
അരവത്ത് പാടശേഖരം ഇനി കതിരണിയും
Posted on: 08 Jul 2015

പൊയിനാച്ചി: അരവത്ത്‌വയല്‍ ഇപ്രാവശ്യം കതിരണിയും. വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന ഈ വയലിനെ പച്ചപുതപ്പിക്കുന്നത് ജില്ലാ പഞ്ചായത്താണ്. പാട്ടത്തിനെടുത്ത് തരിശുഭൂമി കൃഷിവികസനപദ്ധതി പ്രകാരം അഞ്ചു ഹെക്ടറിലാണ് ഇവിടെ ഒന്നാംവിള നെല്‍കൃഷിയിറക്കുക.അരവത്ത് പാടശേഖരസമിതിയും പ്രദേശത്തെ മായ, സമൃദ്ധി, കതിര്‍മണി എന്നീ കുടുംബശ്രീ യൂണിറ്റുകളും ചേര്‍ന്നാണ് ഇതിന് കൈകോര്‍ക്കുന്നത്.
135 ഏക്കര്‍ വരുന്നതാണ് പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെ അരവത്ത് പാടശേഖരം. ബേക്കല്‍ അഴിമുഖത്തുനിന്ന് ഉപ്പുവെള്ളം കയറുന്നതാണ് ഈ പാടശേഖരത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നം. രണ്ടാംവിളയ്ക്ക് കര്‍ഷകര്‍ ഇവിടെ തുനിയാറേയില്ല.
കഴിഞ്ഞ സീസണില്‍ ഡോ. കെ.വനജയുടെ നേതൃത്വത്തില്‍ നടന്ന ഏഴോം ജൈവനെല്‍കൃഷി ഉപ്പുവെള്ളത്തില്‍നിന്നും തലയുയര്‍ത്തിനിന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ആ ആത്മവിശ്വാസവും ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായവുമായപ്പോള്‍ അവര്‍ പരീക്ഷണത്തിനൊരുങ്ങി. ഒരു ഹെക്ടറിന് മുപ്പതിനായിരം രൂപയാണ് ജില്ലാ പഞ്ചായത്ത് സഹായധനം.ഏഴോം, ജയ ഇനങ്ങളാണ് ഈ സീസണില്‍ ചെയ്യുന്നത്. രണ്ട് പദ്ധതികള്‍ നടപ്പാക്കിക്കിട്ടിയാല്‍ അരവത്ത് പാടശേഖരം സമൃദ്ധമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
മുക്കുണ്ട് പാലം മുതല്‍ പെരിയത്തുങ്കാല്‍ വരെ തോടിന്റെ പാര്‍ശ്വഭിത്തികെട്ടി വെള്ളം കയറുന്നത് തടയാന്‍ നബാര്‍ഡിന്റെ 1.80 കോടി രൂപയുടെ പദ്ധതിക്കായി അവര്‍ കാത്തിരിക്കുന്നു.
നിലവിലുള്ള മട്ടൈ, കൊളക്കച്ചിറ, മലാങ്കര ബണ്ടുകളുടെ ഷട്ടറുകള്‍ പുതുക്കിപ്പണിതാലും ചെറിയ ആശ്വാസമാകും. ഇതിന് രാഷ്ട്രീയ കൃഷിവികാസ് േയാജനപദ്ധതിയില്‍ രൂപരേഖ തയ്യാറാക്കി അനുമതിക്ക് അയച്ചിട്ടുണ്ട്.
ഉപ്പുവെള്ളം തടയാനാകുന്നതോടെ രണ്ടാംവിള 50 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.
ഒന്നാംവിളയുടെ ഞാറുനടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ചൊവ്വാഴ്ച നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എ.ജാസ്മിന്‍, അജയന്‍ പനയാല്‍, കെ.കരുണാകരന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗീത, പള്ളിക്കര കൃഷിഓഫീസര്‍ കെ.വേണുഗോപാലന്‍, അരവത്ത് പാടശേഖരസമിതി പ്രസിഡന്റ് അരവത്ത് കോരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





