്ത് വയനാടിന്റെ വിദ്യാദേവതയായി വിളങ്ങുന്ന സുബ്ബകൃഷ്ണ മെമ്മോറിയല്‍ ജൈന്‍ സ്‌കൂള്‍ എന്ന എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇന്നുമിവിടെ അധ്യാപകനിയമനങ്ങള്‍ക്കോ മറ്റു നിയമനങ്ങള്‍ക്കോ ഒരുപൈസയും വാങ്ങാറില്ല. വിത്തമല്ല, വിദ്യയാണു പ്രധാനമെന്ന് പ്രവൃത്തിയിലൂടെ ഈ സ്‌കൂള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനുപുറമെ സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുമായി സഹകരിച്ച് സെര്‍വ് ഇന്ത്യാ ആദിവാസി ലോവര്‍ െ്രെപമറി സ്‌കൂളുകള്‍ തുടങ്ങിയതും ജിനചന്ദ്രനാണ്. പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടി കാളവണ്ടിയില്‍ ചുരമിറങ്ങി കോഴിക്കോട്ടുപോകണം എന്ന വയനാട്ടുകാരുടെ അവസ്ഥ അതോടെ ഒരുപരിധിവരെ മാറി. സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും തുടര്‍ന്ന് പഠിക്കാനും ജീവിതത്തെക്കുറിച്ച് സ്വപ്നം കാണാനും സാധിക്കുമെന്നായി. ഇന്ന് വയനാട്ടിലുമുണ്ട് റാങ്കും വലിയ വിജയങ്ങളുമൊക്കെ. ദീര്‍ഘവീക്ഷണത്തോടെയുള്ള ജിനചന്ദ്രന്റെ അന്നത്തെ പ്രവര്‍ത്തനമാണ് ഇതിന് ആദ്യകാരണമെന്ന് ഇന്നു പലരും തിരിച്ചറിയുന്നു. അച്ഛനെപ്പോലെതന്നെ ജിനചന്ദ്രനും 'മാതൃഭൂമി'യുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകയും ഏറെക്കാലം അതിന്റെ ഡയറക്ടറായിരിക്കുകയുംചെയ്തു.

വിദ്യയുടെ കാര്യത്തില്‍ ഏറെക്കുറെ സ്വയംപര്യാപ്തമായപ്പോഴും മനുഷ്യജീവന് ഏറെ പ്രധാനമായ വൈദ്യത്തിന്റെ കാര്യത്തില്‍ വയനാട് പ്രാകൃതാവസ്ഥയില്‍ത്തന്നെ തുടര്‍ന്നു. മാറാരോഗങ്ങള്‍ വന്ന് മനുഷ്യര്‍ മരിക്കുന്നതു തടയാന്‍ സാധിച്ചില്ല. ആദിവാസികളടക്കമുള്ള സാധാരണക്കാരായ മനുഷ്യര്‍ മാറാരോഗങ്ങള്‍ക്കും മഹാരോഗങ്ങള്‍ക്കുംമുന്നില്‍ പകച്ചുനിന്നു. ഡോക്ടറെക്കാണണമെങ്കില്‍ ഏറെക്കിലോമീറ്ററുകള്‍താണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയെയോ കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ ചികിത്സാകേന്ദ്രങ്ങളെയോ ആശ്രയിക്കുകയേ വഴിയുള്ളൂ എന്ന അവസ്ഥ നിലനിന്നു.

അടിയന്തരചികിത്സവേണ്ട ഒരാള്‍ക്കും അതു നല്‍കാന്‍ വയനാടിനു സാധിക്കാറില്ല. രോഗിയെയുംകൊണ്ട് ചുരംവഴി കോഴിക്കോട്ടെത്തുകയെന്നത് മിക്കപ്പോഴും രോഗിയുടെ മരണത്തിലേക്കുള്ള യാത്രതന്നെയായിമാറുകയാണു പതിവ്. ഇങ്ങനെ എത്രയോപേര്‍ വയനാട്ടില്‍ നിസ്സഹായരായി ജീവിതത്തോടു വിടപറഞ്ഞിരിക്കുന്നു! മനുഷ്യനെന്നനിലയില്‍ തനിക്കു ലഭിക്കേണ്ട വൈദ്യശാസ്ത്രത്തിന്റെ കാരുണ്യം തന്റേതല്ലാത്ത കാരണത്താല്‍ നിഷേധിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം. കാലത്തിനു വേഗമേറിയപ്പോള്‍ വാഹനാപകടങ്ങളും മരണദൂതരായെത്തി. അപ്പോഴും അടിയന്തരചികിത്സാസൗകര്യങ്ങളില്ലാതെ വയനാട് പലപ്പോഴും മരണത്തിന്റെ മടിയിലേക്ക് നിസ്സഹായമായി വീണു. ഇതിനെല്ലാം പുറമേ പ്രദേശത്തിന്റെ പ്രത്യേകതകള്‍കൊണ്ടു വരുന്ന അരിവാള്‍രോഗം, കുരങ്ങുപനി എന്നിവയും ഈ നാടിനെ നിരന്തരമായി ആക്രമിച്ചുതുടങ്ങി. വര്‍ഷങ്ങളായി മാറാരോഗങ്ങളായിരുന്നു വയനാടിന്റെ ശാപമെങ്കില്‍ പിന്നീടുള്ളകാലത്ത് അത് പലപല രോഗങ്ങളും അപകടങ്ങളുമായി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പുമാര്‍ അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന നെഹ്രുവിനൊപ്പം എം.കെ. ജിനചന്ദ്രന്‍ നെഹ്രുവിനു തൊട്ടുപിന്നില്‍


വയനാട്ടില്‍ ഒരു വലിയ ആസ്പത്രിയെന്നത് ഒരു അടിയന്തരാവശ്യമായതങ്ങനെയാണ്. വെറും ആസ്പത്രിയായിരുന്നില്ല വയനാടിനാവശ്യം. മറിച്ച്, ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കു സമീപിക്കാവുന്ന ഒരു ആതുരശുശ്രൂഷാകേന്ദ്രമായിരുന്നു വേണ്ടത്. രോഗത്തെക്കാള്‍ ബില്ലിനെ പേടിക്കേണ്ട അവസ്ഥവരാത്ത ഒരിടം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന തീരുമാനത്തില്‍ എല്ലാവരുമെത്തിയതും അതുകൊണ്ടുതന്നെ. എത്രയോകാലമായി ഇത് ആലോചനകള്‍ മാത്രമായിത്തുടര്‍ന്നു. പിന്നെയും കുറെക്കാലം ചുവപ്പുനാടകളില്‍ക്കുരുങ്ങി. ഇതിനിടെ പല സ്വകാര്യസംരംഭകരും ലാഭക്കൊതിയോടെ ഈ മേഖലയില്‍ വലവിരിച്ചു. കക്ഷികളും തത്പരകക്ഷികളുമുണ്ടായി. മെഡിക്കല്‍ കോളേജ് മുടങ്ങിത്തന്നെകിടന്നു.

ഈ അവസരത്തിലാണ് വയനാട്ടിലെ എം.എല്‍.എ.മാര്‍ ഒരു മെഡിക്കല്‍ കോളേജ് വേണം എന്ന് സര്‍ക്കാറിനോട് ശക്തമായി ആവശ്യപ്പെടുന്നത്. എന്നാല്‍, സ്ഥലമായിരുന്നു സര്‍ക്കാറിനുമുന്നിലെ പ്രധാന പ്രശ്‌നം. കല്പറ്റ എം.എല്‍.എ. എം.വി. ശ്രേയാംസ്‌കുമാറിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട പ്രധാനകാര്യവും ഇതുതന്നെയായിരുന്നു; സ്ഥലം കിട്ടിയാല്‍ മെഡിക്കല്‍ കോളേജ് തുടങ്ങാം. വയനാടിനെപ്പോലെയുള്ള കണ്ണായഭൂമിയില്‍ സ്ഥലംലഭിക്കുകയെന്നത് എളുപ്പമായ കാര്യമായിരുന്നില്ല. ഒടുവില്‍ ഇത്തവണയും ജിനചന്ദ്രന്റെ സ്പര്‍ശം വിദ്യയിലെന്നതുപോലെ വൈദ്യത്തിലും വയനാടിനു സഹായമായെത്തി. ജിനചന്ദ്രന്റെ മകനും 'ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ പ്രസിഡന്റുമായ എം.ജെ.വിജയപത്മന്റെ മുന്നില്‍ പ്രശ്‌നത്തിന്റെ സങ്കീര്‍ണത അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ പൗത്രന്‍കൂടിയായ ശ്രേയാംസ്‌കുമാര്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജിനായി വയനാട് കോട്ടത്തറ മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 50 ഏക്കര്‍ കാപ്പിത്തോട്ടം അദ്ദേഹം സര്‍ക്കാറിന് സൗജന്യമായി നല്‍കുന്നത്. ഇതിനുമുമ്പ് പുളിയാര്‍മല ഗവണ്‍മെന്റ് ഐ.ടി.ഐ.ക്ക് മൂന്നേക്കറും വയനാട് ജില്ലാ സ്‌റ്റേഡിയത്തിന് എട്ടേക്കറും വൃദ്ധസദനത്തിന് ഒന്നരയേക്കറും സ്വന്തം സ്ഥലം സൗജന്യമായി നല്‍കിയ അദ്ദേഹം ഈ പ്രവൃത്തിയിലൂടെ ആഗ്രഹിച്ചത് ഒന്നുമാത്രമായിരുന്നു; അച്ഛന്‍ സ്വപ്നംകാണുകയും തുടങ്ങിവെയ്ക്കുകയുംചെയ്ത വയനാടിന്റെ വികസനം തന്നാലാവുംപോലെ തുടരുക.
ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.ജെ.വിജയപത്മന്‍

വയനാട്ടില്‍ പാവങ്ങള്‍ക്കു സമീപിക്കാവുന്ന ഒരു ആസ്പത്രി വരികയെന്നതും ജിനചന്ദ്രന്റെ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നമായിരുന്നു. വില്‍പ്പനയ്ക്കുവെച്ചാല്‍ കോടിക്കണക്കിനു രൂപകിട്ടുന്ന വയനാടന്‍ മണ്ണാണ് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് തീര്‍ത്തും സൗജന്യമായി നല്‍കിയത്. പകരം രണ്ടുകാര്യങ്ങള്‍മാത്രമേ ട്രസ്റ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടുള്ളൂ: കോളേജിന് എം.കെ.ജിനചന്ദ്രന്റെ പേരുനല്‍കണം, പിന്നെ, വയനാട് ജില്ലയിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന, ദാരിദ്ര്യരേഖയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ചുസീറ്റുകള്‍ എല്ലാവര്‍ഷവും മെറിറ്റ് വിഭാഗത്തില്‍ സൗജന്യമായി സംവരണംചെയ്യണം. അത് സര്‍ക്കാര്‍ സമ്മതിച്ചു. ബജറ്റില്‍ മെഡിക്കല്‍ കോളേജിനായി തുക വകയിരുത്തിയ അതേദിവസംതന്നെ അമ്പതേക്കര്‍ കാപ്പിത്തോട്ടം ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സര്‍ക്കാറിനു കൈമാറി. മുഖ്യമന്ത്രി ചോദിച്ച സ്ഥലം ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. സ്വന്തം രക്തബന്ധത്തില്‍നിന്നുതന്നെ സംഘടിപ്പിച്ചുനല്‍കിയപ്പോള്‍ കേരളത്തിലെ വികസനത്തിന് അത് അപൂര്‍വമായ മാതൃകയായി.

മുഖ്യമന്ത്രിക്കുപുറമെ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരും സദുദ്ദേശ്യത്തിന് കൂടെനിന്നു. വയനാടിന്റെ മുന്‍ എം.പി.യും എഴുത്തുകാരനുമായ എം.പി.വീരേന്ദ്രകുമാര്‍ എന്നത്തെയുംപോലെ മെഡിക്കല്‍ കോളേജ് എന്ന വലിയ ആവശ്യത്തിനുവേണ്ടി ഏറെ അധ്വാനിച്ചു.

ഒപ്പം വയനാട്ടില്‍നിന്നുള്ള മന്ത്രിയായ പി.കെ.ജയലക്ഷ്മി, എം.പി. എം.ഐ.ഷാനവാസ്, എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍, സാമൂഹികസാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നിവരും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പെരുമാറി. ഇടയ്ക്കു ചില അപസ്വരങ്ങളുണ്ടായെങ്കിലും ഉദ്ദേശ്യശുദ്ധിക്കുമുന്നില്‍ അവയെല്ലാം ഉരുകിപ്പോകുകയാണുണ്ടായത്.

വീടിനകത്തിരുന്ന് ചുറ്റുപാടുമുള്ള ലോകത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവരാണ് മലയാളികളിലധികവും. സ്വന്തം വീട്ടിലേക്കുള്ള റോഡിനുപോലും സൂചികുത്താനുള്ള സ്ഥലം നാം പകുത്തുനല്‍കാറില്ല. അപൂര്‍വംചിലര്‍ മാത്രമേ ഇതിനപവാദമായിട്ടുള്ളൂ. ഈയൊരു പശ്ചാത്തലത്തിലാണ് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് അമ്പതേക്കര്‍ ലാഭംവിളയുന്ന കാപ്പിത്തോട്ടം സാധാരണ മനുഷ്യന്റെ അടിയന്തരജീവിതാവശ്യത്തിനായി നല്‍കിയതിനെ കാണേണ്ടത്. തുല്യതയില്ലാത്ത ത്യാഗമെന്ന് ഇതിനെ വിളിക്കേണ്ടിവരുന്നതും ഇതുകൊണ്ടുതന്നെ. ഈ ത്യാഗത്തിന്റെ വിശാലഹൃദയമായിരിക്കും എല്ലാക്കാലവും വയനാട് മെഡിക്കല്‍ കോളേജിന്റെ നെഞ്ചില്‍ മിടിക്കുക.

ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഭൂമിയിലുയരുന്ന ജിനചന്ദ്രന്‍ സ്മാരക മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടപ്പെടുമ്പോള്‍ അത് വെറുമൊരു ചടങ്ങുമാത്രമാവാതെ ഒരു സംസ്‌കാരത്തിന്റെ തുടര്‍ച്ചകൂടിയാവുകയാണ്. എം.കെ.കൃഷ്ണഗൗഡരില്‍ത്തുടങ്ങി ജിനചന്ദ്രനിലൂടെയും പത്മപ്രഭയിലൂടെയും ജിനചന്ദ്രന്റെ അകാലത്തില്‍ അന്തരിച്ച മകനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.ജെ.കൃഷ്ണമോഹനിലൂടെയും 'മാതൃഭൂമി'യുടെ മുഴുവന്‍സമയ ഡയറക്ടറായ സഹോദരന്‍ എം.ജെ.വിജയപത്മനിലൂടെയും തുടരുന്ന സംസ്‌കാരപൈതൃകം. നാടിന്റെ വികസനം വ്യക്തിയുടെകൂടി ഉത്തരവാദിത്വമാണെന്നതും അതിന് ലാഭേച്ഛയില്ലാത്ത സ്വാര്‍ഥത്യാഗം നിര്‍ബന്ധമാണെന്നതുമാണ് തിരിച്ചറിയപ്പെടേണ്ട ഈ സംസ്‌കാരം. ഇത് ഒരാള്‍ തുടങ്ങിയാല്‍മാത്രം പോരാ, പിന്‍തലമുറകള്‍ തുടരുകകൂടിവേണം. ഇത്തരമൊരു സന്ദേശത്തിന്റെ പ്രഭകൂടി പ്രസരിപ്പിക്കുന്നുണ്ട് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലത്തുയരാന്‍പോകുന്ന ഈ ആധുനിക ആതുരാലയം.




 

 




MathrubhumiMatrimonial